Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ അന്തരീക്ഷ വായു നിലവാരം ഗുരുതരാവസ്ഥയിൽ

Delhi air pollution കനത്ത പുകമഞ്ഞ് മൂടിയ രാജ്പഥ്.

ന്യൂഡൽഹിയിൽ അന്തരീക്ഷ വായുനില ഗുരുതരാവസ്ഥയിൽ എത്തിയതിനു പിന്നാലെ അടിയന്തര നടപടികളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്ത്. പ്രത്യേക പരിശോധനകൾ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. തണുപ്പു വർധിക്കുകയും അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 413ലെത്തുകയും ചെയ്തതോടെ വരുന്ന 48 മണിക്കൂർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താനാണു നിർദേശം. സമാനസാഹചര്യം തുടർന്നാൽ മുൻനിശ്ചയിച്ചത് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും.

ചൊവ്വാഴ്ച 412 എന്ന നിലയിലായിരുന്നു എക്യുഐ. തിങ്കളാഴ്ചയാകട്ടെ ഇതു 415 എന്ന നിലയിലും. കാറ്റു കുറഞ്ഞതും തണുപ്പുകാലത്ത് പതിവായിരുന്ന മഴ എത്താത്തതുമാണു അന്തരീക്ഷത്തെ മോശമായി ബാധിക്കുന്നത്. അയൽ പ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ എന്നീ സ്ഥലങ്ങളിലാണ് സ്ഥിതി ഏറെ മോശം. ഇവിടെ എക്യുഐ 429 എന്ന നിലയിലാണ്. നഗരത്തിലെ 29 മേഖലകളിൽ ഗുരുതരാവസ്ഥ രേഖപ്പെടുത്തിയപ്പോൾ എട്ട് സ്ഥലങ്ങളിൽ വളരെ മോശം അവസ്ഥയിലാണ്. രോഹിണി, ബവാന, അശോക് വിഹാർ, വസിർപുർ എന്നീ മേഖലകളിലാണു ഗുരുതര അവസ്ഥ രേഖപ്പെടുത്തിയത്.

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 2.5ന്റെ നില 257ലെത്തിയപ്പോൾ പിഎം 10 ആകട്ടെ 423 എന്ന നിലയിലാണ്. താപനില കുറഞ്ഞതോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു വർധിച്ചു. ഇതു പുകമഞ്ഞിനു കാരണമാകുന്നുവെന്നും കാറ്റു കുറഞ്ഞതിനാൽ പുകയും പൊടിയും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുവെന്നും സിസ്റ്റം ഓഫ് ഏയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ്ങിലെ (സഫർ) വിദഗ്ധർ പറഞ്ഞു. വരും ദിവസങ്ങളിലും സമാന സാഹചര്യം തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നൈട്രിക് ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളുടെ അളവും അന്തരീക്ഷത്തിൽ വർധിച്ചതായി വിദഗ്ധർ പറയുന്നു.

19 കേന്ദ്രങ്ങളിൽ പരിശോധന

നഗരത്തിലെ 19 നഗരങ്ങളിൽ മലിനീകരണത്തിനെതിരെയുള്ള പ്രത്യേക പരിശോധനകളുമായി അധികൃതർ. ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, ബുറാഡി, മഥുര റോഡ്, ഡിടിയു, ദ്വാരക സെക്ടർ 8, ജഹാംഗിർപുരി, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെഹ്റു നഗർ, രോഹിണി, സോണിയ വിഹാർ, വസിർപുർ, മന്ദിർ മാർഗ്, നരേല, ഓഖ്‌ല ഫേസ് ടൂ, പട്പട് ഗഞ്ച്, സിരി ഫോർട്ട്, വിവേക് വിഹാർ എന്നീ സ്ഥലങ്ങളിലാണു പ്രത്യേക പരിശോധനയും മറ്റും നടത്തിയത്. ഗുരുതരമായ പരിസ്ഥിതി ലംഘനകളും മറ്റും നടക്കുന്നുണ്ടയെന്നു കണ്ടെത്തുകയാണു ലക്ഷ്യം.