ലോകത്തെ ഏറ്റവും വലിയ മഞ്ഞുപാളി ഉരുകുന്നത് 12 ഇരട്ടി വേഗതയില്‍; ആശങ്കയോടെ ശാസ്ത്രലോകം!

HIGHLIGHTS
  • റോസ് ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഫ്രാന്‍സിന്‍റെ വലുപ്പം
  • ഐസ് ഷെല്‍ഫിനെ ദുര്‍ബലമാക്കുന്നത് കടല്‍ജലത്തിന്‍റെ താപനില വർധനവ്
Antarctic
SHARE

ഭൂമിയിലെ ഏറ്റവും വിസ്തൃതിയുള്ള മഞ്ഞുപാളി സ്ഥിതി ചെയ്യുന്നത് അന്‍റാര്‍ട്ടിക്കയിലാണ്. റോസ് ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഫ്രാന്‍സിന്‍റെ വലുപ്പമുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ്വരെ ആഗോളതാപനം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നു കരുതിയ അന്‍റാര്‍ട്ടിക്കിലെ ഈ മേഖലയിലെ ഇന്നത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. അന്‍റാര്‍ട്ടിക്കിലെ തന്നെ മറ്റു മഞ്ഞാപാളികളും ഉരുകുന്നതിന്‍റെ ശരാശരി വേഗം കണക്കിലെടുത്താല്‍ റോസ് ഐസ് ഷെല്‍ഫ് ഉരുകുന്നതിന്‍റെ വേഗത ഏതാണ്ട് 12 ഇരട്ടിയാണ്.

രാജ്യാന്തര ഗവേഷക സംഘം നാലു വര്‍ഷമായി നടത്തിയ പഠനത്തിന്‍റെയും ശേഖരച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റോസ് ഐസ് ഷെല്‍ഫ് ഉരുകുന്നതിനു കാരണം കടല്‍ജലത്തിന്‍റെ താപനില വര്‍ദ്ധനവ് തന്നെയാണെന്നു ഗവേഷകര്‍ പറയുന്നു. ആഴക്കടല്‍ ജലത്തിന്‍റെയും മുകള്‍പ്പരപ്പിലെ ജലത്തിന്‍റെ താപനിലയും അന്‍റാര്‍ട്ടിക് മേഖലയില്‍ വർധിക്കുന്നുണ്ട്. ഇതു തന്നെയാണ് റോസ് ഐസ് ഷെല്‍ഫിനെ ദുര്‍ബലമാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

റോസ് ഐസ് ഷെല്‍ഫ് ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്?

Antarctic

മഞ്ഞുപാളികള്‍ തകര്‍ന്നു വീഴുമ്പോള്‍ അത് സമീപത്തുള്ള മറ്റ് രണ്ടോ മൂന്നോ മഞ്ഞുപാളികളെ കൂടി ദുര്‍ബലമാക്കാറുണ്ട്. വൈകാതെ അവയും കടല്‍ജലത്തിന്‍റെ ആക്രമണത്തില്‍ തകരുന്നതിന് ഇത് കാരണമാകും. പക്ഷേ ഇതുവരെ അന്‍റാര്‍ട്ടിക്കില്‍ തകര്‍ന്നു വീഴുന്നതായി നിരീക്ഷിച്ചിട്ടുള്ള മഞ്ഞുപാളികളെ പോലെയല്ല റോസ് ഐസ് ഷെല്‍ഫ്. അവയേക്കാള്‍ നൂറിരട്ടിയിലധിം വലുപ്പമുള്ളതാണ്. അതുകൊണ്ട് തന്നെ റോസ് ഐസ് ഷെല്‍ഫിന്‍റെ തകര്‍ച്ച ചുറ്റുമുള്ള മഞ്ഞുപാളികളെ മാത്രമല്ല അന്‍റാര്‍ട്ടിക്ക് എന്ന ധ്രുവപ്രദേശത്തെ തന്നെ ദുര്‍ബലമാക്കാന്‍ ശേഷിയുള്ളതാണ്.

റോസ് ഐസ് ഷെല്‍ഫില്‍ തന്നെ സ്ഥാപിച്ച യന്ത്രങ്ങളില്‍ നിന്നും റഡാറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഐസ് ഷെല്‍ഫിന്‍റെ താപനില വ്യതിയാനം, ലവണാംശം എന്നിവയും സമുദ്ര താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഉഷ്ണതാപങ്ങളുടെ വർധനവുമെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ നിഗമനത്തില്‍ ഗവേഷകരെത്തിയിരിക്കുന്നത്. പഠനങ്ങള്‍ക്കായി ഐസ് ഷെല്‍ഫില്‍ 260 മീറ്റര്‍ ആഴത്തില്‍ കുഴല്‍ക്കിണര്‍ വലിപ്പത്തില്‍ കുഴിച്ചാണ പല വിവരങ്ങളും ശേഖരിച്ചത്. കൂടാതെ ഐസ് ഷെല്‍ഫിലൂടെ ഏതാണ്ട് 1000 കിലോമീറ്ററാണ് ഗവേഷകരായ ക്രെയ്ഗ് സ്റ്റുവാര്‍ട്ടും, ക്രിസ്റ്റോഫേഴ്സണും സഞ്ചരിച്ചത്.

നിലവില്‍ റോസ് മഞ്ഞുപാളിയുടെ കനം കുറഞ്ഞ ഭാഗത്താണ് ഏറ്റവുമധികം മഞ്ഞുരുക്കം നടക്കുന്നത്. പക്ഷേ ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് മഞ്ഞുപാളിയുടെ വളരെ നിര്‍ണായകമായ പ്രദേശത്താണ്. സൂര്യതാപം മൂലം ചൂടു പിടിക്കുന്ന സമുദ്രത്തിന്‍റെ മേല്‍പ്പരപ്പിലെ ജലം ഐസ് ഷെല്‍ഫില്‍ രൂപപ്പെട്ടിട്ടുള്ള ഒരു തുരങ്കത്തിലൂടെ ഇപ്പോള്‍ ഉള്ളിലേക്കൊഴുകുകയാണ്. ഇത് ഐസ് ഷെല്‍ഫിന്‍റെ ഉരുകലിന്‍റെ വേഗത ഏതാണ്ട് 3 ഇരട്ടിയായി വർധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതിനു പുറമേ ശക്തമായ കാറ്റും തിരമാലയും ഐസ്  ഷെല്‍ഫിലേക്കുള്ള ചൂടു വെള്ളത്തിന്‍റെ ഒഴുക്ക് മിക്കപ്പോഴും ശക്തമാക്കുന്നുണ്ട്. 

antarctic

അന്‍റാര്‍ട്ടിക് മഞ്ഞുപാളികളുടെ 32 ശതമാനവും ഉള്‍ക്കൊള്ളുന്നത് റോസ് ഐസ് ഷെല്‍ഫാണ്. നിലവില്‍ ഈ മഞ്ഞുപാളി ശക്തമായി തന്നെയാണ് നിലനില്‍ക്കുന്നതെങ്കിലും മഞ്ഞുരുക്കം ഈ വേഗത്തില്‍ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ തന്നെ കുഴപ്പങ്ങള്‍ ആരംഭിച്ചേക്കാമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്തുണ്ടാകുന്ന ശക്തമായ മഞ്ഞുരുകല്‍ ആശങ്കപ്പെടുത്തുന്നതാണ്. 2050 ആകുമ്പോഴേക്കും റോസ് ഐസ് ഷെല്‍ഫിന്‍റെ വേനല്‍ക്കാലത്തെ വ്യാപ്തി ഇപ്പോഴത്തേതില്‍ നിന്ന് 56 ശതമാനമായ ചുരുങ്ങുമെന്നാണു കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA