Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണക്കെട്ടിൽ നിറയെ ചെളിക്കെട്ട്

പാലക്കാട് പെരുമഴക്കാലത്ത് അണക്കെട്ടുകൾ നിറഞ്ഞപ്പോൾ കരുതി  ഇത്തവണ കൃഷിക്കു വെള്ളം സുഭിക്ഷമാകുമെന്ന്. എന്നാൽ കല്ലും മണ്ണും മണലും അടിഞ്ഞു കൂടി അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞതിനാൽ വെള്ളം തുറന്നുവിടേണ്ടിവന്നു. സുരക്ഷിത അളവിൽ നിർത്തണമെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമുള്ളതിനാലും ഷട്ടറുകൾ  തുറന്ന് വെള്ളം ഒഴുക്കിക്കളയേണ്ടിവന്നു.  അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതോടെ രണ്ടാം വിള കൃഷിക്ക് എത്ര ദിവസം വെള്ളം കിട്ടുമെന്നറിയില്ല. അണക്കെട്ടിൽ കെട്ടിക്കിടക്കുന്നവ നീക്കം ചെയ്താൽ മാത്രമേ കൂടുതൽ വെള്ളം സംഭരിക്കാൻ പറ്റു. ഇതിനായി കടലാസ് നടപടികളേ  നടക്കുന്നുള്ളു.

ഓരോ അണക്കെട്ടിന്റെയും അവസ്ഥ ഇങ്ങനെ

മംഗലം ഡാം

ചെറിയ അണക്കെട്ടാണ്. 25.48 ദശലക്ഷം ഘനമീറ്ററാണു സംഭരണ ശേഷി. അതിൽ അഞ്ചിലൊന്നു ഭാഗം മണ്ണും മണലും അടിഞ്ഞുകിടക്കുന്നു. അണക്കെട്ടിന്റെ മഴപ്രദേശത്തോടു ചേർന്ന മലകളിൽ  ഉരുൾപൊട്ടി ഒലിച്ചിറങ്ങിയ മണ്ണും കല്ലുമൊക്കെയാണു കെട്ടിക്കിടക്കുന്നത്. ഡാമുകളിൽ നിന്നു മണ്ണുവാരാനുള്ള പദ്ധതിക്കായി സംസ്ഥാനത്തു തിരഞ്ഞെടുത്ത അണക്കെട്ടാണിത്. വിശദമായ പദ്ധതി രേഖ തയാറാക്കി സർക്കാരിന്റെ അനുമതിക്കു കാത്തിരിക്കുകയാണ്.

കെട്ടിക്കിടക്കുന്നത് ഇവയൊക്കെ

ചെളി : 60%  മണൽ : 30 %  മറ്റു വസ്തുക്കൾ : 10 %

ചെളി വളമാകും, പാത്രവും ആകും

മംഗലം ഡാമിൽ നിന്ന് എടുക്കുന്ന വളക്കൂറുള്ള ചെളിയിൽ പകുതിയും  കൃഷിയിടങ്ങളിൽ ഉപയോഗിക്കാനാണ് ആലോചന. പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയ കൃഷിയിടങ്ങളിൽ വളക്കൂറുള്ള ഈ മണ്ണു നിക്ഷേപിക്കുന്നതു നല്ലതാണ്. അതിനു ശേഷം വരുന്ന ചെളി ഓടു വ്യവസായത്തിനും കളിമൺപാത്രനിർമാണത്തിനു വിനിയോഗിക്കും. മണൽ നിർമാണ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.

മലമ്പുഴ 

Malampuzha Dam

ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടിൽ നിന്നു മണലെടുക്കാനുള്ള പദ്ധതി നേരത്തേ വിവാദമായിരുന്നു.അണക്കെട്ടിന്റെ പൂർണ സംഭരണശേഷി 226 ദശലക്ഷം ഘനമീറ്റർ ജലമാണ്. 2015 ലെ പഠന പ്രകാരം ഡാമിൽ 28.26 ദശലക്ഷം ഘനമീറ്റർ സിൽട്ട് അടിഞ്ഞിട്ടുണ്ട്. പ്രളയം കഴിഞ്ഞതോടെ ഇത് 30 ദശലക്ഷം ഘനമീറ്ററിലേറെ ഉയർന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

കാഞ്ഞിരപ്പുഴ 

കാഞ്ഞിരപ്പുഴ ഡാമിലെ സംഭരണ ശേഷിയിൽ കാര്യമായ കുറവു വന്നിട്ടില്ല. പ്രളയ സമയത്ത് ഡാം അറ്റകുറ്റപ്പണിക്കായി തുറന്നു വിട്ടതിനാൽ കല്ലും മണ്ണും അടിയാനുള്ള സാഹചര്യം ഇല്ലായിരുന്നു. 

ചുള്ളിയാർ

ചുളളിയാർ അണക്കെട്ടിൽ കേരള എൻജിനീയറിങ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 1.13 ദശലക്ഷം ഘനമീറ്റർ ചെളിയുണ്ടെന്നാണു കണക്ക്. മണലെടുക്കുന്നതിനു സർക്കാർ ആദ്യഘട്ടത്തിൽ തീരുമാനിച്ച ഡാമുകളിലൊന്നാണിത്. 11.70 ദശലക്ഷം ഘനമീറ്ററാണു സംഭരണ ശേഷി.

മീങ്കര

11.3 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള മീങ്കരയിൽ  ഒരു ദശലക്ഷം ഘന മീറ്ററോളം ചെളിയുണ്ട്. 2016 ലെ കണക്കാണിത്. ഇപ്പോൾ  വർധിച്ചിട്ടുണ്ടാകും.

വാളയർ

വാളയാർ ഡാമിൽ നടത്തിയ പഠനത്തിൽ 1.43 ദശലക്ഷം ഘനമീറ്റർ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്നാണു കണക്ക്. അടുത്ത മാസം കേരള എൻജിനീയറിങ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനെത്തും.

പോത്തുണ്ടി 

നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടിയ കല്ലും മണലുമെല്ലാം പോത്തുണ്ടി ഡാമിൽ എത്തിയതിനാൽ സംഭരണ ശേഷി കുറഞ്ഞു. 0.83 ദശലക്ഷം ഘനമീറ്റർ ചെളിയുണ്ടെന്നാണു കണക്ക്.