കര കടലെടുക്കുമ്പോൾ ആലപ്പുഴയുണ്ടാക‍ുമോ? കരയേറുന്നത് ആശങ്കകളും!

Rising sea will sink Alappuzha
SHARE

കടൽ കരയിലേക്കു കയറുമ്പോൾ ആലപ്പുഴയുണ്ടാക‍ുമോ? അടുത്ത 50 വർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മൂലം സമുദ്രനിരപ്പ് ഉയർന്ന് കേരളത്തിലെ പല മേഖലകളെയും കടലെടുക്കുമെന്ന പഠന റിപ്പോർട്ടിനെത്തുടർന്ന് ആലപ്പുഴക്കാരാണ് ആദ്യം ആശങ്കയിലാകുന്നത്. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന ക‍ുട്ടനാട് ഉൾപ്പെടെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളും ഭീഷണിയിലാകുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

ശരിക്കും കടൽ കയറുമോ?

‌അടുത്ത 50 വർഷത്തിനുള്ളിൽ കടൽ കരയെ വിഴുങ്ങ‍ുമെന്ന പേടി വേണ്ടെന്നു കുസാറ്റിലെ ഫിസിക്കൽ ഓഷ്യ‍ാനോഗ്രഫി വിഭാഗം പ്രഫസർ ഡോ.എ.എൻ.ബാൽചന്ദ് പറയുന്നു. എന്നാൽ, കടൽ ജലനിരപ്പ് ഉയരുന്നതോടെ കരയിൽ നിന്നു കടലിലേക്കുള്ള ജലത്തിന്റെ വലിവ് കുറയും. ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിക്കുകയും ചെയ്യാനുള്ള സാധ്യതയേറെയാണ്.

Rising sea will sink Alappuzha

‌‌കേരളത്തിൽ ആലപ്പുഴ, കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല, എറണാകുളം പറവൂർ മേഖല, തൃശൂർ പൊന്നാനി മേഖല തുടങ്ങിയ പ്രദേശങ്ങളിലാകും ഈ മാറ്റങ്ങൾ ആദ്യം പ്രകടമാകുക. ഗ്രീൻലൻഡ് ഉൾപ്പെടെയുള്ള ഹിമാനികൾ ഉരുകി ജലനിരപ്പ് വർധിക്കുന്ന പ്രതിഭാസം വർഷങ്ങളായ‍ി തുടരുന്നുണ്ട്.  കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സ്ഥിരമാകാനുള്ള സാധ്യതയും കാണുന്നുണ്ട്.‌

‌സമുദ്രനിരപ്പ് ഉയരുന്നത് മധ്യകേരളത്തെ പൊതുവെ ബാധിക്കും. എന്നാൽ, പെട്ടെന്നൊരു ദിവസം കടൽ കരയെ വിഴുങ്ങി കയറുമെന്നു പേടിക്കേണ്ടതില്ല. ശരിയായ നിലയിൽ പരിപാലിച്ചാൽ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ഒരു പരിധി വരെ കുട്ടനാടിനെ സംരക്ഷിക്കാൻ പ്രാപ്തമാണ്.  പുഴകളിലും കായലിലും മണൽ വാരൽ വ്യാപകമാകുന്നത് ഭാവിയിൽ വലിയ പ്രശ്നം സൃഷ്ടിക്കുമെന്നും ഡോ.ബാൽചന്ദ് പറഞ്ഞു.‌

കടലിനു ചൂടേറുന്നു; കാലാവസ്ഥ മാറുന്നു

‌പ്രാദേശികമായി ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലാകാം കാലാവസ്ഥാ വ്യതിയാനം ബാധിക്കുകയെന്ന് കുസാറ്റിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.എസ്.അഭിലാഷ് പറഞ്ഞു. കാലാവസ്ഥ പ്രകടമായി മാറുന്നുണ്ട്.‌ ‌അറബിക്കടലിന്റെ സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങൾ കഴിഞ്ഞ കാലങ്ങളിലെ പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയാക്കുന്നതെന്നു ഡോ.അഭിലാഷ് പറഞ്ഞു.

English Summary: Rising sea will sink Alappuzha by 2050

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ