ഗ്രീന്‍ലന്‍ഡിലെ ചില മഞ്ഞുപാളികള്‍ വലുതാകുന്നു; ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ഗവേഷകർ!

Baffin Bay
SHARE

ഭൂമിയില്‍ ഏറ്റവുമധികം വേഗത്തില്‍ ഉരുകുന്ന മഞ്ഞുപാളികളാണ് ഗ്രീന്‍ലന്‍ഡിലേത്. ഇക്കാര്യത്തില്‍ അവര്‍ ഹിമാലയത്തിലേയും അന്‍റാര്‍ട്ടിക്കിലേയും മഞ്ഞുപാളികളെയെല്ലാം പിന്നിലാക്കും. പക്ഷേ നിരീക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഇപ്പോള്‍ അപ്രതീക്ഷിതമായ ഒരു പ്രതിഭാസം ഗ്രീന്‍ലന്‍ഡില്‍ സംഭവിക്കുകയാണ്. ചില മഞ്ഞുപാളികള്‍ക്ക് വലുപ്പം വയ്ക്കുന്നു. ശൈത്യകാലത്തിനു ശേഷം വേനല്‍ക്കാലം ആസന്നമായിരിക്കുന്ന ഈ സമയത്ത് മഞ്ഞുപാളികളുടെ വിപരീത ദിശയിലുള്ള പ്രവര്‍ത്തനം ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മഞ്ഞുപാളികള്‍ ഉരുകുയൊലിച്ചു വലുപ്പം കുറയുന്നു എന്നതാണ് കാലാവസ്ഥാ മേഖലയില്‍ ഗവേഷണം നടത്തുന്നവരെ ഇന്ന് ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം. അതിനാല്‍ തന്നെ ചില മഞ്ഞുപാളികള്‍ക്കു വലുപ്പം വയ്ക്കുന്നു എന്നത് ഒരു സന്തോഷവാര്‍ത്തയായിട്ടാണ് തോന്നേണ്ടത്. പക്ഷെ മഞ്ഞുപാളികളിലുണ്ടാകുന്ന ഈ വിപരീത ദിശയിലേക്കുള്ള മാറ്റം ഒട്ടും സന്തോഷിക്കാനുള്ള വക നല്‍കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

ടൈറ്റാനിക്കിനെ തകര്‍ത്ത ജക്കോബ്ഷാവന്‍ മഞ്ഞുപാളി

ടൈറ്റാനിക്കിന്‍റെ ദുരന്തത്തിനു കാരണമായ മഞ്ഞുമല ഉദ്ഭവിച്ചത് പടിഞ്ഞാറന്‍ ഗ്രീന്‍ലന്‍ഡിലെ ഈ ജക്കോബ്ഷാവന്‍ മഞ്ഞുപാളിയില്‍ നിന്നാണ്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി ഈ മഞ്ഞുപാളി ഉരുകിയൊലിക്കുന്നുണ്ട്. ഇതുമൂലം  ജക്കോബ്ഷാവന്‍ മഞ്ഞുപാളി ഏറെ മെലിയുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ ഈ മഞ്ഞുപാളി വീണ്ടും വളരാന്‍ തുടങ്ങിയിരിക്കുകയാണ്. 

Greenland

ജക്കോബ്ഷാവന്‍ സ്ഥിതി ചെയ്യുന്ന സമുദ്രമേഖലയെ ബഫീന്‍ ബേ എന്നാണു വിളിക്കുന്നത്. 1980 മുതല്‍ അനുദിനം ചൂട് വർധിച്ച് വരുന്ന പ്രദേശമാണ് ബഫിന്‍ ബേ. പക്ഷെ 2016 മുതല്‍ ഈ പ്രദേശത്ത് തണുത്ത നീരൊഴുക്കുണ്ടാകാന്‍ തുടങ്ങിയതായി നാസ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഈ മേഖലയിലെ സമുദ്രം തണുക്കാനും തുടങ്ങി. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നപോലെയാണ്  ജക്കോബ്ഷാവന്‍ മഞ്ഞുപാളിയും വലുതാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്.  ജക്കോബ്ഷാവനിൽ നിന്ന് വേര്‍പെടുന്ന മഞ്ഞുകട്ടകളുടെ അളവ് കുറയുന്നതായും ഈ മഞ്ഞുപാളികൾ സമുദ്രഭാഗത്തേക്ക് വ്യാപിക്കുന്നതായും നിരീക്ഷണത്തില്‍ വ്യക്തമായി.

1980നു ശേഷം ഏറ്റവു തണുത്ത അവസ്ഥയിലാണ് ഈ പ്രദേശത്തെ സമുദ്രമേഖലയെന്ന് ഗവേഷകനായ അല ഖാസെൻഡര്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ ഈ മാറ്റം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നാസ പ്രൊപ്പല്‍ഷന്‍ സെന്‍ററിലെ ഗവേഷകമായ അല പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം എങ്ങനെയായിരുന്നു അതേ രീതിയില്‍ തന്നെ അനുദിനം മെലിഞ്ഞ് ജാക്കോബ്ഷ്വാന്‍ മുന്നോട്ട് പോകുമെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചുറ്റുപാടുള്ള സമുദ്രത്തിന്‍റെ താപനിലയിലുണ്ടായ കുറവ്  ജക്കോബ്ഷാവന്‍ തിരികെ കൊണ്ടുവരികയാണെന്ന് അല പറയുന്നു.

പക്ഷേ, മാറ്റം താല്‍ക്കാലികമാണ്

സമുദ്രത്തിന്‍റെ താപനിലയിലെ പെട്ടെന്നുണ്ടായ ഈ മാറ്റത്തിനു കാരണമന്വേഷിച്ച അലയും സംഘവും അത് കണ്ടെത്തുകയും ചെയ്തു. ഇതോടെ ബഫന്‍ബേ സമുദ്രമേഖലയ്ക്കും  ജക്കോബ്ഷാവന്‍ മഞ്ഞുപാളിക്കുമുണ്ടായ മാറ്റങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. നോര്‍ത്ത് അറ്റ്ലാന്‍റിക് ഓസിലേഷന്‍ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഈ മാറ്റത്തിനു കാരണമായതെന്നു ഗവേഷര്‍ ചൂണ്ടിക്കാട്ടുന്നു.  ജക്കോബ്ഷാവന്‍ മഞ്ഞുപാളിക്കും തെക്കു ഭാഗത്തായി വടക്കന്‍ അറ്റ്ലാന്‍റിക്കിലാണ് ഈ പ്രതിഭാസം രൂപപ്പെട്ടത്.

Greenland

എല്ലാ 20-25 വര്‍ഷത്തിനിടയിലും ഉണ്ടാകാറുള്ളതാണ് ഈ പ്രതിഭാസം. ഏതാണ്ട് 5 വര്‍ഷം വരെ ഈ പ്രതിഭാസം നീണ്ടു നില്‍ക്കുകയും ചെയ്യും. ഈ പ്രതിഭാസം മൂലം സമുദ്രത്തോടു ചേര്‍ന്നുള്ള അന്തരീക്ഷ മര്‍ദ്ദം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യും. ഇതിന്‍റെ ഫലമായി മര്‍ദ്ദത്തിലെ മാറ്റത്തിന് അനുസൃതമായി സമുദ്രം ചൂടു പിടിക്കാനോ തണുക്കാനോ തുടങ്ങും. 2016 ല്‍ സമുദ്രത്തോടു ചേര്‍ന്നുള്ള അന്തരീക്ഷ മര്‍ദ്ദം താഴ്ന്നിരുന്നു. ഇത് വടക്കന്‍ മേഖലയില്‍ നിന്നുള്ള തണുത്ത സമുദ്രജലം ഈ പ്രദേശത്തേക്കെത്താന്‍ കാരണമായി. ആര്‍ട്ടിക്കില്‍ നിന്നുള്ള ഈ സമുദ്രജലത്തിന്‍റെ വരവ് ഗ്രീന്‍ലന്‍ഡിനു ചുറ്റുമുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ താപനിലയില്‍ ശരാശരി 1.5 ഡിഗ്രി വരെ കുറവു വരുത്തി. ഇതാണ് ക്രമേണ  ജക്കോബ്ഷാവന്‍ മഞ്ഞുപാളിയുടെ വലുപ്പം കൂടാന്‍ സഹായിച്ചത്. 

ജക്കോബ്ഷാവന്റെ മാത്രമല്ല ഇതിനോടു ചേര്‍ന്നുള്ള ഗ്രീന്‍ലന്‍ഡിലെ ഏതാനും ചെറു മഞ്ഞുപാളികള്‍ക്കു കൂടി താല്‍ക്കാലികമായ ഈ പ്രതിഭാസം മൂലം വലുപ്പം വച്ചിട്ടുണ്ട്. പക്ഷെ ഈ മാറ്റം അധികം നീണ്ടു നില്‍ക്കില്ലെന്നു ഗവേഷകര്‍ പറയുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സമുദ്രജലത്തിന്‍റെ താപനില വീണ്ടുമുയരും. ഇതോടെ  ജക്കോബ്ഷാവന്‍ ഉള്‍പ്പടെയുള്ള മഞ്ഞുപാളികള്‍ വീണ്ടുമുരുകി ഒലിക്കാന്‍ തുടങ്ങും.  ജക്കോബ്ഷാവനും മറ്റും വലുപ്പം വർധിച്ച സമയത്തും ഗ്രീന്‍ലന്‍ഡിലെ മറ്റ് ഭൂരിഭാഗം മഞ്ഞുപാളികളും ഉരുകി വലുപ്പം കുറയുന്നത് തുടരുകയാണെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA