ജെറ്റ് സ്ട്രീമുകൾ മാറുന്നു; എവറസ്റ്റിനു മുകളിലെ നിരീക്ഷണയന്ത്രത്തിൽ ഞെട്ടിക്കുന്ന വിവരം!

Mount Everest
SHARE

സമീപകാലത്താണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്കായി എവറസ്റ്റ് ഉള്‍പ്പടെയുള്ള ഭൂമിയിലെ ഉയര്‍ന്ന മേഖലകളില്‍ നിരീക്ഷണയന്ത്രങ്ങള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ഇതാദ്യമായി ഇവയിൽ നിന്നുള്ള വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ച് പഠനത്തിനു വിധേയമാക്കിയിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന മേഖലയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്ന പ്രദേശവും ഈ പര്‍വതമേഖലയാണ്. എവറസ്റ്റില്‍ ലഭിയ്ക്കുന്ന സൂര്യപ്രകാശത്തിന്‍റെ തീവ്രതയില്‍ അടിക്കടിയുണ്ടാകുന്ന വർധനവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഗവേഷകര്‍ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.

ഈ കാലാവസ്ഥാ നിരീക്ഷണ യന്ത്രങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങളനുസരിച്ച് എവറസ്റ്റിനു മുകളിലും താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതായത് സൂര്യപ്രകാശത്തിന്‍റെ തീവ്രത വർധിക്കുന്നതിനനുസരിച്ച്  എവറസ്റ്റിലെ താപനിലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്നു വ്യക്തം. പക്ഷേ ഈ താപനില വർധനവ് എവറസ്റ്റിലേക്കു കയറുന്നവരെ മാത്രമല്ല ബാധിക്കുക. മറിച്ച് ലോകത്തെ കാലവസ്ഥയെ തന്നെ ബാധിക്കുന്ന ജെറ്റ് സ്ട്രീമുകള്‍ എന്ന കാറ്റുകളെ പോലും സാരമായി ബാധിക്കുന്നുണ്ട്. ഈ ജെറ്റ്സ്ട്രീമുകള്‍ ഭൂമിയിലെ കാലാവസ്ഥയെ തന്നെ ആകെ നിയന്ത്രിക്കുന്ന ഘടകമാണ്.

കഴിഞ്ഞ വസന്തകാലത്താണ് ഒരു സംഘം ഗവേഷകര്‍ എവറസ്റ്റില്‍ 27,600 അടി മുകളിലായി ഈ കാലാവസ്ഥാ നിരീക്ഷണ യന്ത്രങ്ങള്‍ സ്ഥാപിച്ചത്. രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങളും ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ജെറ്റ് സ്റ്റ്ട്രീമുകളെ നിരീക്ഷിക്കുമ്പോള്‍ ഗവേഷകര്‍ നേരിടുന്ന പരിമിതി മറികടക്കുകയായിരുന്നു ഈ കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ജെറ്റ് സ്ട്രീമുകളെ നിരീക്ഷിക്കുമ്പോള്‍ എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയത്തിലെ വലിയൊരു പ്രദേശത്ത് നിരീക്ഷണ സൗകര്യമില്ലാത്തതായിരുന്നു ഈ പരിമിതി.

ജെറ്റ് സ്ട്രീമുകള്‍

ഭൂമി മുഴുവന്‍ കറങ്ങുന്ന സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന വായുപ്രവാഹങ്ങളാണ് ജെറ്റ് സ്ട്രീമുകള്‍. ലോകത്തിന്‍റെ കാലാവസ്ഥയെ ആകെ സ്വാധീനിക്കുന്നതില്‍ ഈ ജെറ്റ് സ്ട്രീമുകള്‍ക്കു പങ്കുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ മഴയെത്തിക്കുന്നത് ഈ ജെറ്റ് സ്ട്രീമുകളാണ്. കൂടതെ മണ്‍സൂണ്‍ പ്രതിഭാസത്തിലും ജെറ്റ് സ്ട്രീമുകള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല മെഡിറ്ററേനിയന്‍ ഉള്‍പ്പടെയുള്ള പല മേഖലകളിലെയും കൃഷി രീതികള്‍ പോലും ജെറ്റ് സ്ട്രീമുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ഭൗമോപരിതലത്തില്‍ നിന്ന് 12000 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ജെറ്റ് സ്ട്രീമുകളെക്കുറിച്ച് പഠിക്കാനായി ഇവയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം എന്ന നിലയില്‍ എവറസ്റ്റാണ് ഗവേഷകര്‍ തിരഞ്ഞെടുത്തത്. സൗത്ത് ഏഷ്യ ജെറ്റ് സ്ട്രീമെന്നാണ് എവറസ്റ്റിലൂടെ കടന്നു പോകുന്ന ജെറ്റ് സ്ട്രീമിനെ വിളിക്കുന്നത്. വളരെ നേര്‍ത്തതും വേഗത്തില്‍ കടന്നു പേകുന്നതുമായ വായുപ്രവാഹമാണ് ജെറ്റ് സ്ട്രീമുകള്‍.

താപനിലയിലെ വർധനവും മഞ്ഞുപാളികളുടെ നഷ്ടവും

എവറസ്റ്റിലെ മഞ്ഞുപാളികള്‍ വേനല്‍ക്കാലത്തുരുകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിനനുസരിച്ച് തന്നെ അടുത്ത മഞ്ഞുകാലമാകുമ്പോള്‍ നീണ്ടും മഞ്ഞുപാളികള്‍ രൂപപ്പെടാറുമുണ്ട്. പക്ഷേ പ്രദേശത്തെ താപനിലയിലെ വർധനവ് ഈ ശീലം മാറ്റുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ മലനിരകളിലെയും ഹിന്ദുക്കുഷ് മലനിരകളിലേയും മഞ്ഞുപാളികളിലെയും 70മുതല്‍ 99 ശതമാനംവരെ 2100-ഓടെ ഉരുകിയൊലിച്ചുപോകുമെന്നാണ് പുതിയ പഠനം പറയുന്നത്. ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞുപാളിയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നതാണ് ഇതിനു കാരണമാകുന്നത്.

English Summary: Strange Sun Effects Have Been Detected by World's Highest Weather Stations on Everest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ