Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തരീക്ഷ വായു മലിനീകരണം നേരിടാൻ; ശുദ്ധീകരണം

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം നേരിടാൻ പത്തുദിവസത്തെ വായു ശുദ്ധീകരണ യജ്ഞവുമായി കേന്ദ്രസർക്കാർ. ഡൽഹിയിലും രാജ്യതലസ്ഥാന മേഖലയിലെ നാലു നഗരങ്ങളിലുമാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 52 സംഘങ്ങളെ നിയോഗിച്ചു.ഡൽഹിക്കു പുറമെ ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നീ നഗരങ്ങളിലാണു കർമസേന രംഗത്തെത്തിയിരിക്കുന്നത്. സബ് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പരിസ്ഥിതി മന്ത്രാലയം, കോർപറേഷൻ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്.

ഇവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും മറ്റും നടത്തും. മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും മറ്റുമെതിരെ നടപടി സ്വീകരിക്കും. പൊടി സൃഷ്ടിക്കുന്ന നിർമാണപ്രവർത്തനങ്ങൾ  ഉൾപ്പെടെയുള്ളവ വിലക്കാനുള്ള അധികാരവും ഇവർക്കു നൽകിയിട്ടുണ്ട്.

യോഗത്തിന് എത്താതെ അയൽ സംസ്ഥാനങ്ങൾ

നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഗുരുതരമായ അവസ്ഥയിലാകുമ്പോഴും വിഷയം ഗൗരവമായെടുക്കാതെ വിവിധ സംസ്ഥാനങ്ങൾ. കേന്ദ്രമന്ത്രി ഹർഷവർധൻ വിളിച്ച അടിയന്തര യോഗത്തിൽ പങ്കെടുക്കാനെത്തിയതു ഡൽഹി പരിസ്ഥിതി മന്ത്രി കൈലാഷ് ഗലോട്ട് മാത്രം. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.നഗരത്തിലെ മലിനീകരണം നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണു കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ യോഗം വിളിച്ചത്. മന്ത്രിമാർക്കു പകരം ഉന്നത ഉദ്യോഗസ്ഥരെയാണ് അയൽ സംസ്ഥാനങ്ങളെല്ലാം അയച്ചത്. ഡൽഹി മന്ത്രി കൈലാഷ് ഗലോട്ട് പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അസാന്നിധ്യം ഏറെ ചർച്ചയായി.

delhi-air-pollution

ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചിരിക്കെ അന്തരീക്ഷ മലിനീകരണം ഇനിയും വർധിക്കുമെന്നാണു വിലയിരുത്തൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കലും വർധിച്ചിട്ടുണ്ട്. ഇന്നലെ നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക(എക്യുഐ) വീണ്ടും ഉയർന്നു 393ലെത്തി. അതായതു ഗുരുതര അവസ്ഥയ്ക്കു തൊട്ടടുത്ത്. കഴിഞ്ഞ ദിവസം ഇതു 363 ആയിരുന്നു.

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്

 Delhi Air Pollution

പടിഞ്ഞാറൻ യുപിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 10–ാം തീയതി വരെ വിലക്ക്. ഡൽഹിയോട് ചേർന്നു കിടക്കുന്നതും എൻസിആർ മേഖലയിൽ ഉൾപ്പെടുന്നതുമായ ജില്ലകളിലാണു നിരോധനം. കൽക്കരി ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായ ശാലകളോട് ഒരാഴ്ച അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.

ആസ്മ ബോധവൽക്കരണം

മലിനീകരണം ശക്തമായ സാഹചര്യത്തിൽ ആസ്മ ബോധവൽക്കരണവുമായി കേന്ദ്രസർക്കാർ. സ്കൂളുകൾക്കും മറ്റും മുൻകരുതൽ എടുക്കാനുള്ള നിർദേശങ്ങൾ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. വിദ്യാർഥികൾക്കും മറ്റും രോഗബാധ കണ്ടാൽ എന്തു നടപടി സ്വീകരിക്കണമെന്നും മറ്റുമാണ് ഇതിലുള്ളത്.

ശുദ്ധീകരണത്തിന് എഫ്ബി, ട്വിറ്റർ അക്കൗണ്ട്

മലിനീകരണ വിഷയങ്ങളിൽ പരാതി അറിയിക്കാൻ സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ച് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ്. ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകൾ വഴി പരാതികൾ അറിയിക്കാൻ അവസരമുണ്ടെന്നു ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.  പഴയ വാഹനങ്ങൾ നിരോധിച്ചുള്ള വിധി  മൂന്നു വർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിൽ സുപ്രീം കോടതി അമർഷം രേഖപ്പെടുത്തി. അതേസമയം 40 ലക്ഷത്തോളം വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കിയതായി ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.