പിളരുന്ന മഞ്ഞിനു മേലൊരു ‘പ്രേത’പരീക്ഷണ ശാല; അന്റാർട്ടിക്കിലെ അദ്ഭുതം!

Halley Research Station
SHARE

കൊടുംതണുപ്പ്, എല്ലുതുളയ്ക്കും വിധം വീശിയടിക്കുന്ന ശീതക്കാറ്റ്, ചുറ്റിലും ഇരുട്ട്... അന്റാർട്ടിക്കയിലെ മഞ്ഞുകാലം മനുഷ്യനെ സംബന്ധിച്ചിടത്തോളം അസഹ്യമാണ്. അവിടെയുള്ള പരീക്ഷണശാലകളിലെ ഗവേഷകരെയെല്ലാം ഈ സമയത്തു നിർബന്ധിച്ചു പറഞ്ഞുവിടും. അല്ലെങ്കിൽ ചിലപ്പോൾ പരീക്ഷണശാലയടക്കം മഞ്ഞിൽ അടക്കം ചെയ്യപ്പെട്ടേക്കാം. മഞ്ഞുപാളികളിൽ അടിക്കടിയുണ്ടാകുന്ന വിള്ളലുകളാണ് ലാബുകൾക്ക് ഭീഷണിയാകുന്നത്. അന്റാർട്ടിക്കയിലെ ബ്രണ്ട് ഐസ് ഷെൽഫിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഹാലി സിക്സ് റിസർച് സ്റ്റേഷന്റെ അവസ്ഥയും ഇതുതന്നെ. 

മഞ്ഞുകാലമായതോടെ ഈ പരീക്ഷണശാലയും ഉപേക്ഷിച്ച് ഗവേഷകർക്കു പോകേണ്ടി വന്നു. പക്ഷേ പൂർണമായും ഇതിനെ വിട്ടുപോകാൻ സാധിക്കാത്ത അവസ്ഥയും. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രധാനപ്പെട്ടതാണ് ഹാലി ഗവേഷണ കേന്ദ്രം. ഇവിടെയാണ് 1980കളിൽ പരിസ്ഥിതി ശാസ്ത്രത്തിലെ നിർണായകമായ ഒരു കണ്ടെത്തലുണ്ടായത്. ഇന്നു ലോകരാജ്യങ്ങൾ ഒത്തുചേർന്നു പ്രത്യേക നയങ്ങൾ വരെ രൂപീകരിക്കേണ്ടി വന്ന ഓസോൺ പാളിയിലെ വിള്ളൽ കണ്ടുപിടിച്ചത് ഹാലിയിലെ ഗവേഷകരാണ്. അന്ന് ഹാലി ഫോർ സ്റ്റേഷനായിരുന്നു. 

1950–കൾ മുതൽ അന്റാർട്ടിക്കയിലെ താപനിലയും അന്തരീക്ഷവും ഓസോണിന്റെ അളവും മഞ്ഞുകാറ്റിന്റെ ഗതിയുമെല്ലാം ഈ ഗവേഷണ കേന്ദ്രത്തില്‍ ശേഖരിക്കുന്നുണ്ട്. അടുത്ത കാലത്തായി പക്ഷേ മഞ്ഞുപാളികളിൽ വിള്ളൽ ഭീഷണി വന്നതോടെയാണ് ശീതകാലത്ത് ലാബിൽ നിന്നു നിർബന്ധിത ഒഴിപ്പിക്കൽ ആരംഭിച്ചത്. 2017ലും 2018ലും മഞ്ഞുകാലത്ത് ഏതാനും മാസം ഇവിടെ യാതൊരു തരത്തിലുള്ള പരീക്ഷണങ്ങളും നടത്താനായില്ല. വൈദ്യുതിയില്ലാതിരുന്നതാണു പ്രശ്നമായത്. എന്നാൽ ഹാലിയിൽ പ്രവർത്തിക്കുന്ന ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിലെ(ബാസ്) ഗവേഷകർ അതൊരു വെല്ലുവിളിയായി സ്വീകരിച്ചു. മനുഷ്യരാരുമില്ലെങ്കിലും ഹാലി ലാബ് പ്രവർത്തിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. അങ്ങനെ കഴിഞ്ഞയാഴ്ച ആ നിർണായക പ്രഖ്യാപനവും വന്നു–ചരിത്രത്തിലാദ്യമായി യാതൊരു മാനുഷിക ഇടപെടലുമില്ലാതെ ഹാലി ലാബ് പ്രവർത്തിച്ചു!

Halley Research Station

അന്റാർട്ടിക്കിന്റെ വിദൂരതയിൽ, ആരുമില്ലാതെ, വെളിച്ചം നിറഞ്ഞു നിന്ന പരീക്ഷണശാലയെ ‘പ്രേതലാബ്’ എന്നാണു ശാസ്ത്രമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഒരൊറ്റ മനുഷ്യന്‍ പോലും ഹാലിയിൽ കാലുകുത്തിയിരുന്നില്ല എന്നതാണു യാഥാർഥ്യം. ‘ഏതു തണുപ്പിലും പ്രവർത്തിക്കുന്ന സംവിധാനങ്ങളായിരുന്നു ഞങ്ങളൊരുക്കിയത്. അപ്പോഴും ഭയമുണ്ടായിരുന്നു. അത്രയേറെ അപകടം നിറഞ്ഞതും അപ്രതീക്ഷിതവുമായ മാറ്റങ്ങളാണു മഞ്ഞുകാലത്ത് അന്റാർട്ടിക്കയിലുണ്ടാകാറുള്ളത്...’ ബാസിലെ ശാസ്ത്രജ്ഞനായ തോമസ് ബർണിങ്ങാം പറയുന്നു. ഇദ്ദേഹമാണു മഞ്ഞുകാലത്ത് തനിയെ പ്രവർത്തിക്കാൻ ഹാലി ഓട്ടമേഷൻ പ്രോജക്ട് തയാറാക്കിയത്. 

നിലവിലെ സാഹചര്യത്തിൽ ലാബിലെ സംവിധാനങ്ങൾ മൈനസ് 43 ഡിഗ്രി സെൽഷ്യസിൽ വരെ പ്രവർത്തിക്കുമെന്നുറപ്പായിട്ടുണ്ട്. മണിക്കൂറിൽ 79.55 കിലോമീറ്റർ വേഗതയിൽ വീശുന്ന മഞ്ഞുകാറ്റിനെയും പ്രതിരോധിക്കും. സ്റ്റേഷനിലെ മോണിറ്ററിങ് ഉപകരണങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി നൽകുന്ന ഓട്ടണോമസ് പവർ സംവിധാനമാണ് കൂട്ടത്തിൽ പ്രധാനി. താപനില നിയന്ത്രിച്ച കണ്ടെയ്നറിൽ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ടർബൈനാണ് വൈദ്യുതി ഉൽപാദനത്തിൽ സഹായിക്കുന്നത്. ഒരു പെട്ടിയിൽ വച്ചിട്ടുള്ള ജെറ്റ് എന്‍ജിൻ എന്നാണ് ഈ ടർബൈനെ വിശേഷിപ്പിക്കുന്നത്. അതിന്റെ പ്രവർത്തനശേഷി തന്നെ കാരണം– ഒൻപതു മാസമെങ്കിലും യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ 24 മണിക്കൂറും കറങ്ങിക്കൊണ്ടിരിക്കുകയെന്നതാണ് ടർബൈന്റെ ജോലി. ഫെബ്രുവരിയിൽ തുടങ്ങി നവംബറിൽ ഗവേഷകർ മടങ്ങിയെത്തുന്നതു വരെ ഈ ‘കറക്കം’ തുടരണം. 

ഇതുവരെ 136 ദിവസം യാതൊരു കുഴപ്പവുമില്ലാതെ ഓട്ടണോമസ് സംവിധാനം പ്രവർത്തിച്ചു. മഞ്ഞുകാലം കഴിയും വരെ ഇതു തുടരുമെന്നും ബാസ് ഗവേഷകർക്ക് ഉറപ്പുണ്ട്. കാലാവസ്ഥയും ഓസോണും അന്തരീക്ഷവുമെല്ലാം നിരീക്ഷിക്കുക മാത്രമല്ല ലാബിൽ നിന്നുള്ള വിവരങ്ങൾ യുകെയിലേക്ക് അയയ്ക്കുന്നതിനും ടർബൈന്റെ വൈദ്യുതിസഹായം ലഭിക്കുന്നുണ്ട്. പ്രതിദിനം ഒരു ജിബി ഡേറ്റയാണ് ലാബിലെ ഓട്ടണോമസ് സംവിധാനം യുകെയിലെ ഗവേഷകർക്ക് അയയ്ക്കുന്നത്. മനുഷ്യർക്ക് ജീവിക്കാനാകാത്തത്ര കൊടുംഭീകരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ സഹായകരമായേക്കാവുന്ന ഇത്തരം കണ്ടെത്തലുകൾ വ്യാപിപ്പിക്കാനുള്ള പ്രചോദനം കൂടിയാവുകയാണ് ഹാലി ഗവേഷകരുടെ കണ്ടെത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA