ഉത്തരേന്ത്യൻ നഗരങ്ങളെ തണുപ്പിച്ച് വായു ചുഴലിക്കാറ്റ്; കനത്ത ചൂടിന് ശമനം വരുത്തി പൊടിക്കാറ്റും മഴയും

Rain
SHARE

ഒടുവിൽ അൽപം ആശ്വാസം. നന്ദി പറയേണ്ടതു ‘വായു ചുഴലിക്കാറ്റിന്’. അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ കാറ്റ് ഡൽഹി നഗരത്തിലെ കനത്ത ചൂട് കുറച്ചു. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 43 ഡിഗ്രി. കഴിഞ്ഞ ദിവസം 48 ഡിഗ്രി വരെ ഉയർന്ന താപനില അഞ്ചു ഡിഗ്രിയോളം കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും വീശിയ കാറ്റാണു നഗരത്തിന് ആശ്വാസമായത്. വൈകിട്ട് ആറുമണിയോടെ ഉണ്ടായ അതിശക്തമായ പൊടിക്കാറ്റിൽ ജനങ്ങൾ വലഞ്ഞെങ്കിലും ചൂട് കുറയാൻ സഹായിച്ചു. കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവള പ്രവർത്തനം 35 മിനിറ്റ് നിർത്തി.

Rain

വൈകിട്ടു 6.39 നാണു വിമാനത്താവളത്തിൽ പൊടിക്കാറ്റ് വീശിയത്. 6.36 നാണ് അതിനു മുൻപു വിമാനം പറന്നിറങ്ങിയത്. 6.38നു വിമാനം പറന്നുയരുകയും ചെയ്തു. പൊടിക്കാറ്റിനെ തുടർന്നു 7.15 വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇരുപതോളം വിമാനങ്ങൾ വഴിതിരിച്ചു വിട്ടെന്നാണു പ്രാഥമിക വിവരം. വായു ചുഴലിക്കാറ്റിന്റെ ഫലമായി ഈയാഴ്ച അവസാനത്തോടെ മഴ ലഭിക്കുമെന്ന സൂചനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നു.

ഉത്തരേന്ത്യൻ നഗരങ്ങൾക്കും ആശ്വാസം

ഉത്തരേന്ത്യൻ നഗരങ്ങളിലെ ചൂടിന് അൽപം ശമനം വരുത്തി പൊടിക്കാറ്റും മഴയും. ഡൽഹി, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ അതിശക്തമായ പൊടിക്കാറ്റ് വീശി. ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇരുപതോളം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. രാജ്യതലസ്ഥാന നഗരത്തിൽ ഇന്നലെ 44 ഡിഗ്രിയാണു കൂടിയ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 48 ഡിഗ്രി കടന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ രാവിലെയും വീശിയ കാറ്റാണ് അൽപമെങ്കിലും ആശ്വാസമായത്.  അറബിക്കടലിൽ രൂപപ്പെട്ട വായു ചുഴലിക്കാറ്റിന്റെ ഫലമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കുറയാൻ കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് 6.30നു 40 ഡിഗ്രിയിലെത്തിയ താപനില ഏഴു മണിയായപ്പോൾ 33 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഏതാനും ദിവസമായി വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനും ശമനമുണ്ടായി.

Rain

50 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയ രാജസ്ഥാനിൽ ഇന്നലെ ആശ്വാസമായി മഴയെത്തി. ഉച്ച കഴിഞ്ഞു ജയ്പുർ അടക്കം സംസ്ഥാനത്തിന്റെ തെക്കു കിഴക്കൻ ജില്ലകളിലാണു മഴ ലഭിച്ചത്. ജയ്പുരിൽ മഴയെത്തുടർന്നു താപനില ആറു ഡിഗ്രി കുറഞ്ഞു 40 ഡിഗ്രിയിലെത്തി.  അറബിക്കടലിൽ ശക്തി പ്രാപിച്ച വായു ന്യൂനമർദത്തിന്റെ ഫലമാണു രാജസ്ഥാനിൽ മഴ ലഭിച്ചതെന്നു സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റ് വെതർ അറിയിച്ചു. വായു ചുഴലിക്കാറ്റിന്റെ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണു പ്രവചനം. 60–70 കിലോമീറ്റർ വേഗതയുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്.

എന്നാൽ പടിഞ്ഞാറൻ ജില്ലകളായ ജയ്സാൽമേർ, ജോധ്പുർ ബാഡ്മേർ, ബിക്കാനിർ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയും കനത്ത ചൂടും തുടരും. പാക്കിസ്ഥാൻ കടന്നു വരുന്ന കാറ്റിന്റെ ഫലമായി 15നു ശേഷം വടക്കു പടിഞ്ഞാറൻ ജില്ലകളായ ചുരു, ബിക്കാനിർ, ഹനുമാൻഗഡ്, ഗംഗാനഗർ, ജുൻജുനു, സീക്കർ, ജില്ലകളിൽ മഴ ലഭിച്ചേക്കും. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണപ്രവാഹത്തിനു ശമനമാകുമെന്നാണു പ്രതീക്ഷ. ചുരു അടക്കം വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ പല ദിവസവും താപനില 50 ഡിഗ്രിക്കു മുകളിൽ ആയിരുന്നു. യുപിയിലെ ഝാൻസി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇന്നലെ കൂടിയ താപനില 43 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ചൂട് 4–5 ഡിഗ്രിയോളം കുറഞ്ഞിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA