നൂറ് കോടി വര്‍ഷം കഴിയുമ്പോൾ മഹാസമുദ്രം രൂപം കൊള്ളുമോ?

Ocean
SHARE

ഏഴ് ഭൂഖണ്ഡങ്ങളും അഞ്ച് മഹാസമുദ്രങ്ങളുമായാണ് ഇന്ന് ഭൂമിയെ പ്രധാനമായും നാം വേര്‍തിരിച്ചരിക്കുന്നത്. എന്നാല്‍ ഭൂമി എന്നും ഇങ്ങനെയായിരുന്നില്ല എന്നു മാത്രമല്ല ഭാവിയിലും ഈ നിലയില്‍ തുടരില്ല. പ്ലേറ്റ് ടെക്റ്റോണിക്സ് എന്നറിയപ്പെടുന്ന ഭൂമിയുടെ ഉപരിതലത്തിലെ പാളികള്‍ തെന്നിമാറുന്ന പ്രതിഭാസമാണ് ഭൂമിയുടെ ഭൗതികമായ മാറ്റങ്ങളുടെ അടിസ്ഥാനം. ഈ മാറ്റങ്ങള്‍ മൂലം ഭൂഖണ്ഡങ്ങളുടെ സ്ഥാനങ്ങളിലും രൂപത്തിലും മാറ്റമുണ്ടായി ഒരു നിശ്ചിത കാലയളവില്‍ ഇവ ഒറ്റ ഭൂഖണ്ഡമായി രൂപപ്പെടും എന്നത് ശാസ്ത്രം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഈ മാറ്റം വന്‍കരകളുടെ പാളികള്‍ക്കു മാത്രമല്ല സമുദ്രപാളികള്‍ക്കുമുണ്ടാകും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍കരയുടെ പാളികള്‍ ഒന്നുചേരുന്നതു പോലെ സമുദ്രപാളികളും ഒന്നായി ഒരു മഹാസമുദ്രം രൂപം കൊള്ളുമെന്നും ഇവര്‍ വിശദീകരിക്കുന്നു.

സൂപ്പര്‍ വന്‍കരയുടെ രൂപപ്പെടല്‍

ocean

600 മില്ല്യണ്‍ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഭൂമിയിലെ വന്‍കരകളെല്ലാം ഒത്തുചേര്‍ന്ന് ഒരു സൂപ്പര്‍ കോണ്ടിനന്‍റ് രൂപം കൊള്ളുന്നത്. 1600 കോടി മുതല്‍ 1400 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നിലനിന്നിരുന്ന നൂന, 90 മുതല്‍ 70 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നിലനിന്നിരുന്ന റൊഡീനിയ, 32 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പെ രൂപപ്പെട്ടു എന്നു കരുതപ്പെടുന്ന എല്ലാവര്‍ക്കും പരിചിതമായ പാന്‍ജിയ എന്നിവയാണ് ഇതുവരെ ഭൂമിയില്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുള്ള സൂപ്പര്‍ വന്‍കരകള്‍. രണ്ട് തരത്തിലുള്ള പ്രതിഭാസങ്ങളാണ് ഈ സൂപ്പര്‍ വന്‍കരകളുടെ രൂപപ്പെടലിലേക്കു നയിക്കുന്നത്. ഇന്‍ട്രോവേര്‍ഷന്‍, എക്സ്ട്രോവേര്‍ഷന്‍ എന്നിവയാണ് ആ പ്രതിഭാസങ്ങള്‍.

സൂപ്പര്‍ ഓഷ്യന് കാരണമാകുന്ന എക്സ്ട്രോവേര്‍ഷന്‍

ocean

വന്‍കരകളെല്ലാം കൂടിച്ചേരുമ്പോള്‍ മറുഭാഗത്ത് സമുദ്രങ്ങളെല്ലാം ഒന്നു ചേര്‍ന്ന് കാഴ്ചയില്‍ ഒറ്റ സമുദ്രം ആകുമെങ്കിലും ഇതിനെ സൂപ്പര്‍ ഓഷ്യന്‍ എന്നു വിളിക്കാനാകില്ല. കാരണം സമുദ്രപാളികള്‍ ഈ ഘട്ടത്തില്‍ ഒന്നിക്കാതെ പഴയ നിലയില്‍ തന്നെ തുടരുന്നു എന്നതാണ് ഇതിനു കാരണം. ഇന്‍ട്രോവേര്‍ഷന്‍ എന്ന പ്രതിഭാസത്തിലൂടെ ഭൂഖണ്ഡങ്ങള്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഒരൊറ്റ ഭൂഖണ്ഡമായി മാറുമ്പോള്‍ ഈ പ്രതിഭാസം സമുദ്രപാളികളെ സാരമായി ബാധിക്കാറില്ല. അഥവാ സമുദ്രപാളികള്‍ ഇന്‍ട്രോവേര്‍ഷന്‍ പ്രതിഭാസത്തിനിടെ ഭൂമിക്കടിയിലേക്ക് നീങ്ങി പുതിയ പ്രതലം രൂപപ്പെട്ടാലും അതു പൂര്‍ണ്ണമാകാറില്ല. പാതി പഴയപാളികളും ബാക്കി പുതിയ പാളികളുമായി സമുദ്രത്തിന്‍റെ അടിത്തട്ട് തുടരുകയാണു ചെയ്യുക.

എന്നാല്‍ എകസ്ട്രോവേര്‍ഷന്‍ പ്രതിഭാസം ഇതില്‍ നിന്നു വ്യത്യസ്തമാണ്. ഒരു സൂപ്പര്‍ കോണ്ടിനന്‍റില്‍ നിന്ന് മറ്റൊരു മഹാവന്‍കര രൂപപ്പെടുന്നതിലേക്കുള്ള ഇടവേളയിലാണ് സൂപ്പര്‍ ഓഷ്യന്‍ ജനിക്കുന്നത്. ഒന്നായിരിക്കുന്ന വന്‍കരയുടെ പാളികളെ വീണ്ടും വിഘടിപ്പിക്കുന്ന പ്രതിഭാസമാണ് എക്സ്ട്രോവേര്‍ഷന്‍. ഇതിനിടയിലാണ് സമുദ്രത്തിന്‍റെ പാളികളിലും സമൂലമായ മാറ്റങ്ങള്‍ക്ക് ഈ പ്രതിഭാസം വഴിയൊരുക്കുന്നത്. ക്രമേണ ചലിച്ചു കൊണ്ടിരിക്കുന്ന വന്‍കരയുടെ പാളികള്‍ സമുദ്രപാളികളെ വിഴുങ്ങുകയും ഇവയെ അടിത്തട്ടിലേക്കു തള്ളിമാറ്റുകയും ചെയ്യും. ഈ ഘട്ടത്തില്‍ പുതിയ സമുദ്രപാളികള്‍ രൂപപ്പെടും. വലിയ തോതിലുള്ള അഗ്നിപര്‍വ്വത സ്ഫോടനത്തിനു സമാനമായ അന്തരീക്ഷത്തിലാകും പുതിയ സമുദ്രപാളികള്‍ രൂപപ്പെടുന്നത്. ഇപ്പോള്‍ പസിഫിക്കിലുള്ള റിങ് ഓഫ് ഫയര്‍ എന്ന അഗ്നിപര്‍വ്വത ശൃംഖല ഏതാണ്ട് നാല്‍പ്പതു കോടി വര്‍ഷങ്ങൾക്കു മുന്‍പ് രൂപപ്പെട്ട സൂപ്പര്‍ ഓഷ്യന്‍ ക്രസ്റ്റിന്‍റെ തെളിവാണെന്നും ഗവേഷകര്‍ പറയുന്നു.

സമുദ്രവിഭവങ്ങളുടെ രൂപപ്പെടല്‍

ocean

ഇത്തരത്തില്‍ പുതിയ സമുദ്രപാളികളുടെ രൂപപ്പെടല്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ നിര്‍ണായക പങ്കു വഹിക്കുന്നുവെന്ന് ഇതേക്കുറിച്ചുള്ള പഠനത്തിനു നേതൃത്വം നല്‍കിയ കര്‍ട്ടിന്‍ സര്‍വ്വകലാശാല പ്രഫര്‍ സെന്‍-സിങ് ലിയാങ് ലി പറയുന്നു. സമുദ്രത്തിനടിയിലെ ധാതുക്കള്‍ മുതല്‍ പുതി ജീവിവര്‍ഗങ്ങളുടെ രൂപപ്പെടല്‍ വരെ സമുദ്രപാളികളുടെ സമൂലമായ മാറ്റത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ലീ വാദിക്കുന്നു. നൂന എന്ന ആദ്യ മഹാവന്‍കരയുടെ വിഘടനത്തിനു ശേഷം  രണ്ടാമത്തെ മഹാവന്‍കരയായ റൊഡീനിയയുടെ രൂപപ്പെടലിലേക്കു നയിച്ചത് ഇന്‍ട്രോവേര്‍ഷന്‍ പ്രതിഭാസമായിരുന്നു. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ സമുദ്രപാളികളില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല. എന്നാല്‍ പാന്‍ജിയ രൂപപ്പെട്ടത് എക്സ്ട്രോവേര്‍ഷനിലൂടെ ആയതിനാല്‍ ഇപ്പോള്‍ കാണുന്ന പസഫിക്കിലെ റിങ് ഓഫ് ഫയര്‍ ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്നുവെന്നും സമുദ്രപാളികളെ ആകെ മാറ്റുന്നതിന് ഈ എക്സ്ട്രോവേര്‍ഷനിലൂടെ സാധിച്ചൂ എന്നും ലീ പറയുന്നു.

അതേസമം ഈ വിശദീകരണം പൂര്‍ണമായും അംഗീകരിക്കാന്‍ എല്ലാ ഭൗമശാസ്ത്രജ്ഞരും ഇപ്പോള്‍ തയ്യാറായിട്ടില്ല. ഈ വിശദീകരണത്തെ സാധൂകരിക്കുന്ന ചില തെളിവുകള്‍ ഉണ്ടെങ്കില്‍ കൂടി മറിച്ചുള്ളചില തെളിവുകളും ഗവേഷകര്‍ക്കു മുന്നിലുണ്ട്. ഇതിനുദാഹരണമാണ് പസിഫിക്ക് മഹാസമുദ്രം ചുരുങ്ങുന്നുവെന്നത്. ലീ ഉള്‍പ്പടെയുള്ള ഗവേഷകര്‍ മുന്നോട്ടു വച്ച വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പസിഫിക്ക് വ്യാപിക്കുകയോ അല്ലെങ്കില്‍ സ്ഥിരതയോടെ നില്‍ക്കുകയോ വേണം. എന്നാല്‍ ഇതു സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍കൂടി തൃപ്തികരമായ വിശദീകരണം ലഭ്യമാക്കാനായാലേ മഹാവന്‍കര എന്ന ആശയം പോലെ സൂപ്പര്‍ ഓഷ്യന്‍ എന്ന ആശയത്തിനും ശാസ്ത്രലോകത്ത് സ്ഥിരമായ ഇരിപ്പിടം ലഭ്യമാകൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA