sections
MORE

മഞ്ഞുമലയിൽ കെട്ടിക്കിടക്കുന്നത് 66 ടണ്‍ മനുഷ്യ വിസര്‍ജ്യം; അലാസ്കയിലെ മഞ്ഞുരുക്കം വിനയാകുമോ?

HIGHLIGHTS
  • അലാസ്കയിലെ ഡെനാലി പര്‍വത നിരകളിലാണ് മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്നത്
  • അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരമാണ് അലാസ്കയിലെ ഡെനാലി പര്‍വതം
Mount Denali
SHARE

അലാസ്കയിലെ ഡെനാലി പര്‍വത മേഖല സഞ്ചാരികളുടെയും സ്കേറ്റര്‍മാരുടെയും ഗവേഷകരുടെയുമെല്ലാം പ്രിയപ്പെട്ട സ്ഥലമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അലാസ്ക മുഴുവന്‍ മഞ്ഞുരുകൽ ഭീഷണി നേരിടുമ്പോള്‍ ഡെനാലിയും സമാനമായ ഭീതിയിലാണ്. എന്നാല്‍ ഡെനാലി ഭയപ്പെടുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകുന്ന മറ്റൊരു പ്രദേശവും നേരിടാത്ത ഒരു ഭീഷണി. ഡെനാലിയില്‍ ഉരുകുന്ന മഞ്ഞിനൊപ്പം മനുഷ്യ വിസര്‍ജ്ജ്യം കൂടിയാണ് ഇപ്പോള്‍ പുറത്തേക്കു വരുന്നത്.

 പതിറ്റാണ്ടുകളായി ഡെനാലിയിലേക്കെത്തുന്ന സഞ്ചാരികളുടെ വിസർജ്യമെല്ലാം മഞ്ഞില്‍ നിർമിക്കുന്ന കുഴികളില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. മഞ്ഞില്‍ ഉറഞ്ഞു പോകുന്നതിനാല്‍ പിന്നീട് ഈ വിസർജ്യമെല്ലാം ബാക്ടീരിയകളുടെ പ്രവര്‍ത്തനമില്ലാതെ അതേ അവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇപ്പോള്‍ പുറത്തേക്കു വരുന്ന മനുഷ്യമാലിന്യം ചെറിയ അളവിലാണെങ്കില്‍ മഞ്ഞുരുക്കം വർധിക്കുന്നതോടെ ഒരു പക്ഷേ വിസർജ്യത്തിന്‍റെ ഉരുള്‍ പൊട്ടല്‍ തന്നെ ഈ മേഖലയിലുണ്ടായേക്കാം എന്നാണു കരുതുന്നത്.

കെട്ടി കിടക്കുന്നത് 66 ടണ്‍ മനുഷ്യ വിസര്‍ജ്യം

Mount Denali

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരമാണ് അലാസ്കയിലെ ഡെനാലി പര്‍വതം. ലോകത്ത് കീഴടക്കാന്‍ ഏറ്റവും പ്രയാസമുള്ള ഏഴു പര്‍വത ശിഖരങ്ങളിലൊന്നാണിത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. വര്‍ഷം തോറും ആയിരക്കണത്തിനു പേരാണ് പര്‍വതാരോഹണത്തിനായെത്തുന്നത്. വര്‍ഷത്തില്‍ 2 ടൺ മനുഷ്യവിസര്‍ജ്യമെങ്കിലും ഇവിടെ നിക്ഷേപിക്കപ്പെടുന്നു എന്നാണു കണക്കാക്കുന്നത്. ഇവയെല്ലാം കൂടി മഞ്ഞുരുകുമ്പോൾ പുറത്തേക്കെത്തിയാലുണ്ടാകുന്ന മലിനീകരണവും ആരോഗ്യപ്രശ്നങ്ങളുമാണ് ഇപ്പോൾ അധികൃതരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്.

പര്‍വത ശിഖരത്തിലേയ്ക്കുള്ള ഏറ്റവും തിരക്കേറിയ മാര്‍ഗമായ കാഹില്‍റ്റ്ന മഞ്ഞുപാളിക്കു സമീപമാണ് ഏറ്റവുമധികം മാലിന്യം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നത്. ഏറ്റവുമധികം മഞ്ഞുരുക്കമുണ്ടാകുന്നതും ഈ പ്രദേശത്താണ്. മനുഷ്യ വിസര്‍ജ്യം മഞ്ഞിനടിയില്‍ നിന്ന് യന്ത്രങ്ങളുപയോഗിച്ചു വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് മഞ്ഞുപാളികളെ ദുര്‍ബലപ്പെടുത്തുമെന്നു കണ്ടെത്തിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മാറ്റത്തിന് ചുക്കാന്‍ പിടിച്ച് സഞ്ചാരികള്‍

പുതിയ തലമുറയിലെ സഞ്ചാരികള്‍ ഡെനാലി പര്‍വതത്തിലെ മനുഷ്യ വിസര്‍ജ്യ മലിന്യത്തിന് ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ ഡെനാലിയിലേക്കെത്തുന്ന സഞ്ചാരികളെല്ലാം പര്‍വതം കയറുന്നത് കയ്യില്‍ സ്വന്തം വിസര്‍ജ്യ ശേഖരണത്തിനുള്ള ചെറിയ കാനുകളുമായാണ്. പര്‍വതാരോഹണ സമയത്ത് പ്രകൃതിയുടെ വിളി വന്നാല്‍ ഇവര്‍ ഇതില്‍ കാര്യം സാധിക്കും. തിരികെ താഴെ എത്തിയ ശേഷം മാലിന്യ സംസ്കരണ വിഭാഗത്തില്‍ ഇവ ഏല്‍പിക്കുകയും ചെയ്യും.

ഡെനാലിയില്‍ 4300 മീറ്റര്‍ വരെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഇവയില്‍ മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. അത്തരം കാര്യങ്ങള്‍ നിയന്ത്രിയ്ക്കാന്‍ കഴിയില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് അത് ചെയ്യാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മനുഷ്യ വിസര്‍ജ്യം മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണി മനസ്സിലാക്കി സഞ്ചാരികള്‍ കാനുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുന്നത് സന്തോഷം നല്‍കുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്നവരാണ് സഞ്ചാരികളെന്നു തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും നാഷണല്‍ പാര്‍ക്ക് സര്‍വീസിലെ ഗ്ലേഷ്യോളജിസ്റ്റായ മൈക്കിള്‍ ലോസോ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA