കടുത്ത വരൾച്ചയുടെ ഏഴ് വര്‍ഷങ്ങൾ; കലിഫോര്‍ണിയ ഇത്തവണ രക്ഷപെട്ടതിനു പിന്നിൽ?

HIGHLIGHTS
  • ശൈത്യകാലത്തെ മഴയ്ക്കു കാരണം \"അന്തരീക്ഷ നദി\"
  • മാര്‍ച്ച് മാസം ലഭിച്ച ശരാശരി മഴയില്‍ ഇക്കുറി നാലിരട്ടി വർധനവ്
California
SHARE

തുടര്‍ച്ചയായി ഏഴു വര്‍ഷങ്ങള്‍ വരള്‍ച്ച നേരിട്ട ശേഷം ഒടുവില്‍ കലിഫോര്‍ണിയയ്ക്കു മോചനം ലഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിച്ച മഴയാണ് കലിഫോര്‍ണിയയെ വരള്‍ച്ചയില്‍ നിന്ന് ഇക്കുറി രക്ഷിച്ചത്. മാര്‍ച്ച് മാസം ലഭിച്ച ശരാശരി മഴയില്‍ ഇക്കുറി നാലിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. ഇതു മാത്രമല്ല ഡിസംബര്‍ മുതല്‍ പല ഘട്ടങ്ങളിലായി ലഭിച്ച മഴയും മഞ്ഞും കലിഫോര്‍ണിയയിലെ ജലത്തിന്‍റെ ലഭ്യത വർധിപ്പിച്ചിരുന്നു. ഇതെല്ലാമാണ് ഇക്കുറി വരള്‍ച്ചയുടെ പിടിയില്‍നിന്ന് കലിഫോര്‍ണിയയെ രക്ഷിച്ചതെന്നാണു കരുതുന്നത്.

കലിഫോര്‍ണിയയില്‍ മാത്രമല്ല അമേരിക്കയിലാകെ ഇത്തവണ ശൈത്യകാലം പൊതുവെ നനവാര്‍ന്നതായിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി മഴയും മഞ്ഞുവീഴ്ചയും എല്ലാ മേഖലകളിലും ഉണ്ടായി. മഞ്ഞു വീഴ്ച അല്‍പമെങ്കിലും അകന്നു നിന്നത് ശൈത്യമേഖലയായ കാനഡയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലായിരുന്നു. രാജ്യമൊട്ടാകെ ഉണ്ടായ മഴയുടെയും മഞ്ഞുവീഴ്ചയുടെയും ഭാഗമായാണ് കലിഫോര്‍ണിയയിലും ഇക്കുറി നനവു കൂടുതലുള്ള ശൈത്യകാലം അനുഭവപ്പെട്ടതും. കൂടാതെ കലിഫോര്‍ണിയയുടെ വടക്കന്‍ പ്രദേശത്തുള്ള മല നിരകളില്‍ ഇപ്പോഴും മഞ്ഞുപാളികള്‍ രൂപപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇതെല്ലാം ഇക്കുറി സംസ്ഥാനത്തിന് ആവശ്യത്തിലേറെ ജലസ്രോതസ്സുകള്‍ ലഭ്യമാകുമെന്ന സൂചനയാണു നല്‍കുന്നത്.

ശൈത്യകാലത്തെ മഴയ്ക്കു കാരണം "അന്തരീക്ഷ നദി"

california2

ഡിസംബര്‍, ജനുവരി മാസങ്ങളിലായി കലിഫോര്‍ണിയ ഉള്‍പ്പടെയുള്ള തെക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട അന്തരീക്ഷ നദി എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കു കാരണമായത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു പുഴ പോലെയാണ് ആകാശത്ത് മേഘങ്ങള്‍ രൂപപ്പെട്ടതും ഇവ കലിഫോര്‍ണിയയുടെ മുകളിലേക്കെത്തി പെയ്തു തീര്‍ന്നതും. അന്തരീക്ഷ നദിയിലൂടെ കലിഫോര്‍ണിയയില്‍ മാത്രം ശരാശരി 25 സെന്‍റിമീറ്റര്‍ മഴ ഈ ശൈത്യകാലത്തു ലഭിച്ചുവെന്നാണു കണക്കാക്കുന്നത്. മഴ ലഭിച്ചത് താഴ്ന്ന പ്രദേശങ്ങളിലാണെങ്കില്‍ പര്‍വതങ്ങളില്‍ മഴ മഞ്ഞായാണു പെയ്തത്. ഇതിലൂടെ ഏതാണ്ട് 2 മീറ്റര്‍ കനത്തില്‍ മഞ്ഞുപാളികള്‍ ഈ പര്‍വതങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. 

അദ്ഭുതകരമായ മാറ്റം കാണിച്ചു തരുന്ന സാറ്റ്‌ലെറ്റ് ചിത്രങ്ങള്‍ 

അമേരിക്കയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ വെതര്‍ കമ്മീഷന്‍ പങ്ക് വച്ച സാറ്റ്‌ലെറ്റ് ചിത്രങ്ങള്‍ ശൈത്യകാലത്തെ മഴ കലിഫോര്‍ണിയയുടെ ഭൗമമേഖലയില്‍ ഉണ്ടാക്കിയ അദ്ഭുതകരമായ മാറ്റം കാണിച്ചു തരുന്നത്. തരിശായി ഇളം തവിട്ടു നിറത്തില്‍ കാണപ്പെട്ട ഭൂപ്രദേശം മഞ്ഞു മൂടിയും പച്ച നിറത്താല്‍ മൂടിയുമാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയുള്ള മാറ്റമാണ് ചിത്രങ്ങളിലൂടെ കാണാനാകുക. കലിഫോര്‍ണിയ മരുഭൂമിയില്‍ ഒരു തടാകം രൂപപ്പെടുന്നതിനും ഇതോടൊപ്പം ഓറഞ്ചു നിറത്തിലുള്ള ലക്ഷക്കണക്കിനു പൂക്കള്‍ വിരിയുന്നതിനും ഇക്കുറി പെയ്ത മഴ കാരണമായിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും കലിഫോര്‍ണിയയുടെ ഭൂപ്രകൃതിയെ അടിമുടി മാറ്റിയിരിക്കുകയാണ് ശൈത്യകാലത്തെ മഴയും മഞ്ഞു വീഴ്ചയും.

ഏഴ് വര്‍ഷം നീണ്ട വരള്‍ച്ചയില്‍ നിന്നു മോചനം

California

കഴിഞ്ഞ ഏഴ് വര്‍ഷമായി ഏതെങ്കിലും തരത്തിലുള്ള വരള്‍ച്ച കാലിഫോര്‍ണിയയില്‍ അനുഭവപ്പെട്ടിരുന്നു. വെള്ളത്തിന്‍റെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇതുമൂലം അധികൃതര്‍ കടന്നിരുന്നു. വരള്‍ച്ച മൂലം വെള്ളത്തിനു പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അവസാനിച്ചിരിക്കുകയാണെന്ന് നാഷണല്‍ ഡ്രോട്ട് മിറ്റിഗേഷന്‍ സെന്‍ററും കലിഫോര്‍ണിയ ഗവര്‍ണറും വ്യക്തമാക്കി. എന്നാല്‍ വെള്ളം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എല്ലാവരും തുടരണമെന്നും കാരണം ഇപ്പോള്‍ ഒഴിവായിരിക്കുന്ന വരള്‍ച്ച അടുത്ത വേനലോടെ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. 

ഇത്രയധികം മഴ പെയ്തിട്ടും കലിഫോര്‍ണിയയുടെ ഏഴ് ശതമാനം മേഖല ഇപ്പോഴും വരള്‍ച്ചയ്ക്കു തുല്യമായ അവസ്ഥയിലാണ്. സാന്‍ഡിയാഗെ കൗണ്ടി മേഖലയിലാണ് ഈ അവസ്ഥയുള്ളത്. ഈ മേഖലയിലെ ഡാമുകളില്‍ ഇപ്പോഴും 65 ശതമാനം വെള്ളമാണുള്ളത്. കൂടാതെ ഇതേ മേഖലയിലെ തന്നെ ബിഗ് ബെയര്‍ തടാകത്തിലും ജലനിരപ്പു കാര്യമായി ഉയര്‍ന്നിട്ടില്ല. മഞ്ഞുരുകി വെള്ളം കൂടുതല്‍ എത്തുന്നതോടെ ഇവിടുത്തെ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നാണു കരുതുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA