ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് എന്നീ ധ്രുവപ്രദേശങ്ങളിലും ഉയരമേറിയ പര്‍വത മേഖലകളിലുമാണ് ഭൂമിയില്‍ മഞ്ഞുപാളികള്‍ കാണപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ മേഖലകളിലെല്ലാം മഞ്ഞുപാളികള്‍ ഉരുകി ഒലിക്കുന്നു എന്നത് ഗവേഷകര്‍ ഏറെ നാളായി ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോഴും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കെട്ടുകഥയാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇതില്‍ ലോക നേതാക്കള്‍ പോലും ഉള്‍പ്പെടുന്നു എന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം.
ആഗോളതാപനം മിഥ്യയാണെന്ന് കരുതുന്നവര്‍ക്ക് പതിറ്റാണ്ടുളായി ചിത്രീകരിച്ച ദൃശ്യങ്ങളിലൂടെയുള്ള തെളിവാണ് ഇപ്പോള്‍ ഗവേഷക സംഘം മുന്നോട്ടു വച്ചിരിക്കുന്നത്. അലാസ്ക, ഗ്രീന്‍ലന്‍ഡ്, അന്‍റാര്‍ട്ടിക് എന്നിവിടങ്ങളിലായി ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങള്‍. 1972 മുതലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ വിഡിയോ തയയാറാക്കിയിരിക്കുന്നത്. 1972 ല്‍ നിന്ന് 2019 ലേക്കെത്തുമ്പോള്‍ മഞ്ഞുപാളികളുടെ വിസ്തൃതിയിലും കനത്തിലും ഉണ്ടാകുന്ന കുറവ് ആരെയും ആശങ്കപ്പെടുത്തുന്നതാണ്.
അലാസ്ക ഫെയര്‍ബാങ്ക്സ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക് ഫാനസ്റ്റോക് മൂന്ന് മേഖലകളിലെയും 48 വര്‍ഷത്തെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ആഗോളതാപനത്തിന്‍റെ തെളിവ് തയാറാക്കിയിരിക്കുന്നത്. നാസയുടെ സഹായത്തോടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഈ ദൃശ്യങ്ങള്‍ മാര്‍ക് മാര്‍ക് ഫാനസ്റ്റോക് ശേഖരിച്ചത്. ലാന്‍ഡ് സാറ്റ് എന്ന ഉപഗ്രഹമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. ആറ് സെക്കന്‍റ് മാത്രമാണ് ടൈം ലാപ്സിന്‍റെ ദൈര്‍ഘ്യമെങ്കിലും ഇത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഏറെ വിലപ്പെട്ടതാണെന്ന് മാര്‍ക് ഫെര്‍ഹന്‍സ്റ്റോക് പറയുന്നു.
ഈ ദൃശ്യങ്ങള്‍ മൂന്ന് മേഖലകളില്‍ നിന്നു മാത്രമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മഞ്ഞുപാളികള്‍ സമാനമായ പ്രതിസന്ധി നേരിടുകയാണെന്ന് ഗവേഷകലേകം പറയുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി പറയുന്ന കൊളംബിയയിലെ പര്‍വത മേഖലയിലുള്ള മഞ്ഞുപാളികളാണ്. 1980 വരെ കാര്യമായ കോട്ടം തട്ടാതിരുന്ന ഈ മഞ്ഞുപാളി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പകുതിയായി ചുരുങ്ങിയെന്ന് ഉദാഹരണ സഹിതം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.