താനേ തുറക്കുകയും അടയുകയും ചെയ്യുന്ന അന്‍റാര്‍ട്ടിക്കയിലെ രഹസ്യകവാടത്തിനു പിന്നിൽ?

HIGHLIGHTS
  • തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന ഈ ദ്വാരം ഇന്നും ഗവേഷകര്‍ക്ക് ഒരു നിഗൂഢതയാണ്
  • ഈ വിള്ളലുകള്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായും ബന്ധമുണ്ടാകാമെന്നും ഗവേഷകര്‍
A Mysterious Hole Keeps Opening Up in Antarctica
SHARE

1970 കളിലാണ് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന സാറ്റ്‌ലെറ്റുകള്‍ ബഹിരാകാശത്തെത്തുന്നത്. അന്നെടുത്ത ചിത്രങ്ങള്‍ പരിശോധിക്കാനും പഠനം നടത്താനും തന്നെ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അന്ന് അമേരിക്കന്‍ ഉപഗ്രഹങ്ങളെടുത്ത ചിത്രങ്ങളിലൊന്നിലാണ് അന്‍റാര്‍ട്ടിക്കിലെ ആ രഹസ്യകവാടം ആദ്യമായി ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം ഉപഗ്രഹങ്ങളെടുത്ത ചിത്രത്തില്‍ ഈ ദ്വാരം കാണാനായില്ലെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. മഞ്ഞു മൂടുമ്പോള്‍ അടഞ്ഞു പോകാവുന്നതിലും അധികം ആഴവും വിസ്തൃതിയും ആ ദ്വാരത്തിനുണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. കാരണം ഇല്ലെങ്കില്‍ ഈ ദ്വാരം ഉപഗ്രഹ ക്യാമറകളില്‍ വ്യക്തമാകുമായിരുന്നില്ല. 

അന്‍റാര്‍ട്ടിക്കയിലെ ഈ രഹസ്യ കവാടത്തിന്‍റെ ഒളിച്ചുകളി പിന്നെയും തുടര്‍ന്നു. പലപ്പോഴും പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്ത് കൊണ്ടിരുന്നുവെങ്കിലും ഈ വലിയ ദ്വാരത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഗവേഷകര്‍ക്കു ലഭിച്ചില്ല. അതുകൊണ്ട് തന്നെ തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന ഈ ദ്വാരം ഇന്നും ഗവേഷകര്‍ക്ക് ഒരു നിഗൂഢതയാണ്.

ശൈത്യകാലത്തെ വിള്ളല്‍

Antarctica

ഒന്നര വര്‍ഷം മുന്‍പ് ലഭിച്ച ഈ വിടവിന്‍റെ ദൃശ്യങ്ങളാണ് ഗവേഷകരെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തയത്. ഡിസംബറിലെ കൊടും ശൈത്യകാലത്താണ് ഈ വിള്ളല്‍ ലാസര്‍വിയ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന അതേ മഞ്ഞുപാളിയില്‍ രൂപപ്പെട്ടത്. അതേസമയം തുടര്‍ന്നു വന്ന വേനലില്‍ ഈ വിള്ളല്‍ അപ്രത്യക്ഷമാകുകയും ചെയ്തു. 9500 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമാണ് ഈ വിടവിനു ശൈത്യകാലത്തുണ്ടായിരുന്നത്. ജനുവരി പിന്നിട്ടതോടെ ഇത് 980 ഇരട്ടിയായി വർധിച്ചു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ തൊട്ടു പിന്നാലെയെത്തിയ വേനല്‍ക്കാലത്ത് ഈ വിള്ളല്‍ അപ്രത്യക്ഷമാകുകയും ചെയ്തു.

ഇതുവരെ ലഭ്യമായ പഠനങ്ങളും സാറ്റ്‌ലെറ്റ് ദൃശ്യങ്ങളും വച്ച് ഈ മഞ്ഞുപാളിയില്‍ സംഭവിക്കുന്നതെന്താണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇപ്പോള്‍ ഈ പ്രതിഭാസത്തിന് ഏതാണ്ട് തൃപ്തികരമായ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് അബുദാബിയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാല ശാഖയിലെ ഗവേഷകര്‍. 

പോളിന്യാസ് പ്രതിഭാസം

അന്‍റാര്‍ട്ടിക്കില്‍ പലപ്പോഴും സംഭവിക്കുന്ന പോളിന്യാസ് എന്ന പ്രതിഭാസമാകാം ഈ വിള്ളല്‍ സൃഷ്ടിക്കുന്നതെന്നാണു ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഒരു തരത്തിലുള്ള ചുഴലിക്കൊടുങ്കാറ്റാണ് പോളിന്യാസ് എന്നറിയപ്പെടുന്നത്. 2017 സെപ്റ്റംബറില്‍ ദക്ഷിണധ്രുവത്തിനു സമീപത്തായി താപവാതവും, ശീതപാതവും തമ്മില്‍ കൂട്ടിമുട്ടിയത് വലിയൊരു ചുഴലിക്കാറ്റിനു വഴിവച്ചിരുന്നു. മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഈ ചുഴലിക്കാറ്റില്‍ ഏതാണ്ട് 16 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. 

Antarctica

ഈ കാറ്റ് അന്‍റാര്‍ട്ടക്കിലെ മഞ്ഞുപാളികള്‍ വിഘടിച്ചു പോകുന്നതിന് കാരണമാകുകയും ചുഴലിക്കാറ്റിന്‍റെ മധ്യത്തിലായി  തുളച്ച പോലെ മഞ്ഞുനീങ്ങി വിള്ളല്‍ രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകര്‍ വിവരിക്കുന്നത്. അന്‍റാര്‍ട്ടിക്കില്‍ ദക്ഷിണ ധ്രുവത്തോടു ചേര്‍ന്ന് പലപ്പോഴായി ചുഴലിക്കാറ്റുകള്‍ ഉണ്ടായിട്ടുണ്ട്.,ഒരു പക്ഷേ ഈ ചുഴലിക്കാറ്റുകള്‍ മഞ്ഞുപാളികളെ പല ദിശയിലേക്കായി അകറ്റുന്നതാകാം മധ്യത്തില്‍ വിള്ളല്‍ രൂപപ്പെടാന്‍ കാരണമന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ചുഴലിക്കാറ്റുകള്‍ ഉണ്ടായത്തിന്‍റെ രേഖകളും വിള്ളല്‍ രൂപപ്പെട്ട സമയങ്ങളും തമ്മിലുള്ള താരതമ്യം പഠനം ആവശ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ ചുഴലിക്കാറ്റുണ്ടായ കാലഘട്ടങ്ങളിലാണോ ഈ വിള്ളല്‍ രൂപപ്പെട്ടതെന്നാണ് ന്യൂയോര്‍ക്ക് സര്‍വകലാശാല ഗവേഷകര്‍ ഇപ്പോള്‍ നിരീക്ഷിച്ചു വരുന്നത്. ഒരു പക്ഷേ ഈ വിള്ളലുകള്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായും ബന്ധമുണ്ടാകാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

പോളിന്യാസും കാലാവസ്ഥാ വ്യതിയാനവും.

ചുഴലിക്കൊടുങ്കാറ്റിന് പൂര്‍ണമായും വിഘടിപ്പിക്കാന്‍ കഴിയാത്ത വിധമുള്ള കൂറ്റന്‍ മഞ്ഞുപാളികളിലാണ് പോളിന്യാസ് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് മഞ്ഞുപാളി രണ്ടായി പിളരാതെ മധ്യത്തില്‍ കുളം കുത്തിയത് പോലെ വിള്ളല്‍ രൂപപ്പെടുന്നത്. പക്ഷേ ഈ വിള്ളലുകള്‍ രൂപപ്പെടുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടല്ല. എന്നാല്‍ ഈ വിള്ളലുകള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആക്കം കൂട്ടാനുള്ള ശേഷിയുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. കൂറ്റന്‍ മഞ്ഞുപാളികള്‍ക്ക് നടുവിലാണ് രൂപപ്പെടുന്നത് എന്നതിനാല്‍ ഇവ ഒരു ജനാല പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് വലിയ തോതിലുള്ള ഊര്‍ജ ശോഷണത്തിനു മഞ്ഞുപാളികളില്‍ ഇടയാക്കുന്നു. സ്വാഭാവികമായി ഈ പ്രവര്‍ത്തനം പ്രാദേശികമായും ക്രമേണ ലോക വ്യാപകമായും സമുദ്ര ചംക്രമണത്തെ വരെ ബാധിക്കുമെന്നും ഗവേഷകര്‍ വിവരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA