റെക്കോർ‌ഡ് ചൂടിൽ തിളച്ചുമറിഞ്ഞ് പത്തനംതിട്ട ,ആശ്വാസമേകാൻ നേരിയ വേനൽമഴയും

804323944
SHARE

കഴിഞ്ഞ വ്യാഴാഴ്ച പകൽ പത്തനംതിട്ടയിൽ അനുഭവപ്പെട്ടത് ഏകദേശം 39 ഡിഗ്രി ചൂടെന്നു സൂചന. കാലാവസ്ഥാ വകുപ്പിന്റേതല്ല, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ ജില്ലയുടെ ചില ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന താപമാപിനികളിൽ നിന്നുള്ളതാണ് ഈ പൊള്ളുന്ന കണക്ക്. ഇത് സർവകാല റെക്കോർഡാകാനാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പക്ഷേ ഇതു സ്ഥിരീകരിക്കാൻ ജില്ലയിൽ സംവിധാനമില്ല. സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ കീഴിലുള്ള 12 താപമാപിനികളിൽ ഒന്നു പോലും പത്തനംതിട്ട ജില്ലയിലില്ല. കോന്നിയിലും അയിരൂരിലും മഴമാപിനിയുണ്ട്. 

ഇവിടെ താപമാപിനികൾ കൂടി സ്ഥാപിച്ചാൽ ജില്ലയെ സംബന്ധിച്ച കാലാവസ്ഥാ വിവരങ്ങളുടെ ശേഖരണം മെച്ചപ്പെടുത്താൻ കഴിയും. ഇതു ഭാവി ആസൂത്രണത്തിന് അനിവാര്യമാണ്. പക്ഷേ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ശാസ്ത്ര–ഗവേഷകരോ ഇതു ഗൗരവമായെടുക്കുന്നില്ല. തിരുവല്ലയിൽ അര നൂറ്റാണ്ടിലേറെ പ്രവർത്തിച്ച കാലാവസ്ഥാ നിരീക്ഷണ സംവിധാനം 7 വർഷത്തോളമായി ഉപേക്ഷിച്ച നിലയിലാണ്. കാലാവസ്ഥാ മാറ്റവും പ്രളയവും കൃഷിനാശവും ജില്ലയുടെ താളം തെറ്റിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. 

ഏഴു ഡിഗ്രി വർധന 

മാർച്ച് തുടക്കത്തിൽ ജില്ലയിലെ ദീർഘകാല ശരാശരി താപനില 32–34 സെൽഷ്യസ് ആണ്. ഈ സ്ഥാനത്താണ് ഏകദേശം 7 ഡിഗ്രിയുടെ വർധന. താപതരംഗത്തിനു സമാനമായ സ്ഥിതിവിശേഷമാണിത്. തീക്കാറ്റ് പോലെ വായു ഉയർന്നു പൊങ്ങിയതിന്റെ ഫലമായി വൈകുന്നേരം ജില്ലയുടെ മലയോര മേഖലയിൽ 1 സെമീ നേരിയ മഴ ലഭിച്ചു. പമ്പ ഉൾപ്പെടെ ജില്ലയിലെ മിക്ക നദികളും ജലാശയങ്ങളും കൂടുതൽ വേഗത്തിൽ വറ്റുന്നതിന് ഇതു കാരണമാകുമെന്നു നിരീക്ഷകർ ‍പറയുന്നു. 

വേനലിൽ ഓർക്കാൻ 

12 മുതൽ 3 മണി വരെ കഠിനമായ വെയിലത്ത് കഴിവതും പുറത്തെ യാത്ര കുറയ്ക്കുക, കുട ഉപയോഗിക്കുക, അയഞ്ഞ പരുത്തി വസ്ത്രം ഉത്തമം, സോക്സും യൂണിഫോമും നിർബന്ധമാക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക, തണ്ണിമത്തനും മറ്റ് പഴവർഗങ്ങളും കഴിക്കാം. മോരുംവെള്ളവും കുടിക്കാം. വീടുകളിലും മറ്റും പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ അൽപ്പം വെള്ളം പാത്രത്തിൽ കരുതി വയ്ക്കുക. 

കടലോരങ്ങളെ അപേക്ഷിച്ച് മലയോരത്ത് ചൂടു കൂടും. പത്തനംതിട്ടയും പുനലൂരും പൊള്ളാൻ ഇതാണ് കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള മലയോര ജില്ലയിൽ കാട്ടുതീ പടരാനും വരൾച്ച കഠിനമാകാനും ഇതു കാരണമാകും. പ്രളയം സംബന്ധിച്ചു മാത്രമല്ല, നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തി ചൂടിനെപ്പറ്റിയും ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ കഴിയണം. 

ഡോ. സി. കെ രാജൻ, കാലാവസ്ഥാ ഗവേഷകൻ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA