മൻഹാട്ടനും മുങ്ങുന്നു; ഇവിടെയും വില്ലൻ കാലാവസ്ഥാ വ്യതിയാനം!

HIGHLIGHTS
  • രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം മന്‍ഹാട്ടനെ ബാധിക്കുക
  • ഒന്ന് കടല്‍ ജലനിരപ്പ് ഉയരുന്നതാണ് മറ്റൊന്ന് വർധിച്ചു വരുന്ന ചുഴലിക്കാറ്റും
 Manhattan
SHARE

എത്ര കണ്ണടച്ച് ഇരുട്ടാക്കിയാലും കാലാവസ്ഥാ വ്യതിയാനം എന്ന സത്യം മനുഷ്യരാശിയുടെ മുന്നിലെത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഭാവിയില്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടേയിരിക്കും. കാലാവസ്ഥാ വ്യതിയാനം സത്യമോ അല്ലയോ എന്നു തര്‍ക്കിച്ചു സമയം പാഴാക്കുന്ന വലിയൊരു വിഭാഗത്തിനിടയിലും ചിലരെങ്കിലും അതിനെ ആവും വിധം പ്രതിരോധിക്കാന്‍ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിനുദാഹരണമാണ്.

മുങ്ങുന്ന മന്‍ഹാട്ടന്‍

കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നു വാദിക്കുന്നവരുടെ ആരാധ്യപുരുഷനായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദങ്ങള്‍ പൊള്ളയാണെന്നു മനസ്സിലാക്കാന്‍ ട്രംപിന്‍റെ സ്വന്തം നഗരത്തിന്‍റെ ഭാഗമായ മന്‍ഹാട്ടന്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. ന്യൂയോര്‍ക്ക് കൗണ്ടിയിലെ ഒരു ദ്വീപ് നഗരമാണ് മന്‍ഹാട്ടന്‍. ന്യൂയോര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക വ്യവഹാര കേന്ദ്രം. ഇങ്ങനെയുള്ള ലോവര്‍ മന്‍ഹാട്ടന്‍റെ തീരപ്രദേശത്തെ കെട്ടിടങ്ങളില്‍ മുഴുവന്‍ 2050 ആകുമ്പോഴേക്കും കടല്‍ ജലം കയറുമെന്നാണു കണക്കു കൂട്ടുന്നത്. ഈ മുന്നറിയിപ്പുകളെ ഗൗരവമായി കണ്ടുകൊണ്ട് തന്നെ മന്‍ഹാട്ടന്‍റെ തീരപ്രദേശം വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കു തയ്യാറെടുക്കുകയാണ് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അടക്കമുള്ളവര്‍.

രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം ന്യൂയോര്‍ക്കിനെ പ്രത്യേകിച്ച് മന്‍ഹാട്ടനെ ബാധിക്കുക. ഒന്ന് കടല്‍ ജലനിരപ്പ് ഉയരുന്നതാണ്. രണ്ടാമത്തേതാകട്ടെ വർധിച്ചു വരുന്ന ചുഴലിക്കാറ്റ് സാധ്യതകളും. അമേരിക്കന്‍ കിഴക്കന്‍ തീരമേഖലകളില്‍ ഹരിക്കേന്‍ എന്നു വിളിക്കപ്പെടുന്ന ചുഴലിക്കാറ്റുകള്‍ നാശം വിതയ്ക്കുന്ന സംഭവങ്ങള്‍ വർധിച്ചു വരികയാണ്. 2012 ല്‍ ന്യൂയോര്‍ക്കിലുണ്ടായ സാന്‍ഡി എന്ന ചുഴലിക്കാറ്റ് നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ഏതാണ്ട് 1900 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

സാന്‍ഡി ചുഴലിക്കാറ്റ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് എത്ര അനായാസ ഇരയായി ന്യൂയോര്‍ക്ക് മാറിയിരിക്കുന്നു എന്നതിനു തെളിവാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡേ ബ്ലാസിയോ പറയുന്നു. ഇത്തരം ഭീഷണികളെ നേരിടാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍നിന്നു രക്ഷപെടാന്‍ സമയപരിമിതിയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് രാഷ്ട്രീയക്കാര്‍ അനാവശ്യമായി തര്‍ക്കിച്ചു സമയം കളയുകയാണെന്നും ഡേ ബ്ലാസിയോ പറയുന്നു.

തീരപ്രദേശങ്ങളുടെ വ്യാപനം

തീരപ്രദേശങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിലൂടെ മാന്‍ഹട്ടനിലെ താഴ്ന്ന പ്രദേശങ്ങളെ കടല്‍പെരുപ്പത്തിന്‍റെ ഭീഷണിയില്‍ നിന്നു രക്ഷിക്കാനാകുമന്നാണു കണക്കു കൂട്ടുന്നത്. ചുരുങ്ങിയത് അറുപത് മീറ്ററെങ്കിലും തീരപ്രദേശത്തിന്‍റെ വീതി എല്ലാ വശങ്ങളിലും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് തീരപ്രദേശത്തെ രണ്ട് ബ്ലോക്ക് കെട്ടിടങ്ങളുടെ വീതിയാണ്. അതായത് തീരപ്രദേശം വീതി കൂട്ടുന്നതിനായി ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും.എന്നാല്‍ അന്‍പതു വര്‍ഷത്തിനു ശേഷം വെള്ളം കയറുമെന്നുറപ്പുള്ള മേഖലയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഉചിതമായ തീരുമാനമായാണ് ഡേ ബ്ലാസിയോയും പരിസ്ഥിതി പ്രവര്‍ത്തകരും ഭൂരിഭാഗം കൗണ്‍സിലര്‍മാരും വിലയിരുത്തുന്നത്.

എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകളും ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പദ്ധതി രൂപരേഖ തയ്യാറാക്കി അധികൃതര്‍ ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ ചെലവാണ് പദ്ധതിക്കു പ്രതീക്ഷിക്കുന്നത്. ഇത് നടപ്പാക്കിയില്ലെങ്കില്‍ ഇപ്പോഴത്തെ നഗരത്തിന്‍റെ 20 ശതമാനത്തോളം പ്രദേശത്ത് 30-40 വര്‍ഷത്തിനുള്ളില്‍ വെള്ളം കയറും. 62000 ആളുകള്‍ വസിക്കുന്ന മാന്‍ഹട്ടന്‍റെ ഭാവിയിലെ നിലനില്‍പിനു പോലും ഇത് ഭീഷണിയാകും. കൂടാതെ 2100 ഓടെ നഗരത്തിന്‍റെ അന്‍പത് ശതമാനത്തോളം മേഖലയിലും തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. 

ആളുകളുടെ എതിർപ്പിനൊപ്പം പ്രസിഡന്‍റിന്‍റെയും സെനറ്റിന്‍റെയും നിലപാടുകളും ഈ പദ്ധതിയില്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം മിഥ്യയെന്നു വിശ്വസിക്കുന്ന ട്രംപിന്‍റെ നിലപാട്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ഭീഷണികളെ നേരിടാന്‍ മുന്‍കരുതലുകളിലൂടെ മാത്രമോ സാധിക്കൂ. ഇതിന് മന്‍ഹാട്ടന്‍ നഗരവും ന്യൂയോര്‍ക്ക് മേയറും സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മാതൃകപരമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA