ADVERTISEMENT

കാലാവസ്ഥാ വ്യതിയാനമെന്നത് കണ്ടും കേട്ടും മടുപ്പു തോന്നുന്നുവെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന ഒരു പ്രാദേശിക പരിസ്ഥിതി പ്രശ്നമല്ല. ഭൂമിയിലെ മനുഷ്യരാശി നേരിടുന്ന അതിന്‍റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കിയേക്കാവുന്ന യാഥാർഥ്യമാണ്.  തുടക്കത്തില്‍ പറഞ്ഞ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളോടു കാണിച്ച അവഗണനയാണ് ഇന്ന് മനുഷ്യരാശി ആഗോള താപനമെന്ന വെല്ലുവിളി നേരിടാനുള്ള പ്രധാന കാരണം. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന ആദ്യ പ്രതിസന്ധികളിലൊന്നാണ് കടല്‍ ജലനിരപ്പുയരുന്നത്.

കടല്‍ ജലനിരപ്പുയരുന്നതോടെ ഭൂമിയുടെ കരഭാഗത്തില്‍ ചെറുതല്ലാത്ത ഒരു ശതമാനം വെള്ളത്തിനടിയിലാകും എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഏതൊക്കെ പ്രദേശങ്ങളാകും വെള്ളത്തിനടിയിലാകുക എന്നതു സംബന്ധിച്ചും വാസയോഗ്യമായ എത്ര ശതമാനം കരമേഖല  ബാക്കിയാകും എന്നതിനെക്കുറിച്ചുമുള്ള കണക്കുകളിൽ ഗവേഷകര്‍ക്കിടയില്‍ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ കടല്‍ നിരപ്പുയരുകയാണെന്നും ജനവാസ മേഖലകളുള്‍പ്പടെ കടലെടുത്ത് കോടിക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കുമെന്നും ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു.

കടലെടുക്കുന്ന അമേരിക്കന്‍ നഗരങ്ങള്‍

പ്രശസ്തമായ മയാമി ബീച്ചും അറ്റ്ലാന്റിക് നഗരവുമൊന്നും 2100 ല്‍ യുഎസിന്‍റെ ഭാഗമായിരിക്കില്ല എന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ താപനിയ ഉയരുന്നത് തുടര്‍ന്നാല്‍, അത് സൃഷടിക്കുന്ന കടല്‍ ജലനിരപ്പിലെ വർധനവിന്‍റെ അളവനുസരിച്ച് മയാമിയും അറ്റ്ലാന്‍റയും ഉള്‍പ്പടെ യുഎസിലെ 12 വന്‍ നഗരങ്ങള്‍ കടലിനടിയിലാകും. ഇത് നഗരങ്ങളുടെ കാര്യാണെങ്കില്‍ കടല്‍ തീരങ്ങളോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുടെയും ചെറുകിട പട്ടണങ്ങളുടെയും കണക്കുകള്‍ എണ്ണിയാല്‍ തീരാത്തതാണ്.

കടല്‍ ജലനിരപ്പിന്‍റെ അളവു കണക്കിലെടുത്ത് യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്‍റിസ്റ്റ് എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കയില്‍ കടല്‍പ്പെരുപ്പത്തിന്‍റെ ഭീഷണി നേരിടുന്ന പ്രദേശങ്ങളെക്കുറിച്ചു പറയുന്നത്. ഇതനുസരിച്ച് 12 വന്‍ നഗരങ്ങളുള്‍പ്പടെ യുഎസിലെ 35 നഗരങ്ങളില്‍ കടല്‍ ജലം കയറുമെന്നാണ് മുന്നറിയിപ്പ്. ഇത് മൂലം ഏതാണ്ട് രണ്ടരകോടി കെട്ടിടങ്ങള്‍ വാസയോഗ്യമല്ലാതാകുകയും എന്നന്നേക്കുമായി കടലിനടിയിലാവുകയും ചെയ്യും. 

2060 നും 2100 നും ഇടയ്ക്കാണ് കടലിലെ ജലനിരപ്പുയരുന്നത് രൂക്ഷമാകുകയെന്നാണ് ഈ പഠനം പറയുന്നത്. 1992ലെ കടല്‍ ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 2 മീറ്റര്‍ വരെ 2100 ആകുമ്പോഴേയ്ക്കും അമേരിക്കന്‍ തീരത്ത് വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നന്നേക്കുമായി വെള്ളത്തിനിടയിലാകുന്ന കെട്ടിടങ്ങളെയും നഗരങ്ങളെയും കൂടാതെ കടല്‍ ജലനിരപ്പുയരുന്നതു മൂലം വര്‍ഷത്തില്‍ ശരാശരി 100 ദിവസമെങ്കില്‍ കടലാക്രമണമോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാവുന്ന നഗരങ്ങളുടെയും ജനവാസ മേഖലകളുടെയും പട്ടികയും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഫ്ലോറിഡയിലെ 40 ശതമാനം വീടുകളും ഉത്തരത്തില്‍ വെള്ളപ്പൊക്കം മൂലം വാസയോഗ്യമല്ലാതാകും. ന്യൂജേഴ്സിയില്‍ ഏതാണ്ട് രണ്ടര ലക്ഷത്തോളം കെട്ടിടങ്ങള്‍ ഉപയോഗശൂന്യമാകും. വെള്ളത്തിനടിയിലാകുന്ന 12 നഗരങ്ങളുടെ പട്ടികില്‍ ഉള്‍പ്പെട്ടിട്ടുള്ളത് താഴെ പറയുന്നവയാണ്. മയാമി ബീച്ച് (ഫ്ലോറിഡ), ഹൊബോക്കണ്‍ ( ന്യൂ ജേഴ്സി), അറ്റ്ലാന്‍റിക് ( ന്യൂ ജേഴ്സി), കേ വെസ്റ്റ് ( ഫ്ലോറിഡ), ഗാല്‍വെസ്റ്റണ്‍( ടെക്സാസ്), ഹില്‍ട്ടണ്‍ ഹെഡ്( സൗത്ത് കാരലൈന), ലോവര്‍ കീ, മൗണ്ട് പ്ലസന്‍റ്, ചെസാ പീകെ, അപ്പര്‍ കീസ്, ബൊക്കാ സീഗ, ഓഷ്യന്‍ സിറ്റി എന്നിവയാണവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com