ചത്തു പൊങ്ങിയത് ലക്ഷക്കണക്കിനു മത്സ്യങ്ങൾ; കൂട്ടക്കുരുതിക്കു പിന്നിൽ?

mass-fish-death
SHARE

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലുള്ള മെനിന്‍ഡിയിൽ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി. ഡിസംബര്‍ രണ്ടാം വാരം മുതല്‍ കണ്ടു തുടങ്ങിയ ഈ പ്രതിഭാസം വർധിച്ചു വരികയാണ്. ആദ്യം നൂറും ആയിരവും മത്സ്യങ്ങളാണു ചത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു മത്സ്യങ്ങളാണ് ദിവസേന ചത്തുപൊങ്ങുന്നത്. ഡാര്‍ലിങ് നദിയില്‍ ഉണ്ടായിരിക്കുന്ന ഈ ദുരന്തത്തിനു പിന്നില്‍ പച്ച നിറമുള്ള വിഷ ആല്‍ഗെകളാണെന്നാണ് നിഗമനം.

മെനിന്‍ഡെയുടെ നാല്‍പതു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് നദിയില്‍ ഇങ്ങനെ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. ആദ്യം വ്യാവസായിക മാലിന്യമോ മറ്റു വിഷാംശമോ നദിയിലേക്കെത്തിയതാകും കാരണമെന്നാണ് കരുതിയത്. എന്നാല്‍ ക്രമേണ ചത്തു പൊങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് നദിയിലെ ആല്‍ഗെയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്. മത്സ്യങ്ങള്‍ ചത്തു തീരത്തടിയുന്നതില്‍ പ്രതിഷേധവുമായി ഇതിനിടെ മെനിന്‍ഡി നിവാസികളും രംഗത്തെത്തി. ട്വിറ്ററിലും, ഫേസ്ബുക്കിലും മറ്റു സാമൂഹ മാധ്യമങ്ങളിലുമായി ചത്തടിയുന്ന മത്സ്യങ്ങളുടെ ചിത്രങ്ങളും, വിഡിയോകളും പ്രചരിച്ചു.

വരള്‍ച്ചയല്ല , അധികൃതരുടെ വീഴ്ചയാണു കാരണമെന്ന് ആരോപണം

ഓസ്ട്രേലിയയില്‍ ഇതു വേനല്‍ക്കാലമാണ്. അതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളം പൊതുവെ കുറവാണ്. എന്നാല്‍ പതിവിലും താഴേയ്ക്ക് ഡാര്‍ലിങ് നദിയിലെ ജലനിരപ്പ് ഇക്കുറി താഴ്ന്നിരുന്നു. അധികൃതരുടെ വീഴ്ചയാണ് ഇത്തരത്തില്‍ വെള്ളം കുറയാന്‍ കാരണമായതെന്ന് മെനിന്‍ഡ് നിവാസികള്‍ കുറ്റപ്പെടുത്തുന്നു. അശാസ്ത്രീയമായി ഡാര്‍ലിങ് നദിയിലെ ജലം പലയിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടിരുന്നു. ഇതാണ് മെനിന്‍ഡെ പ്രദേശത്തു വെള്ളം കുറയാനും ഹരിത വിഷ ആല്‍ഗെ പെരുകാനും കാരണമായതെന്നാണു പ്രദേശവാസികളുടെ ആരോപണം.

ബ്രീം, കോഡ്, പെര്‍ച്ച് എന്നീ വിഭാഗത്തില്‍ പെട്ട മത്സ്യങ്ങളാണു ചത്തു പൊങ്ങുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം വരള്‍ച്ചയാണ് മത്സ്യങ്ങളുടെ കൂട്ടമരണത്തിനു കാരണമെന്നു ഡിപ്പാര്‍ട് മെന്‍റ് ഓഫ് പ്രൈമറി ഇന്‍ഡസ്ട്രീസ് കണ്ടെത്തിയിരുന്നു . നദിയിലെ വെള്ളം കുറഞ്ഞതോടെ അത് വിഷ ആല്‍ഗെകള്‍ക്കു പെരുകാനുള്ള സാഹചര്യമൊരുക്കി. ആല്‍ഗെ പെരുകിയതോടെ ഇവ ഭക്ഷിച്ചും, ആല്‍ഗെയുടെ സാന്നിധ്യം മൂലം നദിയിലെ ഓക്സിജന്‍ കുറഞ്ഞതു വഴിയും മത്സ്യങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നു എന്ന് ഇവര്‍ വിശദീകിരിക്കുന്നു.

എന്നാല്‍ ഈ വിശദീകരണം മുഖവിലക്കെടുക്കാന്‍ പോലും നാട്ടുകാര്‍ തയാറായിട്ടില്ല. പ്രദേശവാസികളായ രണ്ടു പേര്‍ ചത്തു പൊങ്ങിയ ഭീമന്‍ മത്സ്യങ്ങളെയും കയ്യിലേന്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമാവുകയാണ്. വൈകാരികമായാണ് ഇവര്‍ മത്സ്യങ്ങളുടെ കൂട്ട മരണത്തോട് പ്രതികരിക്കുന്നത്. മത്സ്യങ്ങളുടെ മരണത്തിന് കാരണം വരള്‍ച്ചയല്ല, നദിയിലേക്ക് ഒഴുകിയെത്തുന്ന ജലം കൈകാര്യം ചെയ്തതിലെ വീഴ്ചയാണെന്ന കുറ്റപ്പെടുത്തല്‍ ഇവര്‍ ഈ വിഡിയോയിലും ആവര്‍ത്തിക്കുന്നുണ്ട്. 

നദിയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ ജലസേചനത്തിനായി ജലം മുകള്‍ഭാഗത്തു നിന്നു തിരിച്ചുവിടുന്നുവെന്നാണ് മെനിന്‍ഡ് നിവാസികള്‍ ആരോപിക്കുന്നത്. പരിസ്ഥിതി ഗവേഷകനായ റിച്ചാര്‍ഡ് കിങ്സ് ഫോര്‍ഡിനെപ്പോലുള്ള പല വിദഗ്ദ്ധരും ഈ ആരോപണം ശരിവയ്ക്കുകയും ചെയ്യുന്നു. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് നദിയിലൂടെ ഒഴുകാന്‍ അനുവദിക്കുന്ന ജലത്തിന്‍റെ അളവിലും മാറ്റം വരുത്തണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനല്‍ക്കാലങ്ങളില്‍ ഒന്നായിരുന്നു ഓസ്ട്രേലിയയില്‍ ഇക്കുറി അനുഭവപ്പെട്ടത്. പ്രത്യേകിച്ചും തെക്കന്‍ ഓസ്ട്രേലിയയില്‍ വ്യാപകമായ ചൂടു കാറ്റും വരള്‍ച്ചയും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA