കാലാവസ്ഥയിലുണ്ടാകുന്നത് ഗുരുതരമായ വ്യതിയാനങ്ങൾ: സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നു!
Mail This Article
കാലാവസ്ഥയിലുണ്ടാകുന്ന ഗുരുതരമായ വ്യതിയാനങ്ങൾ മൂലം ഇന്ത്യൻ മഹാസമുദ്രത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി ഗവേഷകർ കണ്ടെത്തി. സൈമൺ ഫ്രേസർ സർവകലാശാലയിലെ ഗവേഷകരാണ് മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയത്. ഗവേഷകനായ പ്രൊഫസർ പോൾ കെഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിരപ്പ് ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളിലെ സമുദ്രനിരപ്പ് സംബന്ധിച്ച വിവരങ്ങളും നിലവിലെ സാഹചര്യവും വിശദമായി പഠനവിധേയമാക്കിയതിനു ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ചിലയിനം പവിഴപ്പുറ്റുകളുടെ ഫോസിലുകൾ പരിശോധിച്ചാൽ മുൻകാലങ്ങളിൽ സമുദ്രനിരപ്പ് എത്രത്തോളമായിരുന്നു എന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കും. ഇങ്ങനെ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിൽ കാലങ്ങൾക്കു മുൻപ് മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലനിരപ്പ് നാം കരുതിയതിലും ഏറെ താഴെയായിരുന്നുവെന്നാണ് കണ്ടെത്താൻ സാധിച്ചതെന്ന് പോൾ കെഞ്ച് പറയുന്നു.
സമുദ്രനിരപ്പിലുണ്ടാകുന്ന ഗുരുതരമായ ഈ മാറ്റം തീരപ്രദേശങ്ങളിലെ ആവാസവ്യവസ്ഥയ്ക്ക് ഏറെ ഭീഷണിയുയർത്തുന്നതാണ്. അപകടകരമായ മണ്ണൊലിപ്പ്, തണ്ണീർത്തടങ്ങളിൽ ഉണ്ടാകാവുന്ന വലിയ തോതിലുള്ള വെള്ളപ്പൊക്കം, കൃഷിയിടങ്ങളിലെ ജലത്തിൽ ഉപ്പുരസം കലർന്നതോടെ ഭൂമി കൃഷിയോഗ്യമല്ലതാകുക തുടങ്ങി നിരവധി പ്രത്യാഘാതങ്ങളാണ് സമുദ്രനിരപ്പിലെ ഉയർച്ച മൂലമുണ്ടാകുന്നത്. മീനുകൾ അടക്കമുള്ള നിരവധി സമുദ്ര ജീവികൾക്കും സസ്യങ്ങൾക്കും സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനും ഇതുകാരണമാകുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സമുദ്രനിരപ്പ് അതിൻറെ ഏറ്റവും കൂടിയ അളവിൽ തന്നെ എന്നെ ഉയർന്നിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. ഈ കണ്ടെത്തലിലൂടെ കൂടെ പവിഴപ്പുറ്റുകളും തീരപ്രദേശങ്ങളും നഷ്ടപ്പെടാതെ അവ സംരക്ഷിക്കാനുള്ള മാർഗങ്ങൾ മുൻകൂട്ടി തീരുമാനിക്കാനാകുമെന്ന പ്രതീക്ഷയിലാണു ഗവേഷകർ.
English Summary: Sea levels rising at unprecedented rate