15000 വര്‍ഷം പഴക്കമുള്ള മഞ്ഞുപാളി അജ്ഞാത വൈറസുകളുടെ ലോകം; ആശങ്കയോടെ ഗവേഷകർ!

Ancient Viruses Awaken as the Tibetan Plateau Melts
SHARE

ഇരുപത്തിയെട്ടു വർഷം മുൻപ് യുഎസിലെയും ചൈനയിലെയും ഒരുകൂട്ടം ഗവേഷകർ ടിബറ്റിലെ ഗുനിയ മഞ്ഞുമലയിലെത്തി. ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആ മഞ്ഞുപാളികളിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 2015ലും ഇതേ സംഘം അവിടെത്തന്നെയെത്തി. ഒരു മഞ്ഞിൻപാളി കൂടി മുറിച്ചെടുത്തു. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മഞ്ഞിൻപാളികളാണ് അവിടെയുള്ളത്. അതിനാൽത്തന്നെ സൂക്ഷ്മജീവികളുടെ വൻകലവറയാണ് അവയ്ക്കുള്ളിൽ കാത്തിരിക്കുന്നത്. ഏകദേശം 15,000 വർഷത്തിനിടെ ഭൂമിയിൽ നടന്ന കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റി അറിയാനും അവ സഹായിക്കും. 

അഞ്ചു വർഷത്തോളം ഈ മഞ്ഞുപാളികളെ ഗവേഷകർ വിശദമായി പഠിച്ചു. അടുത്തിടെ അതുസംബന്ധിച്ച പഠനവും പുറത്തിറക്കി. അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു അതിൽ. ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത 28 എണ്ണം ഉൾപ്പെടെ 33 വൈറസുകളെയാണ് മഞ്ഞിൻപാളികളിൽ ഗവേഷകർ കണ്ടെത്തിയത്. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണെങ്കിലും ഈ കണ്ടെത്തലിൽ ആശങ്കപ്പെടാനും ചിലതുണ്ടെന്നതാണു സത്യം. 

മഞ്ഞുപാളിയിൽ ഏകദേശം 164 അടി ആഴത്തിൽ ‘ഡ്രിൽ’ ചെയ്തായിരുന്നു രണ്ടു കഷ്ണങ്ങളും ശേഖരിച്ചത്. അതിനിടയ്ക്ക് മറ്റൊരു പ്രശ്നവും നേരിടേണ്ടിവന്നു. പുറത്തേക്കെടുക്കുമ്പോൾ മഞ്ഞുപാളികളുമായി പുറംലോകത്തെ ബാക്ടീരിയകളും മറ്റും കൂടിച്ചേരാനിടയുണ്ട്. ഇതു പരിഹരിക്കാൻ ത്രിതല ശുദ്ധീകരണ പ്രക്രിയയാണു ഗവേഷകര്‍ നടത്തിയത്. ഇക്കാലമത്രയും അവർ കാത്തിരുന്നതും ഈ ശുദ്ധീകരണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായിരുന്നു. മഞ്ഞുപാളിയുടെ പുറംഭാഗം ഉപയോഗശൂന്യമായെങ്കിലും അകത്തേക്കു യാതൊരു കുഴപ്പവും സംഭവിച്ചിരുന്നില്ല. 

അകംപാളി മുറിച്ചെടുക്കുന്നതിനായി പ്രത്യേക കാലാവസ്ഥയിൽ ഒരു മുറി തന്നെ ഒരുക്കിയെടുത്തു. മൈനസ് 5 ഡിഗ്രി സെൽഷ്യസായിരുന്നു അതിനകത്തെ താപനില. അണുനശീകരണം നടത്തിയ പ്രത്യേകതരം കത്തിയായിരുന്നുമുറിച്ചെടുക്കാൻ ഉപയോഗിച്ചത്. 0.2 ഇഞ്ച് കനത്തിലുള്ള പുറംപാളി ആദ്യം മുറിച്ചുമാറ്റി. പിന്നീട് എഥനോൾ ഉപയോഗിച്ച് മഞ്ഞുകട്ട കഴുകി 0.2 ഇഞ്ച് ഭാഗം കൂടി ഇല്ലാതാക്കി. ബാക്കി 0.2 ഇഞ്ച് ഭാഗം അണുനശീകരണം നടത്തിയ വെള്ളം ഉപയോഗിച്ചും കഴുകി ഇല്ലാതാക്കി. ഇത്തരത്തിൽ ഏകദേശം 0.6 ഇഞ്ച് (1.5 സെ.മീ) വരുന്ന മഞ്ഞുപാളി ഒഴിവാക്കിയാണ് ഗവേഷകർ ‘ശുദ്ധമായ’ അകംപാളിയിലേക്കെത്തിയത്. 

തുടർന്ന് അവയ്ക്കുള്ളിലെ സൂക്ഷ്മജീവികളെപ്പറ്റി പഠിച്ചു. രണ്ടു പാളികളിലും വ്യത്യസ്ത തരം വൈറസുകളെയാണു കണ്ടെത്തിയത്. എങ്ങനെയാണു പല കാലാവസ്ഥകളിൽ ഇവ മഞ്ഞുപാളികളിൽ കഴിഞ്ഞതെന്നും ഗവേഷകർ പരിശോധിച്ചു. ആഗോളതാപനം ശക്തമാകുന്നതോടെ ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ട ഒട്ടേറെ സൂക്ഷ്മജീവികൾ ആരുമറിയാതെ ഇല്ലാതാകുമെന്നാണു ഗവേഷകർ പറയുന്നത്. ലോകത്ത് ഇനിയും എത്രയെത്ര സൂക്ഷ്മജീവികളെയാണു കണ്ടെത്താനുള്ളത് എന്നതിലേക്ക് കൂടിയാണു പുതിയ പഠനം വിരൽചൂണ്ടുന്നത്. 

പ്രധാന പ്രശ്നം ഇതൊന്നുമല്ല. അപകടകാരികളായ വൈറസുകളും ഇത്തരത്തിൽ പല മഞ്ഞുപാളികളിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോകത്തു കനത്ത നാശം വിതയ്ക്കാൻ കഴിവുള്ളവയായിരിക്കാം ഒരുപക്ഷേ അവ. ആഗോളതാപനത്തിൽ മഞ്ഞുരുകി അവ പുറംലോകത്തെത്തിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പുതിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ അവയ്ക്കു ജനിതക പരിവര്‍ത്തനം സംഭവിച്ച് കൂടുതൽ അപകടകാരികളാകാനും സാധ്യതയേറെ. ഭാവിയിൽ അത്തരമൊരു പ്രശ്നമുണ്ടായാൽ മുൻകരുതലെടുക്കാനും പ്രതിരോധ വാക്സിൻ തയാറാക്കാനും ഇപ്പോൾ നടത്തിയതുപോലുള്ള മഞ്ഞുപാളി പരീക്ഷണം സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.

English Summary: Ancient Viruses Awaken as the Tibetan Plateau Melts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.