ADVERTISEMENT

1500 വർഷങ്ങളായി ഐസിനുള്ളിൽ മറഞ്ഞു കിടന്ന അമ്പിൻമുന കണ്ടെത്തി.വൈക്കിങ്ങുകൾ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന അമ്പിൻമുന തെക്കൻ നോർവെയിൽ നിന്നുമാണ് പുരാവസ്തുഗവേഷകർ കണ്ടെത്തിയത്. പൂർണമായും ഇരുമ്പിനാൽ നിർമിതമായ അമ്പിൻമുനയ്‌ക്ക് 7 ഇഞ്ച് നീളവും 29 ഗ്രാമോളം ഭാരവുമാണുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജോട്ടുൻഹേമെൻ മലനിരകൾക്ക് സമീപത്തെ മഞ്ഞുപാളികൾ ഉരുകിയതോടെയാണ് അമ്പിൻമുന ദൃശ്യമായതെന്ന് ഗവേഷകർ വ്യക്തമാക്കി.

നോർവെയിലെ മഞ്ഞുപാളികളിലേറെയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയതോതിൽ ഉരുകികൊണ്ടിരിക്കുകയാണ്. ഇതുമൂലം ഈ പ്രദേശങ്ങളിൽ നിന്നും  സുപ്രധാനമായ കണ്ടെത്തലുകൾ നടത്താൻ പുരാവസ്തു ഗവേഷകർക്ക് സാധിക്കുമെന്നാണു കണക്കുകൂട്ടുന്നത്. എന്നാൽ യഥാസമയത്ത് കണ്ടെത്താനായില്ലെങ്കിൽ ഐസിനുള്ളിൽ നിന്നും പുറത്തു വരുന്ന ഇത്തരം വസ്തുക്കൾ  ഉയർന്ന താപനിലയിൽ നശിച്ചു പോകാനും സാധ്യതയുണ്ട്.

ഗവേഷണത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പലതിലും മഞ്ഞ് അതിവേഗം ഉരുകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഗ്ലേസിയർ ആർക്കിയോളജി പ്രോഗ്രാമിലെ ഗവേഷകനായ ലാർസ് പിലോ പറയുന്നു. ജോട്ടുൻഹേമെൻ മലനിരകളിൽ ഏതാനും വർഷങ്ങളായി സംഘം ഗവേഷണം നടത്തിവരികയാണ്. മഞ്ഞുപാളികളിലൂടെ നടക്കുന്നതിന് പുരാതനകാലത്ത് കുതിരകൾക്ക്  നൽകിയിരുന്ന പാദരക്ഷകൾ കഴിഞ്ഞവർഷം സംഘം കണ്ടെത്തിയിരുന്നു. വൈക്കിങ്ങുകളുടെ യുഗത്തിലോ മധ്യകാലഘട്ടത്തിലോ ഉപയോഗിച്ചതാകാം ഇവയെന്നാണ് ഗവേഷകരുടെ നിഗമനം.

6000 വർഷം പഴക്കമുള്ള വസ്തുക്കൾ അടക്കം ഇതിനോടകം രണ്ടായിരത്തോളം പുരാവസ്തുക്കൾ ഈ പ്രദേശത്തുനിന്നും സംഘത്തിന് കണ്ടെത്താനായിട്ടുണ്ട്.ഐസിൽ മൂടപ്പെട്ട നിലയിൽ കിടന്നിരുന്നതിനാൽ അവയിൽ പലതും യാതൊരു കേടുപാടുകളും കൂടാതെയാണ് ഗവേഷകർക്കു ലഭിച്ചത്.

English Summary: Viking's 1,500-year-old arrowhead that was preserved in ice is discovered after climate change melts Norwegian glacier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com