അടുത്ത 48 മണിക്കൂറിൽ താപനില 3 ഡിഗ്രി വരെ ഉയരും; തമിഴ്നാട്ടിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

Heatwave
SHARE

അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിൽ പലയിടത്തും ഉഷ്ണ തരംഗത്തിനു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, തിരുവണ്ണാമലൈ, ധർമപുരി, സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, പെരമ്പലൂർ, വില്ലുപുരം ജില്ലകളിൽ അന്തരീക്ഷ താപനില 3 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

നേരിട്ട് വെയിൽ ഏൽക്കരുത്; സൂര്യാഘാത സാധ്യത

സൂര്യാഘാതത്തിനു സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകി. ചെന്നൈയിൽ കൂടിയ താപനില 41 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയും ആയിരിക്കും. ഒരാഴ്ചയിലേറെയായി നഗരത്തിലെ താപനില 40 ഡിഗ്രിക്ക് അടുത്താണ്.

കേരള അതിർത്തിയിൽ മഴ ലഭിക്കും

ഇതേ സമയം കേരളത്തിൽ മൺസൂൺ ആരംഭിച്ചതിനാൽ അതിർത്തി ജില്ലകളായ കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, തിരുനെൽവേലി, കന്യാകുമാരി, ഇറോഡ്, തിരുപ്പൂർ, തേനി, വിരുദുനഗർ ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 30 മുതൽ 40 കി.മീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ, സൂരലക്കോട് എന്നിവിടങ്ങളിലാണു കൂടുതൽ മഴ രേഖപ്പെടുത്തിയത്, 10 സെന്റീമീറ്റർ. തിരുനെൽവേലി, തേനി, നീലഗിരി ജില്ലകളിലും മഴ ലഭിച്ചു.

46 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

നഗരത്തിൽ പകലും രാത്രിയും ഉഷ്ണം കൂടുതലായി. നഗരത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്, 41.5 ഡിഗ്രി. വരും ദിവസങ്ങളിൽ  ഇതു വീണ്ടും ഉയരാനാണു സാധ്യത.ബംഗാൾ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നു വീശിയടിക്കുന്ന വരണ്ട കാറ്റാണ് താപനില ഉയരാൻ കാരണം. പുതുച്ചേരിയിലും താപനില ഉയരാനാണു സാധ്യത. മഹാരാഷ്ട്ര,  ആന്ധ്ര എന്നിവിടങ്ങളിൽ മൺസൂൺ മഴ ലഭിച്ചാൽ നഗരത്തിലെ താപനിലയിൽ നേരിയ കുറവുണ്ടാകും.കഴിഞ്ഞ വേനലിൽ നഗരത്തിലെ താപനില 44 ഡിഗ്രിവരെ എത്തിയിരുന്നു. ഇത്തവണ ഇത് 46 ഡിഗ്രി വരെയാകാനുള്ള സാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA