ADVERTISEMENT

അന്‍റാര്‍ട്ടിക്കിലെ പൈന്‍ ഐലന്‍ഡ് എന്ന മഞ്ഞുപാളിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മേഖലയില്‍ നടത്തിയ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  ഇനി എത്രനാള്‍ കൂടി ഈ മഞ്ഞുപാളിയെ ഇന്നത്തെ നിലയിൽ കാണാന്‍ കഴിയും എന്നു മാത്രമാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പൈന്‍ ഐലന്‍ഡ് മഞ്ഞുപാളിയെക്കുറിച്ച് പഠിക്കാന്‍ നടത്തിയ പുതിയ നിരീക്ഷണത്തിലാണ് ഈ മഞ്ഞുപാളി അതീവ അപകടകരമായ നിലയിലാണെന്നു ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. 

മഞ്ഞുപാളിയുടെ ഈ സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കിലും ഒരു പരിധിവരെ ഇത് പ്രതീക്ഷിച്ചതാണെന്നാണ് ഗവേഷകരുടെ പ്രതികരണം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഭൂമിയിലെ മറ്റേതു മഞ്ഞുപാളിയേക്കാളും സമുദ്രനിരപ്പിലെ വർധനവിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് പൈന്‍ ഐലന്‍ഡ് ഗ്ലേസിയറാണ്. ഈ മഞ്ഞുപാളിയുടെ ഇപ്പോഴത്തെ ഉരുകലിന്‍റെ വേഗമാകട്ടെ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ്. പക്ഷേ ഈ മഞ്ഞുപാളിയുടെ വലുപ്പം തന്നെ അതിന്‍റെ ഭാവി കൃത്യമായി പ്രവചിക്കുന്നതിനും ഒരു വിലങ്ങുതടിയാണ്. 

അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളിയുടെ അവസാനം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഗവേഷകര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ്. ചില ഗവേഷകരുടെയെങ്കിലും കണക്കു കൂട്ടലനുസരിച്ച് അടുത്ത ഒരു നൂറ്റാണ്ടിനുള്ളില്‍ ഈ മഞ്ഞുപാളി ഗ്രൗണ്ടിങ് ലൈന്‍ എന്നു വിളിയിക്കുന്ന അവസ്ഥയിലേക്കെത്തും. അതായത് സമുദ്രനിരപ്പിന്റെ തുല്യമായ ഉയരമാകും ഈ ഘട്ടത്തില്‍ മഞ്ഞുപാളിക്കുണ്ടാകുക. മറ്റ് ചില ഗവേഷകരുടെ അഭിപ്രായത്തില്‍ വരും വര്‍ഷങ്ങളില്‍ ഇപ്പോഴത്തേതിനേക്കാള്‍ ആറ് മടങ്ങ് വരെ വർധനവ് ഈ മഞ്ഞുപാളി ഉരുകുന്ന വേഗത്തിനുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ തന്നെ ഈ മഞ്ഞുപാളി ഗ്രൗണ്ടിങ് ലെയ്നിലേക്കെത്തും.

ഈ നിരീക്ഷണങ്ങളില്‍ ആദ്യത്തെ സാധ്യതയെയാണ് കൂടുതല്‍ ഗവേഷകരും പിന്തുണക്കുന്നത്. പ്രത്യേകിച്ചും ഇപ്പഴോത്തെ മഞ്ഞുരുകലിന്‍റെ രീതി കൂടി കണക്കാക്കിയ ശേഷം പൈന്‍ ഐലന്‍ഡ് ആദ്യകാലം മുതല്‍ ഏതാണ്ട് 2008 വരെ മധ്യഭാഗം കൂടുതല്‍ വേഗത്തില്‍ ഉരുകുന്ന രീതിയിലാണ് കാണപ്പെട്ടത്. പക്ഷേ ഇപ്പോഴിതു മറിച്ചാണ്. മധ്യഭാഗത്തെ മഞ്ഞുരുകലിന്‍റെ വേഗം കുറയുകയും മഞ്ഞുപാളിയുടെ ചുറ്റുമുള്ള ഭാഗത്തെ ഉരുകലിന്‍റെ വേഗം കൂടുകയും ചെയ്തു.

കടലുമായുള്ള മഞ്ഞുപാളിയുടെ ഘര്‍ഷണം വർധിച്ചതിന് തെളിവായാണ് ഈ മാറ്റത്തെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെയുള്ള വേഗത വച്ചു നോക്കിയാല്‍ ഏതാണ്ട് 50 വര്‍ഷം കൊണ്ട് 20 കിലോമീറ്ററോളം ഈ മഞ്ഞുപാളി ഉള്‍വലിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴുള്ള വേഗം ഈ കണക്കുകളെയെല്ലാം മഞ്ഞുപാളിയുടെ പിന്‍വാങ്ങല്‍ മറികടക്കുമെന്ന സൂചനകളാണ് വ്യക്തമായി തന്നെ നല്‍കുന്നത്.

English Summary: New Models Indicate How Antarctica's Largest Glacier Is Approaching Its Demise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com