കൊടുംചൂടിനു പിന്നിൽ പ്രളയം മണ്ണിൽ തീർത്ത മുറിപ്പാടുകൾ? അതോ മനുഷ്യനോ?

HIGHLIGHTS
  • കേരളത്തിൽ വർധിച്ചു വരുന്ന ചൂടിനു കാരണം നഗരവത്കരണം
  • പ്രളയത്തിനു ശേഷം മഴയിൽ കുറവുണ്ടായത് 73 ശതമാനം
Drought
SHARE

ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ചൂട് കാരണം 2030നും 2050നും ഇടയ്ക്ക് 38,000 പേരെങ്കിലും അധികമായി മരിച്ചു വീഴും. അതിൽത്തന്നെ ഏഷ്യ പസഫിക് മേഖലയാണ് ഏറ്റവും പേടിക്കേണ്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള ഈ മേഖലയിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും ജീവിക്കുന്നത്. ഭയപ്പെട്ടേ മതിയാകൂവെന്നും ഏഷ്യ–പസഫിക് ഡിസാസ്റ്റർ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. 130 കോടി ജനങ്ങളുള്ള ഇന്ത്യ പട്ടികയിലെ ആദ്യസ്ഥാനങ്ങളിൽ തന്നെയുണ്ട്. 2015ൽ മാത്രം ചൂടു കാരണം ഇന്ത്യയിൽ മരിച്ചുവീണത് 2400 പേരാണെന്നും ഓർക്കണം. കേരളത്തിലാകട്ടെ ഈ വർഷം കൊടുംചൂടിന്റെ ലക്ഷണങ്ങൾ വേനലിന്റെ ആരംഭത്തിൽത്തന്നെ കൃത്യമായി ലഭിച്ചു കഴിഞ്ഞു.

പസഫിക് സമുദ്രത്തിലെ ജലത്തിനു ചൂടേറിയുണ്ടാകുന്ന എൽ നിനോ പ്രതിഭാസമാണ് കേരളത്തിലെ ചൂടിനു കാരണമെന്ന് ഒരു വിഭാഗം പറയുന്നു. കേരളത്തിലെ മൺസൂണിനെയും ബാധിക്കുന്നതാണ് എൽ നിനോ. പ്രളയത്തിനു ശേഷം 2018 ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 26 വരെ മഴയിൽ 73 ശതമാനമാണു കുറവുണ്ടായത്. ഇതാകട്ടെ വടക്കു കിഴക്കൻ മൺസൂണിൽ പെയ്തു കിട്ടിയതുമില്ല. കേരളത്തിന് ആകെ ലഭിക്കുന്ന മഴയിൽ പത്തു ശതമാനമെങ്കിലും വേനൽമഴയിൽ നിന്നാണ്. എന്നാൽ 2019 ജനുവരിയിലും ഫെബ്രുവരിയും കാര്യമായി മഴയും ലഭിച്ചില്ല! ഈ രണ്ടു മാസങ്ങളിലും ഉപരിതലത്തിലെ ജലം ബാഷ്പീകരിച്ച് ചൂടിനെ ഒരു പരിധി വരെ കുറയ്ക്കാറുണ്ട്. ഇത്തവണ പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചു പോയതോടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഇങ്ങനെ ഹ്യുമിഡിറ്റി കുറഞ്ഞതും താപനില വർധിക്കാൻ കാരണമായി.

Drought

കേരളത്തിൽ വർധിച്ചു വരുന്ന ചൂടിനു കാരണം നഗരവത്കരണമാണെന്ന പഠനം അടുത്തിടെ പുറത്തു വന്നിരുന്നു. കോഴിക്കോട് എൻഐടി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ. കോഴിക്കോട് നഗരത്തെ മാതൃകയാക്കിയായിരുന്നു പഠനം. ഡിസംബറിലെയും മാർച്ചിലെയും 15 ദിവസത്തെ താപനില ഇതിനു വേണ്ടി പരിശോധിച്ചു. വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിൽ നടത്തിയ പഠനത്തിൽ വിവിധ പ്രദേശങ്ങൾ തമ്മിൽ താപനിലയിൽ 2-3 ഡിഗ്രി സെൽഷ്യസിന്റെ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. ഇതിൽത്തന്നെ പച്ചപ്പു നിറഞ്ഞ പ്രദേശങ്ങളിൽ താപനില ഗണ്യമായി കുറഞ്ഞിരുന്നു. സരോവരം ബയോ പാർക്കായിരുന്നു ഉദാഹരണം. വൻതോതിൽ മരങ്ങളുള്ള ഈ മേഖലയിൽ ഡിസംബറിൽ 19.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മാർച്ചിൽ അത് 26.39 ആയി. 

തിരക്കേറിയ മാവൂർ റോഡിലാകട്ടെ ഡിസംബറിൽ 20.91 ഡിഗ്രി താപനിലയാണു രേഖപ്പെടുത്തിയത്. മാർച്ചിൽ 28.88ഉം. നഗരത്തിനു പുറത്ത് ഡിസംബറിൽ 19.5ഉം മാർച്ചിൽ 26.66 ഡിഗ്രിയുമായിരുന്നു ശരാശരി താപനില. ‘ഹീറ്റ് ഐലന്റുകൾ’ രൂപപ്പെടുന്നതാണ് ചൂടേറുന്നതിനു കാരണമെന്നാണു പഠനം പറയുന്നത്. പേരുപോലെത്തന്നെ ചൂട് കേന്ദ്രീകരിക്കുന്ന ഒരു ദ്വീപ് പോലെയായിരിക്കും പ്രസ്തുത പ്രദേശം. ചെടികളോ മറ്റു ഹരിതകവചങ്ങളോ ഉണ്ടാകില്ല. പകരം ചൂട് ആഗിരണം ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളുമായിരിക്കും നിറയെ. ഇതുവഴി പരിസരത്താകെ താപനില വർധിക്കുകയും ചെയ്യുമെന്നും എൻഐടി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് അസി. പ്രഫസർ ഡോ.സി. മുഹമ്മദ് ഫിറോസും ഗവേഷക വിദ്യാർഥി സി.നിത ഫാത്തിമയും നടത്തിയ പഠനത്തിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA