ഗ്രീന്‍ലന്‍ഡില്‍ മഞ്ഞിനടിയില്‍ കണ്ടെത്തിയത് 50 തടാകങ്ങള്‍; അമ്പരന്ന് ഗവേഷകർ!

921951802
SHARE

മഞ്ഞുരുക്കം ശക്തമായതോടെ ആശങ്കയ്ക്കൊപ്പം പല അദ്ഭുതകരമായ കാഴ്ചകളും ഒരുക്കുകയാണ് ഗ്രീന്‍ലന്‍ഡ് എന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപ്. ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന ഗ്രീന്‍ലന്‍ഡില്‍ ഏറ്റവും ഒടുവില്‍ നടത്തിയ പഠനത്തിലാണ് ഇതുവരെ കണ്ടെത്താത്ത 50 തടാകങ്ങൾ കൂടി ഗവേഷകര്‍ തിരിച്ചറിഞ്ഞത്. മഞ്ഞുപാളികള്‍ക്ക് അടിയിലായാണ് ഈ തടാകങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. 

ഗ്രീന്‍ലന്‍ഡ്  വാസയോഗ്യമാകുമോ ?

മഞ്ഞുരുക്കം മൂലം ഗ്രീന്‍ലന്‍ഡ് ഏറെക്കുറെ നഗ്നയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ മുഴുവന്‍ മഞ്ഞും ഉരുകിത്തീരാന്‍ ഇനിയും നൂറ്റാണ്ടുകള്‍ എടുക്കുമെങ്കിലും താപനില വർധിക്കുന്നതിനാല്‍ വൈകാതെ തന്നെ മനുഷ്യവാസത്തിനു യോഗ്യമായ സമശീതോഷ്ണാവസ്ഥയിലേക്ക് ഗ്രീന്‍ലന്‍ഡ് എത്തുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ മഞ്ഞുരുകുമ്പോഴുണ്ടാകുന്ന ഗ്രീന്‍ലന്‍ഡിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ നടത്തിയ സാറ്റ്‌ലെറ്റ് ഏരിയല്‍ മാപ്പിങ്ങിലാണ് 50 തടാകങ്ങള്‍ കൂടി കണ്ടെത്തിയത്. ഇതോടെ ഗ്രീന്‍ലന്‍ഡില്‍ മഞ്ഞിനടിയിലുള്ള തടാകങ്ങളുടെ എണ്ണം 60 ആയി ഉയര്‍ന്നു.

534941851

ഗ്രീന്‍ലന്‍ഡില്‍ മഞ്ഞിനടിയിലുള്ള തടാകങ്ങള്‍ എവിടെയാണ് ഏറ്റവമധികം കാണപ്പെടുന്നതെന്നും എന്തുകൊണ്ടാണ് ഇവ രൂപം കൊള്ളുന്നതെന്നും മനസ്സിലാക്കാന്‍ സഹായിച്ചുവെന്ന് ഗവേഷകനായ ലാഞ്ചസ്റ്റര്‍ സര്‍വകലാശാല പ്രഫസര്‍ ജേഡ് ഹൗളിങ് പറയുന്നു. കൂടാതെ മഞ്ഞുപാളികള്‍ക്കിടയില്‍ നില നില്‍ക്കുന്ന താരതമ്യേന കൂടിയ താപനിലയുടെ തെളിവു കൂടിയാണ് ഈ തടാകങ്ങളെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഉയര്‍ന്ന ഊഷ്മാവുണ്ടെങ്കില്‍ മാത്രമെ മഞ്ഞുപാളിക്കടിയില്‍ ദ്രാവക അവസ്ഥയില്‍ തന്നെ തടാകങ്ങള്‍ക്ക് തുടരാന്‍ സാധിക്കൂ. ഗ്രീന്‍ലന്‍ഡിനെ കൂടാതെ ആര്‍ട്ടിക്കില്‍ മാത്രമാണ് സമാനമായ പ്രതിഭാസമുള്ളത്.

ഭൗമാന്തര്‍ ഭാഗത്തെ ജലത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാണ് ഇത്തരം തടാകങ്ങള്‍. ഭൂമിക്കടിയിലുള്ള ജലം എങ്ങനെ സഞ്ചരിക്കുന്നു എന്നതു മുതല്‍ കടല്‍ജലനിരപ്പിലെ വർധനവ് പോലുള്ള കാര്യങ്ങളും ഈ തടാകങ്ങളെ നിരീക്ഷിക്കുന്നതിലൂടെ വ്യക്തമാകും. ഗ്രീന്‍ലന്‍ഡിലെ അന്‍പതിനായിരം കിലോമീറ്റര്‍ ചുറ്റളവു വരുന്ന മേഖലയില്‍ ശബ്ദപ്രതിഫലനങ്ങള്‍ കൂടി ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ തടാകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

മഞ്ഞുപാളികളിലെ അടിയൊഴുക്കുകള്‍

176085326

ശബ്ദ തരംഗങ്ങള്‍ ഉപോഗിച്ചുള്ള പഠനത്തില്‍ മറ്റുചില നിര്‍ണായക കണ്ടെത്തലുകള്‍ കൂടി ഉണ്ടായി. പുറമെ ശക്തമെന്നു തോന്നുന്ന പല വലിയ മഞ്ഞുപാളികളുടെയും അടിവശത്തു നിന്ന് വെള്ളം ഉരുകിയൊലിക്കുകയാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളുടെ പൂര്‍ണമായ അപ്രത്യക്ഷമാകല്‍ ഒരു പക്ഷേ കണക്കു കൂട്ടിയതിലും നേരത്തെയായാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

പഠനത്തില്‍ കണ്ടെത്തിയ തടാകങ്ങളെല്ലാം തന്നെ മഞ്ഞുരുകിയാലും കോട്ടം തട്ടാതെ നില്‍ക്കുന്നവയാണെന്നു ഗവേഷകര്‍പറയുന്നു.  ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ താപനില വർധിച്ച് ആവാസയോഗ്യമല്ലാതായാല്‍ പിന്നീട് കുടിയേറ്റമുണ്ടാകുക സൈബീരയ, ഗ്രീന്‍ലന്‍ഡ്, അന്‍റാര്‍ട്ടിക് മേഖലകളിലേക്കായിരിക്കും. ഈ സാഹചര്യത്തില്‍ ഗ്രീന്‍ലന്‍ഡിലെ തടാകങ്ങളുടെ കണ്ടെത്തല്‍ മനുഷ്യഭാവി ഒരു പരിധി വരെ സുരക്ഷിതമാണെന്ന സൂചന കൂടിയാണു നല്‍കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA