Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലുണ്ടിയിൽ കണ്ടൽ മരങ്ങൾ ഉണങ്ങുന്നു

ശരിയായ പരിപാലനമില്ലാത്തതിനാൽ വള്ളിക്കുന്ന്–കടലുണ്ടി കമ്യൂണിറ്റി റിസർവിലെ കണ്ടൽ മരങ്ങൾ ഉണങ്ങുന്നതായി പരാതി. ഉണങ്ങിയ മരങ്ങൾ നീക്കം ചെയ്ത് തൽസ്ഥാനത്ത് കണ്ടൽച്ചെടികൾ നടുന്നതിന് നടപടികളായിട്ടില്ല. 150 ഏക്കറിലധികം വിസ്തൃതിയിലുള്ള കമ്യൂണിറ്റി റിസർവിൽ വിവിധ സ്ഥലങ്ങളിലായി ഒട്ടേറെ കണ്ടൽച്ചെടികൾ നശിക്കുന്നുണ്ട്. പുഴയിലെ രാസമാലിന്യങ്ങളാണ് ചെടികളുടെ നാശത്തിനിടയാക്കുന്നതെന്നാണ് കരുതുന്നത്. കൂടുതൽ പ്രദേശങ്ങളിൽ വിവിധയിനം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാൻ നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.

കണ്ടൽ?

mangrove

പണ്ട് പണ്ട്, മനുഷ്യൻ കായലുകൾ കയ്യേറാതിരുന്ന കാലത്ത്, കായലോ ചതുപ്പോ എന്ന വ്യത്യാസമില്ലാതെ മണ്ണിലേക്ക്  ആഴ്ന്നിറങ്ങിയ ഒരു കൂട്ടം വേരുകൾ ജീവന് ഒരു ജീവൻ രക്ഷാച്ചെടിയായിരുന്നു.‘കണ്ടൽ’ എന്നു വിളിപ്പേര്. അത്രയൊന്നും മനസ്സിലാക്കാതെ പോയ കാലത്ത് കണ്ടലിന് വലിയ കേടുപാടുകൾ പറ്റിയിരുന്നില്ല. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുതന്നെ പിഴുതെറിഞ്ഞപ്പോൾ മറുപടി ലഭിച്ചത് പ്രകൃതി ദുരന്തങ്ങളിലൂടെ. അന്ന് പഠിച്ച പാഠം ഇന്നും പരിപൂർണമായും മനഃപാഠമാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്ന് ലോകമെങ്ങും കണ്ടൽവനങ്ങൾ നിലനിൽപിനായുള്ള പെടാപ്പാടിലാണ്.

15 അടിയോളം ഉയരം. ഇലകൾക്ക് പ്ലാവിലയോടു സാമ്യം. ചെളിയിലും ചതുപ്പിലും വേരുകളാഴ്ന്നു പടർന്നു പന്തലിക്കുന്ന ഇവ നൽകുന്ന സംരക്ഷണം ചെറുതല്ല. മണ്ണിടിച്ചിൽ മുതൽ കടലാക്രമണം വരെയുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നു സംരക്ഷണം നൽകുകയും ജലജീവികൾക്കും പക്ഷി മൃഗാദികൾക്കും, പ്രത്യേകിച്ച് ദേശാടനപക്ഷികൾക്കു പ്രിയപ്പെട്ട ആവാസമേഖല ഒരുക്കുകയും ചെയ്യുന്ന കണ്ടൽചെടികളെ ഇന്നും പലരും നിസ്സാരവൽക്കരിച്ചുകളയുന്നു.

ഉപ്പു വെള്ളത്തെ ശുദ്ധജലമാക്കാനുള്ള കഴിവും കണ്ടലിനുണ്ട്. അതുപോലെ ഉപ്പു വെള്ളം കയറുന്നത് തടയാനും കണ്ടലുകൾക്ക് സാധിക്കും. വിദേശ സർവകലാശാലകളിൽ കണ്ടലിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ വരെ അവതരിപ്പിക്കുമ്പോളും, കേരളത്തിലെ കണ്ടൽക്കാടുകൾക്ക് അവഗണന മാത്രം.

കണ്ടൽവനങ്ങളുടെ നാട്

കണ്ടൽക്കാടുകളാൽ അനുഗ്രഹീത ഇടമാണു കണ്ണൂർ, കാസർകോട് ജില്ലകൾ. കേരളത്തിലെ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ 1000 ഹെക്ടറിനു മുകളിൽ കണ്ടൽക്കാടുകൾ വളരുന്ന ഇടമായ കണ്ണൂർ തന്നെയാണ് കേരളത്തിൽ‌ ഒന്നാമത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ഭൂമിയിലായതിനാൽ ഇവയുടെ പരിപാലനവും സംരക്ഷണവും തുലാസിലാണെന്നതിൽ സംശയമില്ല. പഴയങ്ങാടി, പാപ്പിനിശ്ശേരി, തലശ്ശേരി അടക്കമുളള ഇടങ്ങളിൽ ഇന്ന് വ്യാപകമായി കണ്ടൽക്കാടുകൾ നശിക്കുന്നു. സ്വകാര്യ ഭൂമിയിലായതിനാൽ ഇവ എത്ര മാത്രം നശിക്കുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഓർമിക്കാതെ വയ്യ

ലോകമെമ്പാടും കണ്ണൂരിലെ കണ്ടൽക്കാടുകളെ പരിചയപ്പെടുത്തിയത് കല്ലേൻ പൊക്കുടനാണ്. പഴയങ്ങാടി പുഴയോരത്ത് ഇന്ന് തലയുയർത്തി നിൽക്കുന്ന പല കണ്ടൽക്കാടുകളും പൊക്കുടന്റെ സംഭാവനയാണ്. കണ്ടൽക്കാടുകളെക്കുറിച്ച് പഠനങ്ങൾ ആരംഭിച്ച സമയത്തും കണ്ടലുകളെക്കുറിച്ചുള്ള ‘റഫറൻസിനായി’ വിദേശത്തു നിന്നും സ്വദേശത്തു നിന്നും നിരവധി ആളുകളാണ് കല്ലേൻ പൊക്കുടന്റെ അരികിലെത്തിയത്. ഇന്ന് ഓർമകളിൽ നിറയുമ്പോഴും, പൊക്കുടന്റെ സംഭാവനകളായ കണ്ടൽക്കാടുകൾ ഇന്നും തലയുയർത്തി നിൽക്കുന്നു, ആരെയും ഭയക്കാതെ.