ADVERTISEMENT

മഴക്കാലത്താണു കുടിക്കാൻ വെള്ളമില്ലാത്തതിന്റെ ദുരിതകഥകൾ പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നു കേൾക്കുന്നത്. മഴ പെയ്യാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട് ജില്യിലൽ. ആലത്തൂർ, എരിമയൂർ, അഗളി, ഷോളയൂർ, പുതൂർ, മലമ്പുഴ, വണ്ടാഴി, പുതുശ്ശേരി, മുതലമട, കുമരംപുത്തൂർ, അലനല്ലൂർ എന്നിവിടങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. ആലത്തൂർ, വടക്കഞ്ചേരി, അട്ടപ്പാടി പ്രദേശങ്ങളിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തുകൾക്കു 11 ലക്ഷം രൂപയും നഗരസഭകൾക്ക് 16.6 ലക്ഷം രൂപയും ചെലവഴിക്കാം. ഈ മഴക്കാലത്തും അതു വിനിയോഗിക്കേണ്ടിവരുന്നുവെന്നതാണു കഷ്ടം.

ഭൂഗർഭജലം താഴുന്നു

ജില്ലയിൽ ഭൂഗർഭജലം ആശങ്കജനകമാംവിധം താഴുന്നതായി ഭൂഗർഭജല വകുപ്പിന്റെ റിപ്പോർട്ട്. 2 മുതൽ 3 മീറ്റർവരെ ജലം താഴുന്നതായി വകുപ്പ് ഏപ്രിലിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിനുശേഷം പല കുഴൽകിണറുകളിലും ഇതിൽ കൂടുതൽ ജലം താഴ്ന്നിട്ടുണ്ട്. മലമ്പുഴ, പട്ടാമ്പി ബ്ലോക്കുകളിൽ ഭൂഗർഭജല നിരപ്പ് പരിധിയിൽ കൂടുതൽ താഴുന്നതായി കണ്ടെത്തിയിരുന്നു. മലമ്പുഴയിൽ 5.4 മീറ്ററും പട്ടാമ്പിയിൽ 1.7 മീറ്ററും ജലം താഴുന്നുണ്ട്. ജില്ലയിലെ നാന്നൂറിലേറെ കുഴൽകിണറുകൾ പൂർണമായും വറ്റി. ആയിരത്തിലേറെ കിണറുകളിൽ വെള്ളം പരിധിയിലേറെ താഴ്ന്നു. 

എന്തു ചെയ്യണമെന്ന് അറിയാതെ കർഷകർ

കാലവർഷം ശക്തമാകാത്തത് കർഷകർക്കു തിരിച്ചടിയായി. ആയക്കാട് പാടശേഖര സമിതി ആദ്യ മഴ ലഭിച്ചപ്പോൾ തന്നെ പാടമൊരുക്കി വിതക്കുകയും ഞാറ് പാകുകയും ചെയ്തു. എന്നാൽ പിന്നീട് മഴ ലഭിക്കാത്തതു മൂലം ഞാറ് പറിച്ചുനടാൻ കഴിഞ്ഞില്ലെന്ന് കർഷകർ പറഞ്ഞു. 60 ദിവസത്തോളം മൂപ്പ് വന്ന ഞാറ് പറിച്ചുനടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വിത നടത്തിയ പാടത്ത് കള പെരുകി. കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നു കർഷക ഗ്രാമസഭ ആവശ്യപ്പെട്ടു. 

Drought

മഴനിഴലിൽ അട്ടപ്പാടി

മണ്ണാർക്കാട് ഭാഗത്തു പെയ്ത മഴയുടെ പകുതിപോലും അട്ടപ്പാടിയിൽ പെയ്തില്ല. സൈലന്റ് വാലി വനമേഖലയിലെ മഴക്കുറവ് ഭവാനിപ്പുഴയിലെ നീരൊഴുക്കിനെ ബാധിച്ചു. 50 ഊരുകളിൽ ശുദ്ധജല ക്ഷാമം രൂക്ഷം. കിലോമീറ്ററുകളോളം നടന്നു ചെറിയ തോടുകളിൽ നിന്നാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർ ജലം ശേഖരിക്കുന്നത്. വന്യമൃഗങ്ങൾ വെള്ളം തേടി നാട്ടിലെത്താൻ തുടങ്ങി. അഗളി കാവുണ്ടിക്കൽ മുതൽ ആനക്കട്ടിവരെ മഴനിഴൽ പ്രദേശത്ത് ഒട്ടും മഴയില്ല.

ആലത്തൂരിൽ കഷ്ടം

പഞ്ചായത്തിലെ പെരിങ്ങോട്ടുകുന്ന്, മലമലമുക്ക് ചുണ്ടക്കാട്, കീഴ്പാടം ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ട്. കുഴൽകിണറുകളെല്ലാം വറ്റി. അടുത്തിടെ കുഴൽ കിണറുകൾ കുഴിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. കാവശേരി പഞ്ചായത്തിലെ കുംഭാരത്തറ, ഉച്ചാർകുളം മേഖലയിലും കുഴൽക്കിണറുകളിൽ വെള്ളം താഴ്ന്നു. മറ്റു പദ്ധതികളിൽ നിന്ന് വെള്ളം പമ്പ് ചെയ്തു പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എരിമയൂർ നഗരത്തിലും വടക്കാട്ടുപറമ്പ്, വടുകത്തറ, കുളക്കപ്പാടം പ്രദേശങ്ങളിലും ശുദ്ധജലമില്ല.

മലമ്പുഴയിൽ പുഴയില്ല‌

മലമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കുന്ന്, മുത്തുകുളം, പൂക്കുണ്ട്, വലിയകാട്, ആനക്കൽ, ചേമ്പന, കരടിയോട്, കവ എന്നിവിടങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷം. കൊല്ലങ്കുന്ന് ആദിവാസി കോളനിയിലുള്ളവർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കുഴിയെടുത്താണു വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലം ലഭ്യമാക്കണമെന്ന നാട്ടുകാരുടെ അപേക്ഷയിൽ പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു പരാതിയുണ്ട്. ടാങ്കറിൽ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയും പാതിവഴിയിൽ നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com