കിഴക്കൻ അന്റാർട്ടിക്കയിലെ ഏറ്റവും ദൃഢതയുള്ള മഞ്ഞുപാളി എന്ന് പേരുകേട്ടതായിരുന്നു ഡെൻമാൻ ഹിമ പാളി. എന്നാൽ ഈ മഞ്ഞുപാളി അതിശയിപ്പിക്കുന്ന വേഗത്തിൽ പിൻവാങ്ങുകയാണ് എന്നതാണ് പുതിയ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം മൂലം ഡെൻമാൻ ഹിമപാളി അടിത്തറ ഉറപ്പു നഷ്ടപ്പെട്ട് നശിക്കുന്ന അവസ്ഥയിൽ ആണെന്നാണ് വിശദമായ പഠനത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ ഹിമപാളിയുടെ 5 കിലോമീറ്ററോളം വരുന്ന ഭാഗമാണ് ഇല്ലാതായത്. 250 ബില്യൻ ടണ്ണോളം ഐസ് ആണ് ഇതിലൂടെ നഷ്ടമായത്. നിലവിലെ സാഹചര്യത്തിൽ ഹിമപാളിയുടെ സ്ഥിതി വളരെ മോശമായ നിലയിലേക്ക് പോകും. അന്റാർട്ടിക്കയിലെ മറ്റു ഹിമപാളികളുമായി താരതമ്യം ചെയ്താൽ ഏറ്റവും കട്ടി കൂടിയതാണ് ഡെൻമാൻ ഹിമപാളി. സമുദ്രനിരപ്പിൽ നിന്നും 3500 അടി താഴ്ചയുള്ള മലയിടുക്കിന് മുകളിലായി ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സാധാരണ ഹിമപാളികളിൽ നിന്നും വ്യത്യസ്തമായി സമുദ്രത്തിന്റെ നേർ വിപരീത ദിശയിലേക്കാണ് ഡെൻമാൻ ഹിമപാളിയുടെ ചരിവ്. അതിനാൽ ചൂടുള്ള സമുദ്രജലം ഹിമപാളിയിലൂടെ ഒഴുകുകയും ഐസ്കട്ടകൾക്കിടയിലൂടെ ഊർന്ന് ഇറങ്ങുകയും ചെയ്യുന്നതാണ് മഞ്ഞ് ഉരുകാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.
നിലവിൽ ഡെൻമാൻ ഹിമപരപ്പ് നിലനിൽക്കുന്ന സ്ഥലത്ത് നിന്നും പിൻവാങ്ങി കര പ്രദേശത്തോട് അടുത്താൽ സ്ഥിതിഗതികൾ നിയന്ത്രണാതീതം ആകും എന്നാണ് കണക്കുകൂട്ടൽ. ഹിമപാളി പൂർണമായി നശിച്ചാൽ ആഗോള തലത്തിൽ സമുദ്രനിരപ്പ് അഞ്ചടി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാസയിലെ ജിയോ സയന്റിസ്റ്റായ വെർജീനിയ ബ്രാങ്കാറ്റോ പറയുന്നു.
അന്റാർട്ടിക്കയുടെ പടിഞ്ഞാറൻ പ്രദേശമാണ് വേഗത്തിൽ നശിക്കുമെന്ന് ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാൽ ഇതിന് നേർവിപരീതമായി കിഴക്കു ഭാഗമാണ് ഏറ്റവും ദുർബലമായതെന്ന് വേണം ഇപ്പോൾ അനുമാനിക്കാൻ. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയിൽ നിന്നും 1996 നും 2018 നും ഇടയിലുള്ള സാറ്റലൈറ്റ് വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.