ഗ്രീന്‍ലന്‍ഡ് എന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപ് അമേരിക്ക വാങ്ങുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലോകം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളില്‍ ഒന്ന്. ഗ്രീന്‍ലന്‍ഡ് വാങ്ങാന്‍ തയ്യാറാണെന്ന പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ട്രംപിന്‍റെ നിര്‍ദേശം ഗ്രീന്‍ലന്‍ഡിന്‍റെ നിയന്ത്രണമുള്ള രാജ്യമായ ഡെന്‍മാര്‍ക്ക് തള്ളിക്കളഞ്ഞു എന്നു മാത്രമല്ല ഈ നിര്‍ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഉലയ്ക്കാനും ഇടയാക്കി.
അതേസമയം ഗ്രീന്‍ലന്‍ഡ് ട്രംപ് വാങ്ങിയാലും ഇല്ലെങ്കിലും ആ ദ്വീപില്‍ സംഭവിയ്ക്കുന്ന ഇപ്പോഴത്തെ മാറ്റങ്ങളുടെ ഉത്തരവാദി ട്രംപും അമേരിക്കയും തന്നെയാണ്. ഗ്രീന്‍ലന്‍ഡിലെ മാറ്റങ്ങള്‍ക്കു മാത്രമല്ല അവിടുത്തെ മഞ്ഞുരുക്കം മൂലം കടല്‍ജലനിരപ്പുയര്‍ന്നുണ്ടാകുന്ന ലോകവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും ഉത്തരവാദി അമേരിക്കയും ട്രംപും ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യമെന്ന നിലയിലും കാലാവസ്ഥാ വ്യതിയാനത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞ് കൊണ്ടു നടപ്പാക്കുന്ന നയങ്ങള്‍ മൂലവും ഗ്രീന്‍ലന്‍ഡിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പ്രധാന കുറ്റവാളി അമേരിക്ക തന്നെയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍
ആര്‍ട്ടിക് അന്‍റാര്‍ട്ടിക് ധ്രുവപ്രദേശങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഗ്രീന്‍ലന്‍ഡ്. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ ഭീഷണി നേരിടുകയാണെന്നത് പുതിയ അറിവല്ല. ആഗോളതാപനം ശക്തമായപ്പോള്‍ മുതല്‍ ആദ്യ ആഘാതമേറ്റുവാങ്ങിയ പ്രദേശമാണ് ഗ്രീന്‍ലന്‍ഡ്. 2012 ല്‍ ഉണ്ടായ റെക്കോര്‍ഡ് താപനിലയും അതേ തുടര്‍ന്നുണ്ടായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുരുകലും നേരിട്ടപ്പോള്‍ മുതല്‍ ഗ്രീന്‍ലന്‍ഡ് അക്ഷരാർഥത്തില്‍ ഉരുകി ഒലിക്കുകയാണ്.

പക്ഷേ ലോകം മുഴുവന്‍ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകലിനെക്കുറിച്ച് ബോധവാന്‍മാരാണെങ്കിലും ഇതിനു പരിഹാരമായുള്ള നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ വളരെ കുറവാണ്. അമേരിക്ക എന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകട്ടെ പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല മഞ്ഞുരുകല്‍ വർധിക്കുന്നതിനു കാരണമായ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനവുമായി മുന്നോട്ടു പോവുകയുമാണ്.
ഈ വര്‍ഷം വേനല്‍ക്കാലത്ത് മാത്രമുണ്ടായ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കത്തിലൂടെ ലോകത്താകെമാനം കടല്‍ജലനിരപ്പ് ഒരു മില്ലീ മീറ്റര്‍ വർധിച്ചിട്ടുണ്ടെന്ന് കൊളറാഡോ സര്‍വകലാശാല ഗവേഷകനായ ടെഡ് സാംബോസ് പറയുന്നു. ഏതാണ്ട് 360 ജിഗാ ടണ്‍ ജലമാണ് ഈ വേനലില്‍ ഗ്രീന്‍ലന്‍ഡില്‍ നിന്ന് അറ്റ്ലാന്‍റിക്കിലേക്ക് ഉരുകിയൊലിച്ചെത്തിയത്. ഇങ്ങനെ എത്തുന്ന ജലം സൃഷ്ടിക്കുന്ന സമുദ്രനിരപ്പ് വർധന മാത്രമല്ല പ്രതിസന്ധി. അനിയന്ത്രിതമായി കടലിലേക്കെത്തുന്ന തണുത്ത ജലം സമുദ്രത്തിലെ സര്‍ക്കുലേഷന്‍ പ്രതിഭാസത്തെ തന്നെ ബാധിക്കും. ഇതാകട്ടെ സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ മുതല്‍ ഭൂമിയുടെ കാലവസ്ഥ വരെ മാറിമറിയാന്‍ കാരണമാകും.
കാത്തിരിക്കുന്ന ദുരന്തം

ഗ്രീന്‍ലന്‍ഡിലെ മഞ്ഞ് മുഴുവന്‍ ഉരുകിയാല്‍ സംഭവിക്കുന്നത് എന്തായിരിയ്ക്കും? ഇതിന് ഉത്തരമായി പല ഗവേഷകരും പല പ്രവചനങ്ങളും ഇതിനകം നടത്തിയിട്ടുണ്ട്. ചില ഗവേഷകരാകട്ടെ ഈ പ്രവചനങ്ങള്‍ക്ക് തെളിവായി ഭൗമചരിത്രത്തിലെ പല കാലഘട്ടങ്ങളെയും ചൂണ്ടിക്കാട്ടുന്നു. ഭൂമി ഇതിന് മുന്‍പ് സമാനമായ താപനിലയില്‍ എത്തിയപ്പോള്‍ അത് ഗ്രീന്‍ലന്‍ഡിലെ മഞ്ഞ് മുഴുവന്‍ ഉരുകി ഒലിക്കുന്നതിന് കാരണമായെന്ന് ഇവര്‍ പറയുന്നു. ഈ മഞ്ഞുരുകലാകട്ടെ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെയും ജലനിരപ്പ് 23 അടി വരെ ഉയരാനും കാരണമായി. വൈകാതെ ഇത് ഈ നൂറ്റാണ്ടിലും സംഭവിക്കുമെന്ന് തന്നെയാണ് ഭൂരിഭാഗം ഗവേഷകരും കണക്കു കൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് ലോകജനതയുടെ മൂന്നിലൊന്ന് പേരും താമസിക്കുന്ന പ്രദേശങ്ങള്‍ കടലെടുക്കും. ഇവിടങ്ങളിലെ സസ്യജൈവ വൈവിധ്യങ്ങള്‍ ഇല്ലാതാകും. മാനവരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാകും അപ്പോള്‍ അഭിമുഖീകരിക്കേണ്ടി വരിക.