ADVERTISEMENT

ന്യൂസീലന്‍ഡിലെ പര്‍വത നിരകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വലുപ്പത്തിന്‍റെ കാര്യത്തില്‍ അത്ര മുന്‍പന്തിയിലൊന്നും അല്ലെങ്കിലും ലോകത്തെ ഒട്ടുമിക്ക പര്‍വത നിരകളിലുള്ളതിലും കൂടുതല്‍ മഞ്ഞുപാളികള്‍ ന്യൂസീലന്‍ഡിലെ പര്‍വത നിരകളിലുണ്ട്. അതുകൊണ്ട് തന്നെ ന്യൂസീലന്‍ഡിലെ പര്‍വത നിരകള്‍ക്ക് പലപ്പോഴും അഭൗമമായ ഭംഗിയാണ്. ഈ തൂവെള്ള പുതച്ച പര്‍വതനിരകള്‍ ലോര്‍ഡ് ഓഫ് ദി റിങ്സ് പോലുള്ള ഹോളിവുഡിലെ ഏറ്റവും മികച്ച ഫാന്‍റസി സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട്.

എന്നാല്‍ ഈ ഭംഗി പ്രതീക്ഷിച്ച് ഇപ്പോള്‍ ന്യൂസീലന്‍ഡിലേക്ക് പോയാല്‍ ആരുടേയും ഹൃദയം തകരും .കാരണം ന്യൂസീലന്‍ഡിലെ പര്‍വത മഞ്ഞുപാളികളുടെ ഇപ്പോഴത്തെ നിറം ഇളം ചുവപ്പ് മുതല്‍ തവിട്ടു വരെയാണ്. ഇതിനു കാരണമായതാകട്ടെ ഓസ്ട്രേലിയയില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കാട്ടുതീയും. ന്യൂസീലന്‍ഡിലെ തെക്കന്‍ ദ്വീപുകളിലുള്ള മഞ്ഞുപാളികളുടെ ചിത്രങ്ങള്‍ ലിസ് കാഴ്സണ്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഹെലികോപ്റ്ററില്‍ സഞ്ചരിച്ചു പകര്‍ത്തിയത്.

ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്താണ് കാട്ടുതീ വ്യാപകമായി പടര്‍ന്നു പിടിക്കുന്നത്. കനത്ത വേനല്‍ചൂടിന്‍റെ പുറകെയാണ് ഈ കാട്ടു തീയും ഓസ്ട്രേലിയയെ ശ്വാസം മുട്ടിക്കുന്നത്. കിഴക്കന്‍ തീരത്തുള്ള പല നഗരങ്ങളിലും കനത്ത പുകമഞ്ഞ് തളം കെട്ടി നില്‍ക്കുകയാണ്. കൂടാതെ ആയിരക്കണക്കിനു വീടുകള്‍ എരിഞ്ഞില്ലാതായതു മുതല്‍ ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന കോവാലകള്‍ പോലുള്ള ജീവികള്‍കൂട്ടത്തോടെ തീയില്‍ പെട്ട് ജീവനറ്റ ദുരന്തങ്ങള്‍ വേറെയും.

ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ ഓസ്ട്രേലിയില്‍ നിന്നുള്ള പുകയും ചാരവും ന്യൂസീലന്‍ഡിലെ മലനിരകളില്‍ സൃഷ്ടിക്കുന്ന ആഘാതവും. കേവലം പ്രകൃതിഭംഗിയെ മാത്രം ബാധിക്കുന്ന ഒന്നല്ല ഈ നിറം മാറ്റമെന്നതാണ് ഗൗരവകരമായ മറ്റൊരു വസ്തുത. ന്യൂസീലന്‍ഡിലെ എല്ലാ നദികളുടെയും തന്നെ സ്രോതസ്സ് മലനിരകളിലെ മഞ്ഞുപാളികളാണ്. ഈ മഞ്ഞുപാളികള്‍ മലിനീകരിക്കപ്പെട്ടാല്‍ അതിനര്‍ത്ഥം നദികളു മലിനീകരിക്കപ്പെടുന്നു എന്നാണ്. 

കാലാവസ്ഥാ വ്യതിയാനത്താല്‍ ഇപ്പോള്‍ തന്നെ നിലനില്‍പ് ഭീഷണി നേരിടുന്നവയാണ് ന്യൂസീലന്‍ഡിലെ മഞ്ഞുപാളികള്‍. ഇതിന് പുറമെയാണ് ഇപ്പോള്‍ കാട്ടുതീയില്‍ നിന്ന് വായുവില്‍ കലര്‍ന്നെത്തിയ രാസപദാർധങ്ങളുടെ സാന്നിധ്യവും. ഏതു തരത്തിലുള്ള വസ്തുവാണ് മഞ്ഞുപാളികളുടെ നിറം മാറ്റിയതെന്നു വ്യക്തമല്ലെന്നു ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും രാസവസ്തുവിന്‍റെ സാന്നിധ്യം നിശ്ചയമായും പുകയിലും ചാരത്തിലും ഉണ്ടാകുമെന്നാണ് ഇവരുടെ നിഗമനം.

കാര്‍ബണിന്‍റെ വകഭേദങ്ങളും പൊടിപടലവുമാണ് സാധാരണ കാട്ടുതീയില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍. ഇവയുടെ സാന്നിധ്യവും മഞ്ഞുപാളികളില്‍ നിറം മാറ്റത്തിനു കാരണമാകാമെന്ന് ന്യൂസീലന്‍ഡ് ദേശീയ കാലാവസ്ഥാ ഏജന്‍സിയുടെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായ ക്രീസ് ബ്രാന്‍റോലിന പറയുന്നു.  കൂടാതെ മറ്റൊരു സാധ്യതയുള്ളത് തീയില്‍ പെട്ടുയര്‍ന്ന പൊടുപടലങ്ങളില്‍ ഉള്‍പ്പെട്ട ഓസ്ട്രേലിയയിലെ മേല്‍മണ്ണാകാം ഇതെന്നതാണ്. അയണ്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ഓസ്ട്രേലിയിലെ മേല്‍മണ്ണിന്‍റെ നിറം ചുവപ്പാണ്.

നിറം മാറ്റിയ ഘടകം എന്തുതന്നെ ആയാലും ഈ മിശ്രിതം കടല്‍ കടന്നെത്തണമെങ്കില്‍ അത്രയേറെ പരസ്പരം ഇടകലര്‍ന്നിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓസ്ട്രേലിയയ്ക്കും ന്യൂസീലന്‍ഡിനും ഇടയ്ക്കുള്ള ടാസ്മന്‍ കടലിന് നൂറ് കണക്കിന് കിലോമീറ്ററുകളിലേറെ വിസ്തൃതിയുണ്ട്. മാത്രമല്ല ഇതില്‍ നിന്ന് ഇവയുടെ കനം എത്ര കുറവാണെന്നും ഗവേഷകര്‍ ഊഹിക്കുന്നു. അതുകൊണ്ട് തന്നെ ഈ മലിനവസ്തുക്കള്‍ വായുവില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തിയാല്‍ പോലും അറിയില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: Glaciers in New Zealand Are Turning Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com