പട്ടിണിക്കോലമായി ധ്രുവക്കരടിയെത്തിയത് റഷ്യൻ നഗരത്തിൽ; പിന്നിട്ടത് 1500 കിലോമീറ്റർ!

Polar Bear
SHARE

കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോളതാപനത്തിന്‍റെയും രൂക്ഷമായ പ്രത്യാഘാതമേറ്റുവാങ്ങുന്ന ജീവികളാണ് ധ്രുവക്കരടികൾ. ആര്‍ട്ടിക്കില്‍ മഞ്ഞുരുക്കല്‍ വ്യാപകമായതോടെ ആവാസവ്യവസ്ഥ ഗണ്യമായി കുറഞ്ഞ ഇവ പലപ്പോഴും ഒറ്റപ്പെട്ടു പോവുകയും ഭക്ഷണമൊന്നും ലഭിക്കാതെ പട്ടിണികിടന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെ പട്ടിണി കിടന്നു ജീവനറ്റ പല ധ്രുവക്കരടികളും ആഗോളതലത്തില്‍ തന്നെ ചർച്ചയ്ക്കു കാരണമായിരുന്നു. ഇപ്പോഴിതാ ഇതേ ശ്രേണിയിലേക്ക് ഒരു ധ്രുവക്കരടികൂടി എത്തിയിരിക്കുകയാണ്.

റഷ്യയുടെ ആര്‍ട്ടിക്ക് മേഖലയില്‍ നിന്ന് ഏതാണ്ട് 1500 കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന വ്യാവസായിക നഗരമായ നോറിൽസ്ക് നഗരത്തിലാണ് ധ്രുവക്കരടി എത്തിയത്. കടുത്ത പട്ടിണി മൂലം ക്ഷീണിച്ച് അവശനായ നിലയിലാണ് കരടി കാണപ്പെട്ടത്. സൈബീരിയയുടെ വടക്കൻ മേഖലയായ നോറിൽസ്ക് നഗരത്തിലെത്തിയ പെൺ ധ്രുവക്കരടി തീർത്തും അവശയാണ്. വളരെ പ്രയാസപ്പെട്ടാണ് കണ്ണുകൾ തുറക്കുന്നതു പോലുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കാലുകളിൽ ചെളി പുതഞ്ഞിരുപ്പുണ്ട്. ഇടയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി മണം പിടിക്കുന്നുണ്ട്. 40 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഒരു ധ്രുവക്കരടി ഈ നഗരത്തിലേക്കെത്തിയതെന്ന് ഇവിടുത്തെ പരിസഥിതി പ്രവർത്തകർ വ്യക്തമാക്കി.  അതേസമയം ഒരു ധ്രുവക്കരടിയെ സ്വാഭാവിക വാസസ്ഥലത്തു നിന്ന് ഇത്രയും അകലെ കണ്ടെത്തിയത് ഒട്ടും ശുഭകരമായ സൂചനയല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

കാലാവസ്ഥാ വ്യതിയാനം മൂലം ആര്‍ട്ടിക്കിന്‍റെ വിസ്തൃതി കുറയുകയാണ്.സ്വഭാവികമായും ധ്രുവക്കരടികളുടെ വേട്ടയാടാനുള്ള സാധ്യതകളും കുറയും. പ്രധാന ഇരകളായ സീലുകളും മറ്റും ഇപ്പോള്‍ ധ്രുവക്കരടികളുടെ കൈയെത്താത്ത മേഖലയിലാണ് കൂടുതലുമുള്ളത്. ഈ സാഹചര്യമാണ് കരടികളെ കൂടുതല്‍ കരമേഖലയുള്ള വടക്കന്‍ പ്രദേശങ്ങളിലേക്കെത്തിക്കുന്നത്. അതിജീവനത്തിന് ധ്രുവക്കരടികള്‍ക്ക് അവശേഷിക്കുന്ന ഏക മാർഗം മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തുകയെന്നതാണ്.

ഇപ്പോള്‍ എത്തിയ ഒരു കരടി മൂലം പ്രദശവാസകള്‍ക്കു വലിയ പ്രശ്നങ്ങളില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സമാനമായ രീതിയിലാകില്ല മനുഷ്യര്‍ പ്രതികരിക്കുകയെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകുന്നു. ധ്രുവപ്രദേശത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതാണെങ്കിലും വടക്കുകിഴക്കന്‍ റഷ്യന്‍ഗ്രാമത്തില്‍ അന്‍പതിലേറെ ധ്രുവക്കരടികള്‍ കൂട്ടത്തോടെയെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്.

നോറിൽസ്കിലെ വന്യജീവി വിഭാഗമെത്തി കരടിയുടെ അവസ്ഥ പരിസോധിക്കുമെന്നാണ് നിഗമനം. മേഖലയിലെ ജനങ്ങളോട് കരടിയുടെ സമീപത്തു പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. തീർത്തും അവശയായതിനാൽ ധ്രുവക്കരടിയെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. സ്വാഭാവിക ആവാസസ്ഥലത്ത് തിരികെയെത്തിച്ചാലും അതിജീവിക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA