ADVERTISEMENT

കാനഡ അതിര്‍ത്തിയില്‍ തകരാതെ ശേഷിച്ചിരുന്ന ആവസാന മഞ്ഞുപാളിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിണ്ടുകീറി പാതി അടര്‍ന്നു പോയത്. ഇതോടെ കാനഡയിലെ ഐസ് ഷെല്‍ഫുകളില്‍ ഒന്നുപോലും പൂര്‍ണമായി അവശേഷിക്കുന്നില്ല എന്ന സ്ഥിതിയിലെത്തി. നാലായിരത്തോളം വര്‍ഷം മുന്‍പ് രൂപപ്പെട്ട മഞ്ഞുപാളിയില്‍ നിന്നാണ് പകുതിയിലേറെ വലുപ്പമുള്ള ഒരു ഭാഗം അടര്‍ന്നു മാറിയത്. മാന്‍ഹട്ടന്‍ നഗരത്തിന്‍റെ വലുപ്പം വരുന്ന ഈ മഞ്ഞുകട്ട ഇപ്പോള്‍ സമുദ്രത്തില്‍ സ്വതന്ത്രമായി ഒഴുകി നടക്കുകയാണ്.

ആര്‍ട്ടിക്കിലെ മറ്റെല്ലാ മേഖലയിലും എന്ന പോലെ കാനഡയിലും മഞ്ഞുരുകല്‍ വർധിക്കുന്നതിനു പിന്നിലെ കാരണം ആഗോളതാപനം  തന്നെയാണ്. 1980 മുതല്‍ 2010 വരെയുള്ള ശരാശരി താപനിലെയേക്കാളും അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നതാണ് ഈ വര്‍ഷത്ത ഇതുവരെയുള്ള കാനഡയിലെ ശരാശരി താപനില. ശരാശരിയിലും ഉയര്‍ന്ന താപനിലയും, കരയിലേക്കു വീശുന്ന കടല്‍ക്കാറ്റും, കടല്‍ജലത്തിന്റെ താപനിലാ വർധനവുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച സാഹചര്യമാണ് മഞ്ഞുപാളികള്‍ തകരുന്നതിലേക്ക് നയിച്ചതെന്ന് ഒട്ടാവ സര്‍വകലാശാലയിലെ ഗവേഷകനായ ലൂക് കോപ്‌ലന്‍ഡ് പറയുന്നു.

കാനഡയിലെ മഞ്ഞുപാളികളെ കുറിച്ചുള്ള പഠനത്തിനും ഈ മഞ്ഞുപാളിയുടെ അടര്‍ന്നു മാറല്‍ സാരമായ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. കാരണം കാനഡയിലെ മഞ്ഞുപാളികളെ കുറിച്ചും കാനഡയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പഠനം നടത്തുന്നതിനായി സ്ഥാപിച്ച ക്യാമ്പും ഈ മഞ്ഞുപാളിയുടെ അടര്‍ന്ന് മാറലിനെ തുടര്‍ന്ന് തകര്‍ന്ന് വീണിരുന്നു. കാനഡയിലെ നനാവട് പ്രവിശ്യയിലുള്ള എല്ലെസ്മിയര്‍ ദ്വീപിലും ചുറ്റുമുള്ള പ്രദേശത്തുമായാണ് ഈ മഞ്ഞുപാളി സ്ഥിതി ചെയ്തിരുന്നത്. കടലിലും, സമീപത്തായി സ്ഥിതി ചെയ്തിരുന്ന ശുദ്ധജലതടാകത്തിലുമായി വ്യാപിച്ച് കിടന്നിരുന്ന ഈ മഞ്ഞുപാളി ജൂലൈ 30 നും 31 നുമായാണ് അടര്‍ന്നു മാറിയത്. ഇതിനിടയിലാണ് ശുദ്ധജലതടാകത്തിന് മുകളിലെ മഞ്ഞുപാളിയില്‍ സ്ഥാപിച്ചിരുന്ന ഗവേഷണ ക്യാമ്പും തകര്‍ന്നത്. 

സാറ്റ്‌ലെറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ മഞ്ഞുപാളിയുടെ 43 ശതമാനം മാത്രമാണ് ഇനി കരയില്‍ ശേഷിക്കുന്നത്. ബാക്കിയുള്ള ഭാഗം ചെറുതും വലുതുമായ പല കഷണങ്ങളായി അടര്‍ന്നു പോയി. ഇതില്‍ ഏറ്റവും വലിയ ഭാഗമാണ് മാന്‍ഹട്ടന്‍റെ അത്രതന്നെ വലുപ്പമുണ്ടെന്ന് കണക്കാക്കുന്ന മഞ്ഞുമലയായി കടലില്‍ ഒഴുകി നടക്കുന്നത്. ചുരുങ്ങിയത് 80 മീറ്ററെങ്കിലും ആഴം അല്ലെങ്കില്‍ കട്ടി ഈ മഞ്ഞുപാളിക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മഞ്ഞുപാളി പൂര്‍ണമായും തകരുന്നതിന് മുന്‍പ് അതിന്‍റെ ആകെ വലുപ്പം വാഷിങ്ടണ്‍ ഡിസി മേഖലയ്ക്കു തുല്യമായിരുന്നു എന്നാണ് കണക്കാക്കുന്നത്.

പോളാര്‍ ആംപ്ലിഫിക്കേഷന്‍

ആര്‍ട്ടിക്കിലെ താപനിലാ വർധനവ് ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലാണെന്നുള്ളത് ഇതിനകം ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. ഇതിനെ സാധൂകരിക്കുന്ന പല മാറ്റങ്ങളും അലാസ്കയും, കാനഡയും മുതല്‍ റഷ്യയുടെ സൈബീരിയന്‍ മേഖലകള്‍ വരെയുള്ള പ്രദേശത്ത് വ്യക്തമായി കാണാനാകും. ആര്‍ട്ടിക്കില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകാന്‍ കാരണമാകുന്ന പ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പോളാര്‍ ആംപ്ലിഫിക്കേഷനാണ്.

ഭൂമിയില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ ധ്രുവപ്രദേശങ്ങളിലെ അന്തരീക്ഷത്തിലെത്തി അടിഞ്ഞുകൂടുന്നതാണ് പോളാര്‍ ആംപ്ലിഫിക്കേഷനിലേക്ക് നയിക്കുന്നത്. ഇത്തരം വാതകങ്ങള്‍ ജനവാസം കൂടിയ ഉത്തരാർധത്തില്‍ നിന്നും ഉത്തര ധ്രുവത്തിലേക്കാണ് സ്വാഭാവികമായി വലിയ അളവിലെത്തുക. ഈ വാതകങ്ങള്‍ ആര്‍ട്ടിക്കിലെ താപവിതരണത്തെ സാരമായി സ്വാധീനിക്കും. ഇത് ക്രമേണ ഭൂമിയിലെ മറ്റ് പ്രദേശങ്ങളിലെ ശരാശരി താപനിലയേക്കാള്‍ ഉയര്‍ന്ന അളവിലുള്ള താപനില ആര്‍ട്ടിക്കില്‍ സൃഷ്ടിക്കാനും കാരണമാകുന്നു. ഇതോടെ മഞ്ഞുരുക്കം വർധിക്കുകയും ഇത് താപനില കുറയ്ക്കാന്‍ സഹായിക്കുന്ന ആല്‍ബിഡോ ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങളെ ബാധിക്കുയും ചെയ്യുന്നു. ഇതോടെ രണ്ടറ്റവും ചേര്‍ത്ത് കെട്ടിയ ചങ്ങലയിലെ കണ്ണികളെന്ന പോലെ ഒന്ന് മറ്റൊന്നിനോട് ബന്ധിതമായി താപനില ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് ആര്‍ട്ടിക് ഇപ്പോള്‍ നേരിടുന്നത്.

English Summary: Canada's Last Intact Ice Shelf Just Collapsed, Forming a Manhattan-Sized Iceberg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com