ADVERTISEMENT

അടുത്തിടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ പ്രകൃതി ദുരന്തമായിരുനനു ആമസോണില്‍ പടര്‍ന്ന കാട്ടുതീ. ബ്രസീലിലാണ് ഈ കാട്ടു തീ ഏറ്റവുമധികം നാശം വിതച്ചത്. ഒന്നല്ല മറിച്ച് ഒട്ടനവധി പ്രദേശത്താണ് ഒരേ സമയം കാട്ടുതീകള്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ കാട്ടുതീകള്‍ അവസാനിച്ചെങ്കിലും ഇവ സൃഷ്ടിച്ച ആഘാതങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതില്‍ ഏറ്റവും നിര്‍ണായകമാണ് ആന്‍ഡസിലെ മഞ്ഞുപാളികള്‍ ഉരുകിത്തുടങ്ങിയത്.

ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ പുതിയ സംഭവമല്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മേഖലയിലെ കാട്ടുതീയിലുണ്ടായ വർധനവ് 70 ശതമാനമാണ്. വനമേഖലയിലേക്ക് കടന്നു കയറുന്ന വ്യവസായങ്ങളും കൃഷിയിടങ്ങളുമാണ് ഈ കാട്ടുതീകള്‍ക്ക് പിന്നിലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്. ഇത്തവണയുണ്ടായ കാട്ടുതീയില്‍ ബ്രസീലിലെ പല ഭാഗങ്ങളും പുകയാല്‍ മൂടി ഏതാനും ദിവസത്തേക്ക് സൂര്യവെളിച്ചം പോലും വ്യക്തമായ കടന്നു ചെല്ലാത്ത നിലയിലായിരുന്നു.

ബ്ലാക്ക് കാര്‍ബണ്‍

ആമസോണിലുള്ളത് നിത്യഹരിത വനങ്ങളാണ്. അതായത് ലോകത്ത് തന്നെ ഏറ്റവുമധികം കാര്‍ബണ്‍ ശേഖരിക്കപ്പെടുന്ന വനമേഖല. അതിനാല്‍ തന്നെ ഈ വനമേഖല കാട്ടുതീയില്‍ എരിഞ്ഞപ്പോള്‍ വലിയ അളവിലാണ് കാര്‍ബണും പുറന്തള്ളപ്പെട്ടത്.പുകയും ചാരവുമായി പുറത്തു വന്ന ഈ കാര്‍ബണ്‍ അറിയപ്പെടുന്നത് ബ്ലാക്ക് കാര്‍ബണ്‍ എന്നാണ്. ബ്ലാക്ക് കാര്‍ബണൊപ്പം തന്നെ വലിയ അളവില്‍ കാര്‍ബണ്‍മോണോക്സൈഡും കാട്ടുതീയെ തുടര്‍ന്ന് ആമസോണില്‍ നിന്നു പുറത്തു വന്നിട്ടുണ്ട്. 

ഒരു വര്‍ഷത്തിലുണ്ടാകുന്ന കാട്ടുതീയില്‍ തെക്കേ അമേരിക്കയില്‍ നിന്നു പുറത്തു വരുന്നത് ശരാശരി എണ്‍പതിനായിരം ടണ്‍ബ്ലാക്ക് കാര്‍ബണ്‍ ആണ്. ഈ വര്‍ഷം ഇതില്‍ അന്‍പത് ശതമാനത്തിലധികം വർധനവുണ്ടായെന്നാണ് കണക്ക്. യൂറോപ്പിന് മുഴുവന്‍ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാന്‍ വേണ്ടിവരുന്ന കല്‍ക്കരി കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ബ്ലാക്ക് കാര്‍ബണിന്‍റെ മൂന്നിരട്ടിയാണ് ഈ അളവ്.ഇത്ര വലിയ അളവില്‍ കാര്‍ബണ്‍ പുറത്തു വരുമ്പോള്‍ അത് തീര്‍ച്ചയായും അത് ആഗോളതാപനത്തിനു കരുത്തു പകരും. പക്ഷേ ഗവേഷകര്‍ അടിയന്തിരമായി ആശങ്കപ്പെടുത്തുന്നത് ഈ കാര്‍ബണ്‍ മഞ്ഞുപാളികളില്‍ ഉണ്ടാക്കുന്ന ആഘാതമാണ്. 

ആന്‍ഡസിലെ മഞ്ഞുപാളികള്‍

തെക്കേ അമേരിക്കയില്‍ തെക്കു വടക്കായി സ്ഥിതി ചെയ്യുന്ന പര്‍വതനിരയാണ് ആന്‍ഡസ്. തെക്കേ അമേരിക്കയിലെ പല പ്രമുഖ നദികളുടെ പ്രധാന സ്രോതസ്സ് ആന്‍ഡസിലെ മഞ്ഞുപാളികളാണ്. എന്നാല്‍ ആമസോണിലെ വർധിച്ച് വരുന്ന കാട്ടുതീ പ്രതിഭാസം ഈ മഞ്ഞുപാളികളെ ദുര്‍ബലമാക്കുന്നുണ്ട്. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. 2010 ലാണ് ആമസോണിലെ കാട്ടുതീ ആന്‍ഡസിലെ മഞ്ഞുപാളികളില്‍ ഉണ്ടാക്കുന്ന മാറ്റം ശ്രദ്ധയില്‍ പെട്ടത്. ഇതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ കാട്ടുതീയാണ് ഇക്കുറി ഉണ്ടായത്.

ഇക്കാരണം കൊണ്ട് തന്നെ 2019 ലുണ്ടായ കാട്ടുതീയില്‍ പുറന്തള്ളപ്പെട്ട ബ്ലാക്ക് കാര്‍ബണ്‍ ആന്‍ഡസിലെ മഞ്ഞുപാളികളെ മുന്‍പില്ലാത്ത വിധം ദുര്‍ബലമാക്കിയേക്കാം എന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്. ബ്ലാക്ക് കാര്‍ബണ്‍ എന്ന് വിളിക്കുന്ന ഈ പൊടിപടലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തിലേറെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആന്‍ഡസിലെ മഞ്ഞുപാളികളുടെ നിറം മാറുന്നതിന് പോലും കാരണമാകുന്നുണ്ട്. ഇങ്ങനെ നിറം മാറുമ്പോള്‍ അത് മഞ്ഞുപാളികളുടെ ആല്‍ബഡോ പ്രതിഭാസത്തെ ബാധിക്കും. കറുത്ത നിറമുള്ള കാര്‍ വേഗത്തില്‍ ചൂടാകുന്നത് പോലെ മഞ്ഞുപാളികളും കറുത്ത പൊടുപടലങ്ങള്‍ കൊണ്ട് മൂടപ്പെടുമ്പോള്‍ വേഗത്തില്‍ ചൂടാവുകയും ഉരുകി ഒലിക്കാന്‍ കാരണമാവുകയും ചെയ്യും.

English Summary: Fires in The Amazon Are Causing Glaciers to Melt Faster in The Andes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com