കൊടുംചൂടിൽ ആൽപ്‌സിലും മാറ്റം; 3800 മീ. ഉയരത്തിൽ ഇന്നേവരെ കാണാത്ത അദ്ഭുതക്കാഴ്ച!

Beautiful Lake In The Alps
Image Credit: Bryan Mestre
SHARE

ഫ്രാന്‍സിലെ മൗണ്ട് ബ്ലാങ്ക് ആല്‍പ്സ് പര്‍വത നിരയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരമാണ്. ആല്‍പ്സിലെയെന്നല്ല പശ്ചിമ യൂറോപ്പിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ബ്ലാങ്ക്. ഏതാണ്ട് 4810 മീറ്ററാണ് മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം. യൂറോപ്പ് മുഴുവന്‍ കടുത്ത ചൂടില്‍ ഉരുകുമ്പോഴും മൗണ്ട് ബ്ലാങ്കിന്‍റെ മഞ്ഞുപുതച്ച രൂപത്തിന് ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍ ഇനി എത്ര നാള്‍ ഈ കാഴ്ച  ഉണ്ടാകുമെന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഇതിനോട് ചേര്‍ന്നു രൂപപ്പെട്ട ഒരു തടാകം.

മൗണ്ട് ബ്ലാങ്ക് ഉള്‍പ്പെടുന്ന പര്‍വത മേഖലയില്‍ ഏതാണ്ട് 3800 മീറ്റര്‍ ഉയരത്തിലായാണ് ചെറു തടാകം രൂപപ്പെട്ടിരിക്കുന്നത്. ഈ മേഖലയില്‍ പര്‍വതാരോഹണത്തിനെത്തിയവരാണ് തടാകം കണ്ടെത്തിയത്. പ്രദേശത്തിന്‍റെ മാപ്പിലോ മുന്‍പ് ശേഖരിച്ച് വിവരങ്ങളിലോ ഇതുവരെ ഇത്തരമൊരു തടാകത്തിന്‍റെ സാന്നിധ്യമില്ല. അതുകൊണ്ട് തന്നെ ഇത്തവണ യൂറോപ്പില്‍ മുഴുവന്‍ വീശിയ ഉഷ്ണക്കാറ്റിന്‍റെ ഫലമായുണ്ടായ മഞ്ഞുരുക്കത്തില്‍ നിന്നു രൂപപ്പെട്ടതാകാം ഈ തടാകമെന്നാണു കണക്കു കൂട്ടുന്നത്.

ബ്രയാന്‍ മെസ്റ്ററെ എന്ന പര്‍വതാരോഹകനാണ് ഈ തടാകം ആദ്യമായി കണ്ടെത്തിയതും ഇതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയതും. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് പര്‍വത ശിഖരങ്ങള്‍ പോലും മുക്തമല്ലെന്ന് തെളിയിക്കുന്നതാണ് ഈ തടാകത്തിന്‍റെ രൂപപ്പെടല്‍. ജൂണ്‍ 28 നാണ് ഈ തടാകം ബ്രയാന്‍ മെസ്റ്ററെ കണ്ടെത്തിയത്. ഈ വിവരങ്ങൾ ബ്രയാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഇതിനും പത്ത് ദിവസം മുന്‍പ് പകര്‍ത്തിയ ഇതേ പ്രദേശത്തിന്‍റെ ചിത്രം മറ്റൊരു പര്‍വതാരോഹകന്‍ ബ്രയാന് അയച്ചു നല്‍കി.

10 ദിവസം മുന്‍പ് പകര്‍ത്തിയ ചിത്രത്തില്‍ പ്രദേശമാകെ മഞ്ഞു മൂടിക്കിടക്കുകയാണ്. തടാകം രൂപപ്പെടുന്നതിന്‍റെ നേരിയ സൂചന പോലും ആ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. അതേസമയം ബ്രയാന്‍ തടാകത്തിന്‍റെ ചിത്രം പകര്‍ത്തിയ ജൂണ്‍ 28 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫ്രാന്‍സില്‍ അതുവരെ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയായ 44 ഡിഗ്രി സെല്‍ഷ്യസിനെ മറികടന്ന് പുതിയ റെക്കോഡ് സൃഷ്ടിച്ച ദിവസം കൂടിയാണ് ജൂണ്‍ 28. 45.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജൂണ്‍ 28 ന് ഫ്രാന്‍സില്‍ അനുഭവപ്പെട്ട ഉയര്‍ന്ന താപനില.

ഫ്രാന്‍സിലെ ആകെ താപനില മാത്രമല്ല മൗണ്ട് ബ്ലാങ്കിലെ താപനിലയും തൊട്ടടുത്ത ദിവസം പുതിയ റെക്കോര്‍ഡിട്ടു. 9.3 ഡിഗ്രി സെല്‍ഷ്യസാണ് ജൂണ്‍ 29 ന് മൗണ്ട് ബ്ലാങ്ക് മേഖലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഈ താപനിലയില്‍ മഞ്ഞുരുകി തടാകം രൂപപ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പക്ഷേ ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന 3800 മീറ്റര്‍ ഉയരത്തിലുള്ള പര്‍വത ശിഖരത്തില്‍ മഞ്ഞുരുകി തടാകം രൂപപ്പെടണമെങ്കില്‍ അത് ഇതുവരെ നിലനിന്ന കാലാവസ്ഥയില്‍ സാധ്യമായിരുന്നില്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. ഭൂമിയുടെ കാലാവസ്ഥ സമൂലമായ മാറ്റത്തിന് തയ്യാറാകുന്നു എന്നതിന്‍റെ തെളിവായാണ് ഗവേഷകര്‍ ആല്‍പ്സിനു മുകളിലെ ഈ പുതിയ തടാകത്തിന്‍റെ രൂപപ്പെടലിനെ കാണുന്നത്. 

കനത്ത ചൂടു മൂലം ഉണ്ടായ സോളാര്‍ അവന്‍ എന്ന പ്രതിഭാസമാകാം ഒരു പ്രത്യേക പ്രദേശത്ത് മാത്രം മഞ്ഞുരുകി തടാകം രൂപപ്പെടാന്‍ കാരണമായതെന്നാണ് കരുതുന്നത്. ആല്‍പ്സ് പ്രദേശത്തുള്ള കറുത്ത പാറക്കെട്ടുകള്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നവയാണ്. താപനില കൂടി വർധിച്ച സാഹചര്യത്തില്‍ ഈ പാറക്കെട്ടുകള്‍ പതിവിലുമധികം ചൂട് പിടിച്ചതാകാം മഞ്ഞുരുകി തടാകം രൂപപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ബ്രയാന്‍ കണക്കു കൂട്ടുന്നു. പാറക്കെട്ടുകള്‍ ചൂട് പിടിച്ചതിനാലാകും രാത്രി അന്തരീക്ഷം മൈനസ് ഡിഗ്രി തണുപ്പിലേക്ക് വന്നിട്ടും കുപ്പിവെള്ളം പോലും മഞ്ഞുകട്ടയായി മാറിയിട്ടും തടാകം അപ്രത്യക്ഷമാകാതിരുന്നതെന്നും ബ്രയാന്‍ വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA