യൂറോപ്പിൽ അനുഭവപ്പെടുന്നത് റെക്കോഡ് ചൂട്; മുന്നറിയിപ്പുമായി ഗവേഷകര്‍

 Europe Hits Temperatures Never Before Experienced
SHARE

ചരിത്രത്തിലെങ്ങും ഇതുപോലെ ഒരു വേനല്‍ക്കാലം യൂറോപ്പ് അനുഭവിച്ചിട്ടില്ല. സ്പെയ്നും ഫ്രാന്‍സും പോര്‍ച്ചുഗലും മുതല്‍ ജര്‍മനിയും ബല്‍ജിയവും സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളും വരെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെര്‍ക്കുറി നിരക്കിലൂടെയാണു കടന്നു പോകുന്നത്. പോര്‍ച്ചുഗലും സ്പെയ്നും ഫ്രാന്‍സും പോലുള്ള മെഡിറ്ററേനിയനോടു ചേര്‍ന്നുള്ള രാജ്യങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് ചൂടെത്തിയതെങ്കിലും ശൈത്യമേഖലാ രാജ്യങ്ങളായ ജര്‍മനിയിലും ബല്‍ജിയത്തിലുമെല്ലാം 40 ഡിഗ്രിയോടടുത്ത് നിന്നു ഉയര്‍ന്ന താപനില.

കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം സാധാരണയോ അതില്‍ കുറവോ ആയി നമുക്കു തോന്നുമെങ്കിലും സ്ഥിതി വ്യത്യസ്ഥമാണ്. ഉഷ്ണമേഖലാ പ്രദേശത്തെ ഉയര്‍ന്ന താപനിലയോടു സമാനമായ ചൂടാണ് ഈ പ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഈ രാജ്യങ്ങളെല്ലാം സമശീതോഷ്ണ മേഖലയിലോ, ശൈത്യമേഖലയിലോ ആണ് സ്ഥിതി ചെയ്യുന്നതെന്ന വസ്തുത പരിഗണിക്കണം. എല്ലാ രാജ്യങ്ങളിലും തന്നെ ഇതുവരെ രേഖപ്പെടുത്തിയ താപനിലാ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ അന്തരീക്ഷത്തിലെ ചൂട്. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനകം തന്നെ ഉയര്‍ന്ന മുന്നറിയിപ്പു നിര്‍ദ്ദേശമായ കോഡ് റെഡ് പുറപ്പെടുവിച്ചു കഴിഞ്ഞു.

താപനില വർധിക്കുന്നത് വടക്ക് ദിശയിലേക്ക്

sun

യൂറോപ്പിലുണ്ടായ ഈ താപനില വർധനവിന്‍റെ ഗതിയും കൗതുകകരമാണ്. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലാണ് റെക്കോര്‍ഡ് താപനില ആദ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇപ്പോള്‍ ജര്‍മനിയും ബല്‍ജിയവും കടന്ന് സ്കാൻഡിനേവിയന്‍ രാജ്യങ്ങളിലേക്കു കാലെടുത്തു വച്ചിരിക്കുകയാണ് ചൂട് കാറ്റ്. ആര്‍ട്ടിക്കിലുണ്ടായ വൈരുധ്യ പ്രതിഭാസങ്ങളാണ് യൂറോപ്പിലെ ചൂട് കാറ്റ് ഇക്കുറി കുത്തനെ ഉയരാന്‍ കാരണമായത്. 

ഫ്രാന്‍സിലും, സ്പെയ്നിലും ഇറ്റലിയിലും മറ്റുമായിരുന്നു ചൂടുകാറ്റ് മൂലം ആദ്യം പ്രതിസന്ധി അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ താപനിലാ കണക്കുകള്‍ 45 ഡിഗ്രിയ്ക്ക് മുകളിലേക്കായിരുന്നു. സ്പെയ്നിലും ഇറ്റലിയിലും കടുത്ത ചൂടിനൊപ്പം കാട്ടുതീയും പടര്‍ന്നു പിടിച്ചത് താപനിലാ വർധനവിന്‍റ ആക്കം കൂട്ടി. ഇതിനു ശേഷം ജര്‍മനിയിലേക്ക് ചൂടുകാറ്റെത്തിയതോടെ ഇവിടെ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. ഇതോടെ 2015 ലുണ്ടായ 40.3 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് തകര്‍ന്നു. 

ബല്‍ജിയത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39. 4 ആയിരുന്നു. 1947 ല്‍ അനുഭവപ്പെട്ട ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. അന്ന് 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബല്‍ജിയത്തില്‍ അനുഭവപ്പെട്ട ഉയര്‍ന്ന താപനില. ഏതാണ്ട് രാജ്യം മുഴുവനും കോഡ് റെഡ് എന്ന അവസ്ഥയിലേക്കെത്തിയതോടെ താരതമ്യേന കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശത്തെ ചൂണ്ടി കാട്ടാന്‍ പര്‍പ്പിള്‍ നിറം ബല്‍ജിയം കാലാവസ്ഥാ ഏജന്‍സിക്ക് ഉപയോഗിക്കേണ്ടി വന്നു.

519650384

ജര്‍മനിയും ബല്‍ജിയവും പിന്നിട്ട് ചൂട് കാറ്റ് ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത് സ്കാൻഡിനേവിയന്‍ രാജ്യങ്ങളിലാണ്. ഒദ്യോഗികമായ സ്കാൻഡിനേവിയന്‍ രാജ്യങ്ങളില്‍ പെടില്ലെങ്കിലും സമാനമായ ഭൂമിശാസ്ത്രവും കാലാവസ്ഥയുമുള്ള പ്രദേശമാണ് നെതര്‍ലന്‍ഡ്. രാജ്യത്ത് 75 വര്‍ഷം നിലനിന്ന ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡ് ചൂട് കാറ്റ് മൂലം തകര്‍ന്നതായി ഡച്ച് കാലാവസ്ഥാ ഏജന്‍സി വെള്ളിയാഴ്ചയാണ് അറിയിച്ചത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ച ഗെല്‍ഷെ മേഖലയില്‍ അനുഭവപ്പെട്ട താപനില. 1944 ല്‍ അനുഭവപ്പെട്ട 38.4 ഡിഗ്രി സെല്‍ഷ്യസിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. പക്ഷേ ഗെല്‍ഷെ മേഖലയുടെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. രാജ്യത്തെ തന്നെ ഐദോവന്‍ മേഖലയില്‍ 39.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ഇത് പുതിയ റെക്കോര്‍ഡായി മാറി.

ചൂട് കാറ്റ് കൂടുതല്‍ മേഖലകളിലേക്ക്

sun-hot4

ഈ പറഞ്ഞ രാജ്യങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം താപനില അനുഭവപ്പെട്ടതെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ വൈകാതെ ഈ താപക്കാറ്റിന്‍റെ ചൂടറിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെയിലും മറ്റും ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ബിബിസി പറയുന്നു. ബ്രിട്ടനില്‍  ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഇക്കുറിയാണ്. ഈ വർധനവും താപക്കാറ്റിന്‍റെ വരവിന്‍റെ ഭാഗമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ