വേനല്‍ക്കാലത്തിന്റെ അവസാന ഘട്ടത്തിലെത്തിയിട്ടും ആര്‍ട്ടിക്കിലും ഗ്രീന്‍ലന്‍ഡ് ഉള്‍പ്പടെയുള്ള സമീപ മേഖലകളിലും താപനിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നിന്നുള്ള മഞ്ഞുരുക്കം യഥേഷ്ടം തുടരുകയാണ്. ഗ്രീന്‍ലന്‍ഡിലെ മഞ്ഞിന്റെ അളവിനെയാണ് ഈ താപനില ഏറ്റവുമധികം ബാധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് മാത്രം ഒരു ദിവസം 2 ജിഗാടണ്‍ മഞ്ഞ് ഗ്രീന്‍ലന്‍ഡില്‍ നിന്ന് ഉരുകിയൊലിച്ചു പോയെന്നാണ് കണക്കാക്കുന്നത്.
മഞ്ഞില്ലാത്ത ഗ്രീന്‍ലന്‍ഡ്
ഈ സ്ഥിതിയിലാണ് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം തുടരുന്നതെങ്കില്‍ വൈകാതെ ദ്വീപ് മഞ്ഞില്ലാത്ത അവസ്ഥയിലെത്തുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ആര്‍ട്ടിക്കിലും സമീപമേഖലകളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കുന്നതുമാണ്. ഈ മാറ്റങ്ങള്‍ ഗ്രീന്ലന്ഡിനെയോ ആര്ട്ടിക്കിനെയോ മാത്രം ബാധിക്കുന്നതല്ല മറിച്ച് ഭൂമിയെ തന്നെ അടിമുടി മാറ്റി മറിയ്ക്കാന് ശേഷിയുള്ളതാണെന്നതാണ് മറ്റൊരു വസ്തുത.

ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാൽ ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും ഹിമരഹിതമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടുള്ള ഏതൊരു മഞ്ഞുരുക്കത്തേക്കാളും പലമടങ്ങ് വേഗതയുള്ളതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇതില്‍ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം കൊണ്ട് മാത്രം സമുദ്രനിരപ്പ് 1.5 മീറ്ററെങ്കിലും വർധിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുമെന്നു കണക്കു കൂട്ടുന്ന സമുദ്രനിരപ്പിന്റെ 8 ശതമാനത്തോളം വരുമിത്.

ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളിലുണ്ടാകുന്ന മാറ്റങ്ങള്‍ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠിക്കുന്നത്. സാറ്റ്ലെറ്റ് വിവരങ്ങള്‍, ആര്‍ട്ടിക്കില്‍ ക്യാമ്പ് ചെയ്ത് ശേഖരിയ്ക്കുന്ന വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ കമ്പ്യൂട്ടര്‍ സഹായത്തോടെ മാതൃകകള്‍ തയാറാക്കി കൂടിയാണ് ഗവേഷര്‍ ഗ്രീന്‍ലന്‍ഡിന്റെ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്നത്. ഈ കണക്കുകളനുസരിച്ച് സമീപ ഭാവിയില്‍ പോലും ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയിലുണ്ടാകുന്ന മാറ്റം ഭയപ്പെടുത്തുന്നത്. ഈ മാറ്റം മൂലം വൈകാതെ 160 സെന്റി മീറ്റര്‍ വരെ സമുദ്ര ജലനിരപ്പ് മഞ്ഞുരുക്കത്തിന്റെ ഭാഗമായി വർധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
ഹിമ പര്‍വതങ്ങള്‍ക്കും രക്ഷയില്ല

നിലവില്‍ ഗ്രീന്‍ലന്‍ഡിലെ പല മഞ്ഞുപാളികളും മഞ്ഞുമലകള്‍ക്കും ഹിമ പര്‍വതങ്ങള്‍ക്കും തുല്യമാണ്. ഏറ്റവും കട്ടികൂടിയ മഞ്ഞുപാളിക്ക് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3050 മീറ്റര്‍ ഉയരമുണ്ട്. സാധാരണ ഗതിയിലാണെങ്കില്‍ ഈ പ്രദേശങ്ങളിലുണ്ടാകുന്ന മഞ്ഞു വീഴ്ച മാത്രം മതി ഗ്രീന്‍ലാന്‍ഡില്‍ നിന്ന് ഒരു വര്‍ഷം നഷ്ടപ്പെടുന്ന മഞ്ഞ് പുനസ്ഥാപിയ്ക്കാന്‍. പക്ഷേ നിലവിലെ കാലാവസ്ഥയില്‍ മഞ്ഞുരുക്കം പല ഇരട്ടിയാകുന്നു എന്നു മാത്രമല്ല പെയ്യുന്ന മഞ്ഞിന്റെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സയന്റഫിക് അഡ്വാന്‍സസ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.