ADVERTISEMENT

സംസ്ഥാനത്ത് ചൂടും ഉഷ്ണക്കാറ്റും വരൾച്ചയും രൂക്ഷമായതോടെ ഗ്രാമീണ മേഖലകളിൽ ജനം ദുരിതത്തിൽ. മഹാരാഷ്ട്രയിലെ അണക്കെട്ടുകളിൽ ജലനിരപ്പ്  13 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ വർഷം ഇതേസമയം 23 ശതമാനമായിരുന്നു ജലനിരപ്പ്. മറാഠ്‌വാഡയിലെ ഒൗറംഗാബാദിൽ അണക്കെട്ടുകളിലെ ജലശേഖരം 2.86 ശതമാനമായി. ഇതോടെ, കുടിക്കാൻ പോലും ശുദ്ധജലമില്ലാതെ വലയുകയാണ് ജനം. ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശമായി വിദർഭയിലെ ചന്ദ്രാപുർ മാറി. ആഞ്ഞുവീശുന്ന ചൂടുകാറ്റിനൊപ്പം ചന്ദ്രാപുർ ജില്ലയിൽ താപനില കുതിച്ചുയരുകയാണ്. 48 ഡിഗ്രിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില. ഒരാഴ്ചയ്ക്കിടെ വിദർഭ മേഖലയിൽ സൂര്യാഘാതമേൽക്കുന്ന സംഭവങ്ങൾ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പാടത്തും റോഡരികിലുമായി മുതിർന്ന പൗരൻമാരടക്കമുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് സൂര്യാഘാത മരണങ്ങളാണെന്ന അനുമാനത്തിലാണ് പൊലീസ്. അതിനിടെ, സംസ്ഥാനത്തിന്റെ പല മേഖലകളിലും ഉഷ്ണക്കാറ്റ് തുടരുമെന്ന മുന്നറിയിപ്പ് ആശങ്ക ഇരട്ടിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ 28,524 ഗ്രാമങ്ങളാണ് വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലിലെ ഇളവ്, വിദ്യാഭ്യാസ ഫീസ് എഴുതിത്തള്ളൽ, വായ്പകളുടെ പലിശ വേണ്ടെന്നുവയ്ക്കൽ തുടങ്ങി ഒട്ടേറെ ആശ്വാസനടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

drought

കൃഷിനാശം വ്യാപകം

വരൾച്ചയെത്തുടർന്ന് വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദർഭ, മറാഠ്‌വാഡ മേഖലകൾക്കു പുറമെ പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര മേഖലകളിലും വരൾച്ച രൂക്ഷമാണ്. സംസ്ഥാനത്തൊട്ടാകെ സർക്കാർ തുറന്ന 1500  ക്യാംപുകളിലായി 10 ലക്ഷം കന്നുകാലികളെയാണ് സംരക്ഷിക്കുന്നത്. തീറ്റയും വെള്ളവുമില്ലാതെ മിണ്ടാപ്രാണികളുടെ സ്ഥിതിയും ദയനീയം. 

നഗരമേഖലകളിൽ സ്ഥിതി ഭേദം

മുംബൈയിലും പരിസര പ്രദേശങ്ങളിലും സംസ്ഥാനത്തെ വിവിധ നഗരപ്രദേശങ്ങളിലും ശുദ്ധജല ലഭ്യതയിൽ രൂക്ഷമായ പ്രശ്നങ്ങളില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും ജലവിതരണ നിയന്ത്രണം തുടരുന്നുണ്ടെങ്കിലും നിശ്ചയിച്ചിട്ടുള്ള സമയങ്ങൾ മുടക്കമില്ലാതെ വെള്ളം എത്തുന്നുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ അപ്രതീക്ഷിത ജലവിതരണ മുടക്കവും ജലവിതരണത്തിലെ പ്രഷർ കുറവുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താത്തതും പ്രശ്നമാണ്. പൻവേൽ മേഖലയിൽ പ്രതിദിനം ഒന്നര മണിക്കൂറിലേറെ ജലവിതരണമുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളുള്ള സമുച്ചയങ്ങളിലും വേണ്ടത്ര ശുദ്ധജലം എത്തുന്നില്ലെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി ഭാരവാഹി മനോജ്കുമാർ പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള ജലവിതരണ പൈപ്പ് ഇടയ്ക്ക് പൊട്ടി ജലവിതരണം നിലയ്ക്കുകയും പതിവാണ്.

‘ചോർന്നു പോയ’ മഴവെള്ള സംഭരണ പദ്ധതി

മൂന്നു വർഷം മുൻപുണ്ടായ വരൾച്ചാക്കാലത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുൻകൈ എടുത്തു നടപ്പാക്കിയ ജലസംഭരണ പദ്ധതിയായ ജലയുക്ത ശിവാർ കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്നതാണ് ഇത്തവണത്തെ വരൾച്ച ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിലുടനീളം വൻ തോതിൽ കുഴികൾ എടുത്ത് മഴവെള്ളം സംഭരിക്കാനും ഏതാനും വർഷംകൊണ്ട് ജലനിരപ്പ് ഉയർത്തി വരൾച്ചയെ മറികടക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി കൊണ്ടുവന്നത്.  കോടികളാണ് പദ്ധതിക്കു ചെലവിട്ടത്. എന്നാൽ, മഴക്കുഴി പദ്ധതികൊണ്ട് കരാറുകാരുടെയും നടത്തിപ്പുകാരുടെയും പോക്കറ്റിൽ പണം നിറഞ്ഞതല്ലാതെ വരൾച്ചയും ജലക്ഷാമവും കുറയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ ആരോപണം. പാവപ്പെട്ട ഗ്രാമീണർ ശുദ്ധജലം  കിട്ടാതെ വലയുമ്പോൾ അവരുടെ പേരിൽ കോടികളാണ് സർക്കാർ ഉദ്യോഗസ്ഥരും ഭരണമുന്നണിയിലുള്ളവരും ജലയുക്ത ശിവാർ പദ്ധതിയുടെ പേരിൽ തട്ടിയെടുത്തിരിക്കുന്നതെന്നാണ് കോൺഗ്രസും എൻസിപിയും ഉന്നയിക്കുന്ന ആരോപണം.

drought

കുത്തനെ താഴ്ന്ന് ജലശേഖരം

അണക്കെട്ടുകൾ ഉണ്ടായിട്ടും വരൾച്ചയുടെ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് മഹാരാഷ്ട്രയിലെ ഗ്രാമീണർ. സർക്കാർ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം നടത്തിയും അണക്കെട്ടിനു മുന്നിൽ  സംഘടിച്ചും ദൂരമേഖലകളിൽ നിന്നു ടാങ്കറുകളിൽ വെള്ളം എത്തിച്ചും ശുദ്ധജലത്തിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണ് ഗ്രാമീണ ജനത. റേഷൻ പോലെ ജലം എത്തിക്കാൻ സംസ്ഥാനത്ത് 6200ൽ അധികം ടാങ്കർ ലോറികളാണ് സർക്കാർ ഏർപ്പാട് ചെയ്തിരിക്കുന്നത്. ഇത്രയേറെ ടാങ്കറുകൾ ഇതാദ്യമായാണ് സജ്ജമാക്കിയിരിക്കുന്നത്. 

മറാഠ്‌വാഡ മേഖലയിലാണ് വരൾച്ചയും ജലക്ഷാമവും ഏറ്റവും രൂക്ഷം. മഴ വൈകുമെന്ന കാലാവസ്ഥാ കേന്ദ്രം അധികൃതരുടെ മുന്നറിയിപ്പ് ഇൗ മേഖലയിലെ ജനങ്ങളുടെ നെഞ്ചിൽ തീ കോരിയിടുന്നു. അണക്കെട്ടുകളിലെ ജലശേഖരം 2.86 ശതമാനത്തിലേക്ക് താഴ്ന്നിരിക്കെ, രണ്ടു വർഷം മുൻപ് ഗുഡ്സ് ട്രെയിനിൽ ജലമെത്തിച്ചതിനു സമാനമായ അടിയന്തര നടപടികൾ വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം. നഗരമേഖലകളിലേക്ക് വെള്ളം ചോർത്താതെ ഗ്രാമീണർക്കു വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. പുണെ മേഖലയിൽ 12.6 ശതമാനാണ് ശേഷിക്കുന്ന ജലശേഖരം. നാസിക് മേഖലയിൽ ഇത് 13.29 ശതമാനം. അമരാവതി ഡിവിഷനിൽ 20 %, നാഗ്പുർ ഡിവിഷനിൽ 8 % എന്നതാണ് അണക്കെട്ടുകളിലെ ജലശേഖരത്തിന്റെ സ്ഥിതി. അണക്കെട്ടുകളിൽ 33 ശതമാനം വെള്ളമുള്ള കൊങ്കൺ മേഖലയിലാണ് അൽപം ഭേദപ്പെട്ട സാഹചര്യമുള്ളത്. 

Heatwave

ചുട്ടുപൊള്ളുന്നു ചന്ദ്രാപുർ

ആഞ്ഞുവീശുന്ന ചൂടുകാറ്റിനൊപ്പം ചന്ദ്രാപുർ ജില്ലയിൽ താപനില കുതിച്ചുയരുകയാണ്. 48 ഡിഗ്രിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില. മധ്യ ഇന്ത്യയിൽ നാഗ്പുരിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ചന്ദ്രാപുർ. പതിവിലും 4.5 ഡിഗ്രി കൂടുതലാണ് ഇത്തവണ ഇവിടെ ഉയർന്ന താപനില. പൊരിവെയിലിൽ വീടിനു പുറത്തിറങ്ങാൻ പലർക്കും കഴിയുന്നില്ല. സൂര്യാഘാതമേൽക്കാനുള്ള സാധ്യത സംബന്ധിച്ച് സർക്കാർ മുന്നറിയിപ്പുമുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള ചൂടുകാറ്റാണ് താപനില ഉയരാൻ കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com