ADVERTISEMENT

യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തിറക്കിയ പുതിയ പഠനത്തിലാണ് ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പു നല്‍കുന്നത്. മുന്‍പ് ശരാശരി 98 സെന്‍റിമീറ്റര്‍ വരെ വർധനവാണ് കടല്‍ ജലനിരപ്പില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചത്. എന്നാല്‍ പുതിയ പഠനമനുസരിച്ച് 2100 ആകുമ്പോഴേക്കും ജലനിരപ്പ് ഇപ്പോഴുള്ളതിനേക്കാള്‍ രണ്ട് മീറ്റര്‍ വരെ ഉയരും.

ജലനിരപ്പിനൊപ്പം വർധിക്കുന്ന ആശങ്ക

Sea level rise could hit 2 metres by 2100

തീര്‍ച്ചയായും ഈ കണ്ടെത്തല്‍ അതീവ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. ഈ അളവില്‍ കടല്‍നിരപ്പുയര്‍ന്നാല്‍ ഏകദേശം 1.79 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ കരമേഖല കടലെടുക്കുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. 18 കോടി ജനങ്ങള്‍ക്ക് അവരുടെ കിടപ്പാടം നഷ്ടമാകാന്‍ ഇത് കാരണമാകും. കൂടാതെ ഭൂമിയിലെ ഭക്ഷ്യോൽപാദനവും ഗണ്യമായി കുറയാന്‍ ജലനിരപ്പിലെ ഈ വർധനവ് വഴിയൊരുക്കും . മനുഷ്യരാശി ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാകും കാലാവസ്ഥാ വ്യതിയാനം തള്ളിവിടുകയെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റണ്‍ സര്‍വകലാശാല പ്രഫസറും ഗവേഷകനുമായി ജോനാതന്‍ ബാംബര്‍ പറയുന്നു.

അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തിന്‍റെ ഏഴിരട്ടി വലുപ്പമുള്ള പ്രദേശമാകും ലോകത്താകമാനമായി വെള്ളത്തിനടിയിലാകുക. കാനഡ, ജര്‍മ്മനി, യുകെ എന്നിവിടങ്ങളിലെ ജനസംഖ്യ ആകെ കൂട്ടിലായുള്ളത്ര ആളുകളാകും കുടിയൊഴിപ്പിക്കപ്പെടുകയെന്നും കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് ജോനാതന്‍ പറയുന്നു. കൂടാതെ ന്യൂയോര്‍ക്ക്, ലണ്ടന്‍, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളുടെ നിലനില്‍പിനെ ഈ ജലനിരപ്പ് വർധനവ് ബാധിക്കും

പരാജയപ്പെടുന്ന മനുഷ്യന്‍

ജോനാതന്‍റെ നേതൃത്വത്തില്‍ 22 ഗവേഷകരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഗ്രീന്‍ലന്‍ഡ് മുതല്‍ അന്‍റാര്‍ട്ടിക് വരെയുള്ള പ്രദേശങ്ങളിലെ മഞ്ഞുരുകലിന്‍റെ വേഗതയും അളവും കണക്കാക്കിയാണ് ജലനിരപ്പ് വർധനവിന്‍റെ ഏകദേശ ചിത്രം തയ്യാറാക്കിയത്. വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 2 ഡിഗ്രിയില്‍ താപനില വർധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ പരാജയപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ കടല്‍ജലനിരപ്പിലുണ്ടാകുന്ന ഈ വർധനവും സുനിശ്ചിതമാണെന്നു ഗവേഷകര്‍ പറയുന്നു. 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം മനുഷ്യര്‍ ഭൂമിയില്‍ സൃഷ്ടിച്ച അസന്തുലിതാവസ്ഥകളുടെ ഫലമാണ്. പക്ഷേ സ്വന്തം തെറ്റുകള്‍ മനുഷ്യര്‍ തിരിച്ചറിയാനും അത് പരിഹാരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനും ഏറെ വൈകി. ഇപ്പോള്‍ സ്വയം വരുത്തി വച്ച ദുരന്തത്തിനു മുന്നില്‍ ഏറെക്കുറെ നിസ്സഹായരാണ് മനുഷ്യവംശം. ശാസ്ത്രത്തിന്‍റെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊന്നും തന്നെ ലോകജനതയുടെ ഒറ്റക്കെട്ടായ പിന്തുണയിലാതെ ഈ ദുരന്തത്തെ ഫലപ്രദമായി നേരിടാന്‍ കഴിയില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ശരിയോ തെറ്റോ എന്നു പോലും ഇപ്പോഴും തര്‍ക്കം തുടരുന്ന ഭരണകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഒറ്റക്കെട്ടായ ചെറുത്തുനില്‍പും വിദൂര സാധ്യത മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com