ADVERTISEMENT

കാലാവസ്ഥാവ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും മൂലവും  ലോകത്തിലെ പകുതിയിലധികം കടൽത്തീരങ്ങളും ഈ നൂറ്റാണ്ടിൻറെ അവസാനത്തോടെ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനത്തിനു നിമിത്തമാകുന്ന ജൈവഇന്ധന മലിനീകരണം മനുഷ്യൻ നിയന്ത്രിച്ചാലും ഇത് സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്.

തീരദേശ ടൂറിസത്തിന് പ്രാധാന്യമുള്ള ചെറുതും വലുതുമായ രാജ്യങ്ങളെയെല്ലാം ഈ അവസ്ഥ പ്രതിസന്ധിയിലാക്കും. അതു മാത്രമല്ല തീരദേശ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും നിയന്ത്രിക്കുന്നതിൽ കടൽത്തീരങ്ങളുടെ പങ്ക് നിർണായകമാണ്. അവ നഷ്ടമാകുന്നതോടെ  ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തിയും വളരെയധികം വർധിക്കുമെന്ന് യൂറോപ്യൻ കമ്മീഷന്റെ ജോയിന്റ് റിസർച്ച് സെന്ററിലെ ഗവേഷകനായ മൈക്കലിസ് വൂസ്ഡൂക്കസ് പറയുന്നു.

ഇതിനായി മുൻകരുതലുകൾ എടുക്കേണ്ടത്‌ അത്യാവശ്യമാണ്.അമേരിക്ക പോലെയുള്ള ചില രാജ്യങ്ങൾ ഈ സ്ഥിതി പ്രതിരോധിക്കാനുള്ള പദ്ധതികൾക്കു രൂപം നൽകി വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം രാജ്യങ്ങൾക്കും ഇത്തരം മാർഗങ്ങൾ അവലംബിക്കാനുള്ള സാഹചര്യവും സാമ്പത്തികസ്ഥിതിയും നിലവിലില്ല. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയായിരിക്കും കടൽത്തീരങ്ങൾ അപ്രത്യക്ഷമാകുന്നതോടെ ഏറ്റവും പ്രതിസന്ധിയിലാകുന്ന പ്രദേശം. 

Dramatic Sea Level Rise

ഓസ്ട്രേലിയയിലെ 15000 കിലോമീറ്ററോളം വരുന്ന വെള്ളമണൽ തീരങ്ങൾ വരുന്ന 80 വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. കാനഡ, ചിലി, അമേരിക്ക എന്നിവയാണ് യഥാക്രമം തീരങ്ങൾ നഷ്ടമാകുന്നതു മൂലം പ്രതിസന്ധിയിലാകുന്ന മറ്റു രാജ്യങ്ങൾ. ഇന്ത്യയടക്കം മറ്റു 10 രാജ്യങ്ങൾ കൂടി തീരദേശത്തിന്റെ ഏറിയഭാഗവും നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്. 

ലോകത്തിലെ മൂന്നിലൊന്നു കടൽത്തീരങ്ങളും സ്ഥിതിചെയ്യുന്നത് ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ ഉപഗ്രഹ ചിത്രങ്ങൾ പഠിച്ച ശേഷമാണ് നഷ്ടമാകാൻ സാധ്യതയുള്ള കടൽത്തീരങ്ങളുടെ എണ്ണവും അവ അപ്രത്യക്ഷമാകാൻ വേണ്ടിവരുന്ന കാലയളവും കണക്കാക്കിയത്.  ഈ നൂറ്റാണ്ടിന്റെ പകുതിയോടെ നാൽപതിനായിരം കിലോമീറ്ററിലധികം തീരങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നാണ്  കരുതുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘമായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2100 ഓടെ സമുദ്ര നിരപ്പ് അരമീറ്റർ ഉയരും എന്നതും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്.

English Summary: Half The World's Sandy Beaches Are on Track to Vanish by 2100, Scientists Warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com