Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂകമ്പം, സൂനാമി; കൂട്ടദുരന്തം ഇനിയും ഉണ്ടാകുമോ?

earthquake

ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം ദുരന്തങ്ങൾ ഭൂമിയെ വിഴുങ്ങും എന്നതാണ് അടുത്ത ലോകാവസാനത്തിനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഭൂകമ്പം, അതോടനുബന്ധിച്ചുള്ള സൂനാമി, അഗ്നിപർവതങ്ങൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കൽ തുടങ്ങിയവയെല്ലാം ഒരുമിച്ചു വന്നാൽ തീരാവുന്നതേയുള്ളൂ മനുഷ്യജീവിതം എന്നാണു പലരുടെയും പ്രവചനം. ഇക്കാര്യത്തിൽ പേടിപ്പിക്കാൻ വേണ്ടി ‘2010’ പോലെ ലോകാവസാനം വിഷയമാക്കിയ സിനിമകളും ഏറെ. എന്നാൽ പ്രകൃതിദുരന്തങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണം എന്ന വാദത്തെ തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. അതിനവർ കൃത്യമായ വിശദീകരണവും നൽകുന്നു. 

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജീവികളായ ദിനോസറുകളുടെ വംശം തന്നെ അറ്റുപോകാൻ‍ കാരണമായത് അത്തരമൊരു കൂട്ടദുരന്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ശ്വസിക്കാനോ വെള്ളത്തിലൊളിക്കാനോ പോലും സാധിക്കാതെ ഒന്നൊന്നായി ദിനോസറുകൾ മരിച്ചു വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അതിനു കാരണമായ പ്രകൃതിദുരന്തങ്ങളിലേക്കു നയിച്ചതാകട്ടെ 6.6 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ പതിച്ച ഉൽക്കയും അതിന്റെ ചുവടുപിടിച്ചുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളും. 

earthquake

ഇത്രയും കാലം കരയിലെ അഗ്നിപർവത സ്ഫോടനങ്ങളെപ്പറ്റിയായിരുന്നു ഗവേഷകരുടെ ചിന്ത. എന്നാൽ കരയിലുണ്ടായ അത്രയും തന്നെ ദുരന്തം കടലിലും അഗ്നിപർവതങ്ങൾ സൃഷ്ടിക്കുകയാണു ചെയ്തതെന്ന് പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു. കടലിനടിയിലെ അഗ്നിപർവതങ്ങളെല്ലാം കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇങ്ങനെ ഭൂമിയുടെ രണ്ടു വശങ്ങളിൽ നിന്നും ദുരന്തങ്ങൾ തുടരാക്രമണം നടത്തിയതോടെയാണ് ദിനോസർ വംശം അറ്റുപോയത്. പറക്കാൻ കഴിയുന്ന പക്ഷികളും ചില ജലജീവികളും മാത്രം ഈ ദുരന്തങ്ങളെ അതീജീവിച്ചു. ശേഷിച്ച ഭൂമിയിലെ 75 ശതമാനം വരുന്ന ജന്തുക്കളും സസ്യങ്ങളും ഉൽക്ക ആക്രമണത്തിലും അഗ്നിപർവത സ്ഫോടനത്തിലും ഇവയെത്തുടർന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിലും പെട്ട് എന്നന്നേക്കുമായി ഇല്ലാതായി.

6.6 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഉൽക്കാപതനത്തിലാണ് മെക്സിക്കോയിലെ ചിക്സ്‌ല്യൂബ് എന്ന കൂറ്റൻ വിള്ളൽ ഉണ്ടാകുന്നത്. 10–15 കിലോമീറ്റര്‍ വരെ വ്യാസമുണ്ടായിരുന്ന ആ ഉൽക്കയുടെ ആഘാതത്തിലാണ് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതും. എന്നാൽ അതിനും ആയിരക്കണക്കിനു വർഷം മുൻപേ തന്നെ, ഇന്ന് ഇന്ത്യയായിരിക്കുന്ന ഭാഗത്ത് ഒട്ടേറെ അഗ്നിപർവതങ്ങൾ തീതുപ്പിത്തുടങ്ങിയിരുന്നു. അഗ്നിപർവതങ്ങൾ സജീവമായിരുന്ന ‘ഡെക്കാൺ ട്രാപ്സ്’ മേഖലയിലായിരുന്നു ഈ സ്ഫോടനങ്ങൾ. അതുവഴിയുണ്ടായ പൊടിപടലങ്ങളും ലാവയുമെല്ലാം കാലാവസ്ഥയെ തകിടം മറിച്ചു. സൂര്യപ്രകാശം ഭൂമിയിലെത്താതെ പലയിടത്തും ഭൂമി തണുത്തുറഞ്ഞു. ഉൽക്കാപതനം പർവതങ്ങളുടെ പൊട്ടിത്തെറിക്ക് പിന്നെയും ആക്കം കൂട്ടി. 

ഇങ്ങനെ ഭൂമിയുടെ ഇരുവശത്തും ദുരന്തങ്ങൾ തുടരുന്നതിനിടെയാണ് സമുദ്രത്തിലും ജീവികൾക്ക് നിൽക്കക്കള്ളിയില്ലാതായത്. മെക്സിക്കോയിൽ വിള്ളലുണ്ടാക്കിയ ഉൽക്ക സൃഷ്ടിച്ച അലയൊലികൾ ആയിരക്കണക്കിനു കിലോമീറ്ററുകളോളം നീളത്തിൽ ടെക്ടോണിക് പ്ലേറ്റുകളെയാണു വിറകൊള്ളിച്ചത്. അതോടെ കടലിനടിയിലെ അഗ്നിപർവതങ്ങളും പൊട്ടിത്തെറിച്ച് തുടരെ ലാവ പുറംതള്ളാൻ തുടങ്ങി. 45 കോടി വർഷത്തിനിടയ്ക്ക് ഭൂമിയിലുണ്ടായ ഏറ്റവും ഭീകരൻ അഗ്നിപർവത സ്ഫോടനങ്ങൾക്കു തുല്യമായിരുന്നു കടലിലെയും ഈ പൊട്ടിത്തെറി. 

earthquake

കടലിന്നടിയിലെ പാറകളിൽ കഴിഞ്ഞ 10 കോടി വർഷത്തിനിടെയുണ്ടായ മാറ്റങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഇതു സംബന്ധിച്ച തെളിവുകൾ ഗവേഷകർക്കു ലഭിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും അടിത്തട്ടിൽ 650 അടി വരെ ഉയരമുള്ള പാറകളാണ് അഗ്നിപർവത സ്ഫോടനത്തിലൂടെ വന്നുചേർന്നത്. ഇവയുടെ പഴക്കവും 6.6 കോടി വർഷത്തോളമുണ്ടെന്നതും പഠനത്തിന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടുന്നു. മെസോസോയിക് യുഗത്തിന് അന്ത്യം കുറിച്ച ഈ ദുരന്തങ്ങൾ ഒരു ഓർമപ്പെടുത്തലാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഭൂമിയുടെ ഒരു ഭാഗത്തു സംഭവിക്കുന്ന ദുരന്തം എങ്ങനെയാണ് ലോകം മുഴുവൻ വ്യാപിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇക്കാലത്തും അതു സംഭവിച്ചേക്കാം. അത് മനുഷ്യകുലത്തെ തന്നെ ഇല്ലാതാക്കാൻ ശക്തവുമാണെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.