ഇറ്റലിയില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്സിന്‍റെ പര്‍വതശിഖരങ്ങളിലൊന്നിലെ കൂറ്റന്‍ ഹിമപാളിയാണ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. കാരണം ആഗോള താപനം തന്നെയാണ്. ആഗോളതാപനം സൃഷ്ടിച്ച ആഘാതത്തില്‍ ഇക്കുറി യൂറോപ്പിലുണ്ടായ ചൂടുകാറ്റ് ആല്‍പ്സ് മേഖലയിലെ മഞ്ഞുപാളികളെ ആകെ ദുര്‍ബലമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവയിലൊന്ന് വൈകാതെ തകര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.
ഗ്രാന്‍ഡ് ജൊറാസിസ് എന്ന കൊടുമുടിയുടെ ഭാഗമായ പ്ലാന്‍പിൻസ്യൂക്സ് മഞ്ഞുപാളിയാണ് ഏത് നിമിഷവും തകര്‍ന്നു വീണേക്കാമെന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. ആല്‍പ്സിലെ മൗണ്ട് ബ്ലാങ്ക് എന്നുി വിളിക്കുന്ന പ്രദേശത്തിന്‍റെ ഭാഗമാണ് ഈ കൊടുമുടി. മഞ്ഞുപാളി ഉരുകി തെന്നി നീങ്ങുന്നതിന്‍റെ വേഗത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്രമാതീതമായി വർധിച്ചിരുന്നു. ഇപ്പോള്‍ ഏതാണ്ട് 50 മുതല്‍ 60 വരെ സെന്‍റിമീറ്റര്‍ ദൂരമാണ് ഓരോ ദിവസവും മഞ്ഞുപാളി നീങ്ങുന്നത്. ഈ ദൂരമാകട്ടെ അനുദിനം വർധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ഞുപാളി വൈകാതെ കൂട്ടത്തോടെ താഴ്‌വാരത്തേക്കു പതിച്ചേക്കുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നത്.
സ്വിറ്റ്സര്‍ലൻഡ്, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലായാണ് മൗണ്ട് ബ്ലാങ്ക് പര്‍വത മേഖല സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഇറ്റാലിയന്‍ മേഖലയിലേക്കാകും മഞ്ഞുപാളി ഉരുകി നിലംപതിക്കുക. ഈ സാഹചര്യത്തില്‍ പര്‍വതത്തിന്‍റെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങളെ ഇതിനകം മാറ്റി പാര്‍പ്പിച്ചു. ആല്‍പ്സിലെ തന്നെ ഏറ്റവും വലുപ്പമേറിയ മഞ്ഞുപാളികളില്‍ ഒന്നാണ് പ്ലാന്‍പിൻസ്യൂക്സ്. അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളി നിലംപൊത്തുന്നത് താഴ്‍വരയെ ഏതാണ്ട് പൂർണമായും തന്നെ തകര്‍ത്തേക്കുമെന്നാണു കരുതുന്നത്.
പ്ലാന്‍പിൻസ്യൂക്സ് മഞ്ഞുപാളി
ശൈത്യകാലത്തൊഴികെയുള്ള സമയങ്ങളില്‍ ഇറ്റലിയലെ വലിയൊരു മേഖലുടെ ജലസ്രോതസ്സാണ് പ്ലാന്‍പിൻസ്യൂക്സ് മഞ്ഞുപാളി. അതുകൊണ്ട് തന്നെ മഞ്ഞുപാളി തകര്‍ന്നാല്‍ അത് ഒരു പക്ഷേ ഇറ്റലിയിലെ ജലലഭ്യതയില്‍ തന്നെ കുറവ് വരുത്തുമെന്നാണു കണക്കു കൂട്ടുന്നത്. അതേസമയം ഇപ്പോഴും ഈ മഞ്ഞുപാളി തകരുമെന്ന് ഉറപ്പിച്ചു പറയാന്‍ ഗവേഷകര്‍ തയാറല്ല. താപനിലയില്‍ വൈകാതെ കുറവുണ്ടായാല്‍ ഒരു പക്ഷേ മഞ്ഞുപാളി തെന്നി നീങ്ങുന്നതിന്‍റെ വേഗത കുറഞ്ഞേക്കാമെന്നും ഇതുവഴി തകര്‍ച്ച ഒഴിവാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഒരാഴച മുന്‍പാണ് രാജ്യാന്തര ഗവേഷകരുടെ സംഘം ഉള്‍പ്പടെയുള്ളവര്‍ പ്ലാന്‍പിൻസ്യൂക്സ് മഞ്ഞുപാളി തെന്നി നീങ്ങാന്‍ തുടങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. വൈകാതെ തന്നെ ഈ മഞ്ഞുപാളിയുടെ വേഗത വർധിക്കുന്നതും ഇവര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍റെ കീഴിലുള്ള ഗവേഷക സംഘവും, ഇറ്റാലിയിലെ ഗവേഷകരും ഈ നിരീക്ഷണങ്ങള്‍ ശരിവച്ചു. ഈ സാഹചര്യത്തിലാണ് പ്ലാന്‍പിൻസ്യൂക്സിനു താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെയും മറ്റും ആളുകളെ കുടിയൊഴിപ്പിച്ചത്. ഇപ്പോള്‍ പകല്‍സമയത്ത് അടിയന്തിര ആവശ്യമുള്ള വാഹനങ്ങൾ മാത്രമാണ് ഇവിടുത്തെ റോഡിലൂടെ പോലും കടത്തി വിടുന്നത്.
യുഎന്നിലും ആശങ്കയറിയിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
പ്ലാന്‍പിൻസ്യൂക്സിനു സമീപത്തായി സ്ഥിതി ചെയ്യുന്ന കൊര്‍മേയൂര്‍ നഗരത്തിന്‍റെ മേയര്‍ കാലാവസ്ഥാ വ്യതിയാനമാണ് പ്ലാന്‍പിൻസ്യൂക്സിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിരതയുള്ളതും ശക്തവുമായ ആല്‍പ്സിലെ മഞ്ഞുപാളികളെ ഇപ്പോള്‍ ദുര്‍ബലമാക്കിയത് ആഗോളതാപനമാണെന്ന മേയര്‍ സ്റ്റെഫാനോ മിസറോക്കിയുടെ വാക്കുകള്‍ ഈ ദിവസങ്ങളില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിലും മുഴങ്ങി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപ്പേ കോണ്ടി ആണ് ആല്‍പ്സില്‍ ഉണ്ടായ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സ്റ്റെഫാനോ മിസറോക്കിയുടെ വാക്കുകള്‍ ഉദാഹരണമായി ഉപയോഗിച്ചത്.