30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം കടലെടുക്കുമോ? മുന്നറിയിപ്പുമായി ഗവേഷകർ!

HIGHLIGHTS
  • ആഗോളതാപനം സൃഷ്ടിക്കുന്ന പ്രധാന ഭീഷണികളിലൊന്നാണ് കടല്‍ജലനിരപ്പുയരുന്നത്
  • കടല്‍ജലനിരപ്പിലെ വർധനവ് തടയാന്‍ ആഗോളതലത്തില്‍ തന്നെയുള്ള ശ്രമങ്ങള്‍ ആവശ്യമാണ്
Chennai
SHARE

കേള്‍ക്കുമ്പോള്‍ അതിശയോക്തിയായി തോന്നിയേക്കാമെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നത്. ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്‍റെ തോതും വേഗതയും കണക്കിലെടുത്താണ് ഈ നിഗമനം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ നിലകൊള്ളുന്ന പ്രദേശമാണ് ചെന്നൈ കടല്‍തീരം. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നൂറു കണക്കിന് കിലോമീറ്റുകള്‍ നീണ്ടു കിടക്കുന്ന പ്രദേശമാകും അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുക.

ഇവിടെയും വില്ലന്‍ കാലാവസ്ഥാ വ്യതിയാനം

Chennai

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രധാന ഭീഷണികളിലൊന്നാണ് കടല്‍ജലനിരപ്പുയരുന്നത്. 2050 ഓടെ ഏതാനും സെന്‍റിമീറ്റര്‍ ഉയരത്തില്‍ കടല്‍ നിരപ്പു വർധിക്കുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇന്ത്യയില്‍ ഇതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരിക കിഴക്കന്‍ തീരങ്ങളാകും. കടലില്‍ നിന്നുള്ള ഇവയുടെ കുറഞ്ഞ അളവിലുള്ള ചരിവാണ് പെട്ടെന്നു കടല്‍ക്ഷോഭങ്ങള്‍ക്കുള്ള ഇരയാക്കി ഈ പ്രദേശത്തെ മാറ്റുന്നത്.  കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍നിരപ്പിലുണ്ടാകുന്ന വർധനവിന്‍റെ ആഘാതം കുറയ്ക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് കമ്മ്യൂണിറ്റി എന്ന കൂട്ടായ്മയാണ് ചെന്നൈ തീരം നേരിടുന്ന ഈ ഭീഷണിയെക്കുറിച്ച് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കടല്‍നിരപ്പിലെ വർധനവു മൂലം ഏറ്റവുമധികം ഭീഷണി നേരിടുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങള്‍ ഇനി പറയുന്നവയാണ്. തിരുവള്ളൂര്‍, ചെന്നൈ, കാഞ്ചീപുരം, വില്ലുപുരം, ഗൂഡല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ , രാമനാഥപുരം, തൂത്തുക്കുടി, തിരുനല്‍വേലി, കന്യാകുമാരി . ഈ പ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് അഞ്ച് മീറ്ററിനും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെല്ലാം തന്നെ കടലെടുക്കുമെന്ന് പഠനം പറയുന്നു. വേലിയേറ്റവും കടല്‍ക്ഷോഭവും ഉള്‍പ്പടെയുള്ളവ നാല് മീറ്റര്‍ വരെ ഉയരത്തിലേക്കു കടല്‍ജലം എത്തിക്കാനിടയാകും എന്നതാണ് ഈ പ്രദേശങ്ങള്‍ സുരക്ഷിതമല്ലെന്ന വിലയിരുത്തലിലേക്കു ഗവേഷകരെത്തിച്ചേരാനുള്ള കാരണം.

Chennai

ഈ കണക്കുകള്‍ വെറും പ്രവചനമല്ലെന്നും അടുത്ത 30 വര്‍ഷത്തിനുള്ളില്‍സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള കാര്യമാണെന്നും ഇൻഡോ ജര്‍മ്മന്‍ സെന്‍ററിലെ ഗവേഷകനും മദ്രാസ് ഐഐടി പ്രഫസറുമായ സുധീര്‍ ചെല്ലാ രാജന്‍ പറയുന്നു. പാലിയോ ക്ലൈമറ്റ് രേഖകള്‍ വച്ചുള്ള നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലും ഇപ്പോഴത്തെ ആഗോളതാപനില വർധനവും കണക്കിലെടുത്താണ് ഈ നിഗമനങ്ങളിലെത്തിച്ചേര്‍ന്നതെന്നും രാജന്‍ വ്യക്തമാക്കി. 

മുന്‍കരുതലുകള്‍

കടല്‍ജലനിരപ്പ് വർധനവ് തടയാന്‍ ആഗോളതലത്തില്‍ തന്നെയുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇപ്പോഴത്തെ ഗതിയില്‍ ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ തന്നെ ആഗോള താപനില വ്യവസായവൽക്കരണ കാലത്തേതില്‍നിന്നു 2 ഡിഗ്രി സെല്‍ഷ്യസ് മുകളിലെത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കടല്‍ ജലനിരപ്പിന്‍റെ വർധനവ് പല മീറ്ററുകള്‍ തന്നെയുണ്ടായേക്കാം എന്നാണു കണക്കാക്കുന്നത്. ആഗോളതലത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണു പുരോഗമിക്കുന്നതെങ്കിലും പ്രാദേശിക തലത്തില്‍ കടല്‍ജലനിരപ്പു വർധനവിനെ നേരിടാന്‍ 30 വര്‍ഷത്തെ സമയം മതിയാകുമെന്ന് സുധീര്‍ ചെല്ലാ രാജന്‍ പറയുന്നു. 

Chennai

ജലനിരപ്പുയര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് എത്താതിരിക്കാന്‍ തടയണകളും മറ്റും നിര്‍മ്മിക്കുന്നതു മുതല്‍ ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ മുന്‍കൂറായി മാറ്റി പാര്‍പ്പിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ ആരംഭിക്കണമെന്നാണ് ഗവേഷക സമൂഹം പറയുന്നത്. പ്രാദേശിക തലത്തില്‍ ഈ നടപടികള്‍കാര്യക്ഷമമായി നടപ്പാക്കിയാല്‍ കടല്‍നിരപ്പുയരുമ്പോള്‍ പെട്ടെന്ന് ഇത്തരം പ്രശ്നങ്ങളെ നേരിടേണ്ട പ്രതിസന്ധി ഒഴിവാക്കാനാകും. ഇന്നല്ലെങ്കില്‍ നാളെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഈ പ്രശ്നങ്ങള്‍ കണ്‍മുന്നിലെത്തും എന്നിരിക്കെ മുന്‍കരുതലുകളെടുക്കാന്‍ ഒട്ടും വൈകേണ്ടെന്നും ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് കമ്മ്യൂണിറ്റി ഗവേഷകര്‍ മുന്നറിയിപ്പു നൽകുന്നു. 

മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ക്കൊപ്പം തന്നെ ജൈവവൈവിധ്യത്തിന്‍റെ കാര്യത്തില്‍ സംരക്ഷിത പ്രദേശം കൂടിയാണ് ചെന്നൈയും സമീപപ്രദേശങ്ങളും. പ്രത്യേകിച്ചും, എന്നൂര്‍, അടയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍. കടല്‍നിരപ്പു വർധനവ് തടയൽ ഏറെക്കുറെ അപ്രാപ്യമാകുന്ന സാഹചര്യത്തില്‍ പ്രദേശിക തലത്തില്‍ ഭരണാധികാരികള്‍ വേണ്ട മുന്‍കരുതലെടുക്കുന്നതാകും കൂടുതൽ ഉചിതമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA