ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്നതും കനമുള്ളതുമായ മഞ്ഞുപാളിയാണ് ദുര്‍ബലമാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ശോഷിച്ചു വരുന്ന ഈ മഞ്ഞുപാളിയുടെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടു. ആര്‍ട്ടിക്കിലെ അവസാന ആശ്രയമെന്നാണ് ഈ മഞ്ഞുപാളിയിലെ വിളിച്ചിരുന്നത്. ആര്‍ട്ടിക്കില്‍ ശൈത്യകാലത്ത് കൂടുതല്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിനും ഭൂമിയിലെ താപനില നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് വഹിയ്ക്കുന്നത് ഈ മഞ്ഞുപാളിയുടെ സാന്നിധ്യമാണ്.
ഗ്രീന്‍ലൻഡിന്‍റെ വടക്കു ഭാഗത്തായി ആര്‍ട്ടിക് സമുദ്രത്തിലാണ് ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്നത്. 1984 മുതല്‍ ഈ മഞ്ഞുപാളിക്കുണ്ടായ മാറ്റങ്ങള്‍ സാറ്റ്‌െലറ്റിന്‍റെ സഹായത്തോടെയാണ് ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്. ഈ സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് മഞ്ഞുപാളി ശോഷിച്ചതിന്‍റെ വിഡിയോ അമേരിക്കന്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരിക്കല്‍ മഞ്ഞു നിറഞ്ഞിരുന്ന മേഖല ശോഷിച്ച് വരുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഭൂമിയിലെ മഞ്ഞുപാളികളില്‍ ഏറ്റവും അവസാനം മഞ്ഞുരുകുന്ന മേഖലയാണ് ആര്‍ട്ടികിലെ വടക്കന്‍ മേഖല. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞുപാളികളിലുണ്ടാകുന്ന ഇപ്പോഴത്തെ ശോഷണം അതീവ ഗൗരവമായി തന്നെയാണ് ഗവേഷകര്‍ വലിയിരുത്തുന്നത്. നിലവിലെ കണക്കുകൂട്ടലുകളനുസരിച്ച് വര്‍ഷത്തില്‍ 1.2 മീറ്റര്‍ എന്ന തോതിലാണ് മഞ്ഞുപാളിയുടെ കനം വേനല്‍ക്കാലത്തു കുറയുന്നത്. ഇതിനു ശേഷം ശൈത്യകാലത്ത് മഞ്ഞിന്‍റെ അളവ് വർധിക്കുമെങ്കിലും അത് നഷ്ടപ്പെട്ട തോത് നികത്തുന്ന അളവിലേക്കെത്തുന്നില്ല.
ഇക്കാരണം കൊണ്ട് തന്നെ 1.5 മീറ്റര്‍ എന്ന തോതിലെങ്കിലും ഈ മഞ്ഞുപാളിയുടെ കനം നഷ്ടപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കാലങ്ങളായി നിലകൊള്ളുന്ന ഈ മഞ്ഞുപാളി ഇനിയും ഏറെക്കാലം നീണ്ടു നില്‍ക്കുമെന്നു കരുതാനാകില്ലെന്നും ഇപ്പോഴത്തെ പഠനത്തിന് നേതൃത്വം നല്‍കിയ ടൊറന്‍റോ സര്‍വകലാശാലയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മേധാവിയായ കെന്‍റ് മൂര്‍ പറയുന്നു.
ഈ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കുന്ന ആഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും കടല്‍ പക്ഷികള്‍ മുതല്‍ ഹിമക്കരടികള്‍ വരെയുള്ള ജൈവവൈവിധ്യം വൈകാതെ അപ്രത്യക്ഷമാകാന്‍ ഈ മാറ്റങ്ങള്‍ കാരണമായേക്കാം. ഈ വലിയ ജീവികളെ മാത്രമല്ല ഇതുവരെ വിശദമായ പഠനം പോലും ആരംഭിക്കാത്തെ സൂക്ഷ്മജീവികള്‍ ഉള്‍പ്പടെയുള്ളവയുടെ ആവാസവ്യവസ്ഥയും ഇതോൊപ്പം ഇല്ലാതാകുമെന്നും ഗവേഷക സംഘം പറയുന്നു.
English Summary: Arctic's "Last Refuge" Of Sea Ice Disappearing