വര്‍ഷത്തില്‍ 20 മീറ്റര്‍ നീങ്ങിയിരുന്ന മഞ്ഞുമലയുടെ വേഗതയിപ്പോൾ ദിവസത്തില്‍ 20 മീറ്റർ; അമ്പരന്ന് ഗവേഷകർ!

The Vavilov Ice Cap
The Vavilov Ice Cap. Image Credit: NASA Earth Observatory
SHARE

വടക്കന്‍ റഷ്യയിലെ ഒരു മഞ്ഞുപാളിയാണ് ഇപ്പോള്‍ വര്‍ഷത്തില്‍ 6 കിലോമീറ്റര്‍ എന്ന വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഈ മഞ്ഞുമലയുടെ വേഗതയിലുണ്ടായ മാറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. വാവിലോവ് എന്ന മഞ്ഞുപാളിയുടെ വേഗത്തിലാണ് ഈ അതിശയകരമായ മാറ്റമുണ്ടായത്. വേഗം മാത്രമല്ല ഇതിനനുസരിച്ച് മഞ്ഞുപാളിയിലുണ്ടാകുന്ന മഞ്ഞിന്‍റെ നഷ്ടവും കൂടിയാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്. 

ശീതമരുഭൂമിയിലെ മഞ്ഞുമലകള്‍

വാവിലോവ് മഞ്ഞുമലയുടെ ഈ ഉരുകല്‍ ഗവേഷകരെ ആശങ്കപ്പെടുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. കോള്‍ഡ് ബെസ്ഡ് ഇനത്തില്‍ പെടുന്നതാണ് വാവിലോവ് മഞ്ഞുമല. അതായത് ആര്‍ട്ടിക്കിലെ മഞ്ഞുമരുഭൂമിയില്‍ മഴവെള്ളത്തിന്‍റെയും മറ്റും സഹായമില്ലാതെ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ രൂപപ്പെട്ട് അതേ രീതിയില്‍ തുടര്‍ന്ന് വന്ന ഒന്ന്. അതുകൊണ്ട് തന്നെ പുറമെ രൂപപ്പെടുന്ന മഞ്ഞുപാളികളേക്കാള്‍ കരുത്തുള്ളതും സമ്മര്‍ദത്തെയും താപത്തെയും വരെ അതീജീവിക്കുന്നവയുമാണ് അവ. മറ്റു മഞ്ഞുപാളികള്‍ക്കുള്ളതു പോലെ കടല്‍ജലം ചൂടു പിടിക്കുന്നത് കൊണ്ടുരുകുന്ന സ്വഭാവവും ഇവയ്ക്കില്ല.

മറിച്ച് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന കുത്തനെയുള്ള വർധനവിലൂടെ മാത്രമെ ഇവ ഉരുകാന്‍ തുടങ്ങൂ. റഷ്യന്‍ മേഖലയില്‍ ഇതിനുതകുന്ന രീതിയില്‍ അന്തരീക്ഷ താപനിലയിൽ വർധനവുണ്ടാകുന്നുണ്ടെന്നാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. ഈ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മഞ്ഞുരുകലാണ് മറ്റു പരന്ന മഞ്ഞു പാളികള്‍ക്ക് മുകളിലൂടെ ഇത്ര വേഗത്തില്‍ ഈ മഞ്ഞുമല സഞ്ചരിക്കാന്‍ കാരണമാകുന്നത്. ഇനിയും ഈ വേഗത്തില്‍ സഞ്ചാരം തുടര്‍ന്നാൽ വാവിലോവ് വൈകാതെ കടലിലേക്കെത്തുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇതോടെ കടല്‍വെള്ളത്തില്‍ നിന്നുള്ള ചൂട് കൂടിയേറ്റ് വാവിലോവ് മഞ്ഞുമല ഉരുകിയൊലിക്കുന്നതിന്‍റെ വേഗം വർധിക്കുമെന്നും ഇവര്‍പറയുന്നു.

അപ്രതീക്ഷിത വേഗം

മഞ്ഞുപാളികളുടെയും മഞ്ഞുമലകളുടെയും രൂപം മാറുന്നതും അവ ചെറുതാകുന്നതും വലുപ്പം വയ്ക്കുന്നതുമെല്ലാം സ്വാഭാവിക പ്രക്രിയയാണ്. പക്ഷേ വേവിലേവ് മഞ്ഞുമലയില്‍ ഈ ഉരുകലിന്‍റെയും അതിന്‍റെ സഞ്ചാരത്തിന്‍റെയും വേഗമാണ് അമ്പരപ്പിക്കുന്നത്. പഠനം നടത്തുന്നത് വാവിലോവിനെ അടിസ്ഥാനമാക്കിയാണെങ്കിലും സമാനമായ മാറ്റങ്ങള്‍ മേഖലയിലെ മറ്റു മഞ്ഞുപാളികളിലും ഉണ്ടായേക്കാമെന്നും ഗവേഷകര്‍ ഭയക്കുന്നു. വര്‍ഷത്തില്‍ 20 മീറ്റര്‍ നീങ്ങിക്കൊണ്ടിരുന്ന മഞ്ഞുമല ഇപ്പോള്‍ ദിവസത്തില്‍ 20 മീറ്റര്‍ എന്ന വേഗത്തിലേക്കെത്തിയെങ്കില്‍ അത് അപ്രതീക്ഷിതം മാത്രമല്ല അസാധാരണവുമാണെന്ന് കൊളറാഡോ സര്‍വകലാശാലയില്‍ മഞ്ഞുപാളികളെപ്പറ്റി ഗവേഷണം നടത്തുന്ന പ്രൊഫ. മൈക്കിള്‍ വെല്‍സ് പറയുന്നു. പ്രത്യേകിച്ചും മഞ്ഞുമരുഭൂമിയില്‍ കരയ്ക്ക് മുകളില്‍ കാണപ്പെടുന്ന ഒരു മഞ്ഞുമലയില്‍ ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മൈക്കിള്‍ വെല്‍സ് വിശദീകരിക്കുന്നു. 

The Vavilov Ice Cap
The Vavilov Ice Cap on July 1, 2013 (left) and on June 24, 2018 (right). Image Credit: NASA Earth Observatory

2018 ലാണ് വാവിലോവ് മഞ്ഞുമലയെ ഗ്ലേസിയോളജിസ്റ്റുകള്‍ പഠനത്തിനു വിധേമാക്കുന്നത്. ഇതോടെയാണ് അടുത്തിടെ മഞ്ഞുമലയുടെ ഉരുകലിലും അതുമൂലം അത് സഞ്ചരിക്കുന്നതിന്‍റെ വേഗതയിലുമുണ്ടായ മാറ്റങ്ങൾ ഇവര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. 2013 ന് മുന്‍പ് മൂന്ന് ദശാബ്ദ കാലം കൊണ്ട് വാവിലോവ് മഞ്ഞുമല ഉരുകി നീങ്ങിയത് ഏതാനും മീറ്ററുകള്‍ മാത്രമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ 2015 -2016 ആയപ്പോഴേക്കും മഞ്ഞുമല ഉരുകുന്നതിന്‍റെയും അതുമൂലം മഞ്ഞുമല തെന്നി നീങ്ങുന്നതിന്‍റെയും വേഗത കുത്തനെയുയര്‍ന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് മഞ്ഞുമല നീങ്ങുന്ന ദൂരം പോലും സാറ്റ്‌ലെറ്റ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമെന്ന നിലയിലാണിപ്പോള്‍.

ശൈത്യമേഖലകളിലെ മഞ്ഞുപാളികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഉപേക്ഷിക്കാന്‍ വാവിലോവ് മഞ്ഞുമലയിലുണ്ടായ മാറ്റം നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തോടെ  മഞ്ഞുപാളികളുടെ അടിസ്ഥാന സ്വഭാവത്തില്‍ പോലും മാറ്റം വന്നിരിക്കുകയാണ്. അന്‍റാര്‍ട്ടിക്, ഗ്രീന്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങളിലാണ് ഇത് ഏറ്റവുമധികം ദൃശ്യമാകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA