ADVERTISEMENT

ഫെബ്രുവരി 6 ന് വ്യഴാഴ്ചയാണ് ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില അന്‍റാര്‍ട്ടിക്കില്‍ രേഖപ്പെടുത്തിയത്. 65 ഡിഗ്രി ഫാരൻഹീറ്റായിരുന്നു ആ ദിവസത്തെ അന്‍റാര്‍ക്കിലെ താപനില. 2015 മാര്‍ച്ച് 13 ന് രേഖപ്പെടുത്തിയ 63.2 ഡിഗ്രി ഫാരന്‍ഹീറ്റിന്‍റെ റെക്കോര്‍ഡാണ് വ്യാഴാഴ്ച തകര്‍ന്നത്. ഡിഗ്രി സെല്‍ഷ്യസ് അനുപാതം കണക്കാക്കിയാല്‍ അന്‍റാര്‍ട്ടിക്കില്‍ ഇത്തവണ രേഖപ്പെടുത്തിയ താപനില ഏതാണ്ട് 18.33 ആണ്. മഞ്ഞുമൂടി കിടക്കുന്ന അന്‍റാര്‍ട്ടിക്കിലെ സംബന്ധിച്ച് ഈ താപനില അതീവ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. പ്രത്യേകിച്ചും ഈ മേഖലയിലെ വലിയ മഞ്ഞുപാളികളെല്ലാം സജീവമായി ഉരുകി ഒലിക്കുന്ന സാഹചര്യത്തില്‍.

അന്‍റാര്‍ട്ടിക്കിലെ അര്‍ജന്‍റീന റിസേര്‍ച്ച് ബേസിലാണ് ഈ താപനില രേഖപ്പെടുത്തിയത്. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷനാണ് ഈ താപനിലാ വർധനവ് വാര്‍ത്താ കുറിപ്പിലൂടെ അറിയച്ചത്. അര്‍ജന്‍റീന മെറ്റീരിയോളജിക്കല്‍ സര്‍വീസിന് കീഴിലുള്ള അന്‍റാര്‍ട്ടിക്കിലെ ഈ റിസേര്‍ച്ച് ബേസ് ഭൂഖണ്ഡത്തിന്‍റെ വടക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരി 6 വ്യാഴാഴ്ച 18.3 ഡിഗ്രി സെല്‍ഷ്യസ് അഥവാ 64.8 ഫാരന്‍ഹീറ്റാണ് ഇവിടെ താപനിലാ മാപിനിയില്‍ ഉച്ചയ്ക്ക് 3 മണിയോടെ രേഖപ്പെടുത്തിയത്. 

ഇതുവരെയുള്ള തെളിവുകള്‍ വച്ച് ഈ താപനില ശരിയാകാന്‍ തന്നെയാണ് സാധ്യതയെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. പിഴവ് സംഭവിക്കാനുള്ള സാധ്യതകള്‍ കാണുന്നില്ല. എങ്കില്‍ തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ ഇതേ ദിവസത്തെ കാലാവസ്ഥാ കണക്കുകളിലൂടെ ഒരു പുനര്‍ പഠനം നടത്തുമെന്ന് WMO വെതര്‍ ആന്‍റ് ക്ലൈമറ്റ് വിഭാഗത്തിന്‍റെ അന്‍റാര്‍ട്ടിക് വിഭാഗം മേധാവി റാന്‍ഡല്‍ കെര്‍വെനി പറയുന്നു. 

ആഗോളതാപനം ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ അന്‍റാര്‍ട്ടിക്കിലെ താപനിലാ വർധനവിന് കാരണമാകുന്നുണ്ട്. പക്ഷേ ശരാശരിയിലും ഏറെ ഉയര്‍ന്ന വർധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. പ്രാദേശികമായി സംഭവിക്കുന്ന ഫോന്‍ എന്നു വിളിയ്ക്കുന്ന ചൂടു കാറ്റിന്‍റെ സാന്നിധ്യവും ഒരു പക്ഷേ ഈ വർധനവിന് കാരണമായേക്കാമെന്നു കണക്കു കൂട്ടുന്നു. എന്നാല്‍ ഇതിനര്‍ത്ഥം അന്‍റാര്‍ട്ടിക്കില്‍ വലിയ തോതിലുള്ള താപനിലാ വർധനവ് അപ്രതീക്ഷിതമാണെന്നല്ല എന്നും ഗവേഷകര്‍ പറയുന്നു. 

ഇക്കുറി താപനില റെക്കോര്‍ഡിട്ടത് അന്‍റാര്‍ട്ടിക്കിന്‍റെ തെക്കന്‍ മേഖല ആണെങ്കിലും താരതമ്യേന ചൂട് വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നത് വടക്കന്‍ മേഖലയിലാണ്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ഏതാണ്ട് 6 ഫാരന്‍ഹീറ്റ് ഡിഗ്രി വർധനവ് ഈ മേഖലയിലെ താപനിലയിലുണ്ടായി എന്നാണു കരുതുന്നത്. ഈ മേഖലയിലെ 87 ശതമാനം മഞ്ഞുപാളികളും ഈ കാലഘട്ടത്തിനിടിയില്‍ ചുരുങ്ങിയവയാണ്. ഇക്കൂട്ടത്തില്‍ ഭൂമിയിലെ തന്നെ ഏറ്റവും വലുപ്പമേറിയ മഞ്ഞുപാളികളും ഉള്‍പ്പെടുന്നു. 

അന്‍റാര്‍ട്ടിക്കിലുണ്ടാകുന്ന ഈ താപനിലാ വർധനവും മഞ്ഞുരുകലും ഒട്ടും നിസ്സാരമായി കാണാനാകില്ല. കാരണം ഇങ്ങനെ ഉരുകി ഒലിക്കുന്ന മഞ്ഞുപാളികളെല്ലാം കടല്‍ ജലനിരപ്പുയര്‍ത്താന്‍ കാരണമാകുന്നുണ്ട്. ഉയരുന്ന താപനിലയാകട്ടെ കൂടുതല്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിന് തടസ്സമായി നില്‍ക്കുന്നു. കൂടാതെ മഞ്ഞുപാളികളുടെ ഉരുകി ഒലിക്കല്‍ വേഗത്തിലാകാനും കാരണമാകുന്നു.

English Summary: Antarctica temperature hits 65 degrees, warmest ever recorded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com