പതിനാലാം നൂറ്റാണ്ടിലെ വരള്‍ച്ചയെക്കുറിച്ച് പഠിച്ച് ഗവേഷകര്‍; കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനാകുമോ?

Extreme 14th Century Droughts May Provide Insight Into Our Climate Change Crisis
Image Credit: Galyna Andrushko/Shutterstock
SHARE

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനവും അതിലേക്ക് നയിച്ച ആഗോളതാപനിലയിലെ വർധനവും നേരിടാന്‍ ഏതു വിധത്തിലുള്ള സാധ്യതകളും ആരായുകയാണ് ശാസ്ത്രലോകം. ഈ ശ്രമത്തിന്‍റെ ഭാഗമായി തന്നെയാണ് മധ്യകാലത്ത് സംഭവിച്ച ഒരു വലിയ വരള്‍ച്ചയെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തുന്നത്.. 1302 മുതല്‍ 1307 വരെയുള്ള ആ കാലഘട്ടത്തില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഉടനീളം വന്‍തോതിലുള്ള താപനിലാ വർധനവും വരള്‍ച്ചയും ഉണ്ടായെന്നാണ് ചരിത്രരേഖകളും, ട്രീ റിങ്സ് ഉള്‍പ്പടെയുള്ള തെളിവുകളും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം മനുഷ്യനിർമിതമാണെങ്കിലും മധ്യകാലഘട്ടത്തിലെ വരള്‍ച്ചയും അതിനു ശേഷമുള്ള ചെറു ഹിമയുഗത്തിന് സമാനമായ സ്ഥിതിയും പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങള്‍ മൂലം ഉണ്ടായതാണ്. പക്ഷേ അക്കാലത്തുണ്ടായ മാറ്റങ്ങള്‍ ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിനു സമാനമായിരുന്നു. അതുകൊണ്ട് തന്നെയാണ് അക്കാലത്തെക്കുറിച്ചുള്ള വിശദമായ പഠനം ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ഏതെങ്കിലും വഴി തെളിച്ചേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

പതിനാലാം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം

ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെയാണ് യൂറോപ്പിനെ പ്രകൃതി ദുരന്തങ്ങള്‍ പതിനാലാം നൂറ്റാണ്ടില്‍ ആക്രമിച്ചത്. ഒരു വശത്ത് രൂക്ഷമായ കടലാക്രമണങ്ങള്‍ മറുവശത്ത് രൂക്ഷമായ വരള്‍ച്ചയും. സമാനമായ ഒരു സ്ഥിതി 2018 ലും പടിഞ്ഞാറന്‍ യൂറോപ്പിനെ ബാധിച്ചിരുന്നു. വടക്കന്‍ യൂറോപ്പില്‍ കൊടും തണുപ്പും, തെക്കന്‍ യൂറോപ്പില്‍ കൊടും വരള്‍ച്ചയും നേരിട്ട വര്‍ഷമായിരുന്നു 2018. ഈ സാമ്യതകള്‍ തന്നെയാണ്  മധ്യകാലഘട്ടത്തിലെ കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള പഠനം നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷ ഗവേഷകര്‍ക്കു നല്‍കുന്നതും.

ഈ രണ്ട് കാലഘട്ടത്തിലെയും പ്രകൃതി ക്ഷോഭങ്ങള്‍ തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യുമെന്നത് സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും ധാരണയില്ല. അതേസമയം അന്തരീക്ഷമര്‍ദത്തിലുണ്ടായ വ്യതിയാനമാണ് ഈ രണ്ട് കാലഘട്ടത്തിലും പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. 2018 ല്‍ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണമായത് കുറഞ്ഞ അന്തരീക്ഷ മര്‍ദമായിരുന്നു എങ്കില്‍ പതിനാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കുഴപ്പം സൃഷ്ടിച്ചത് മധ്യയൂറോപ്പിലുണ്ടായ ഉയര്‍ന്ന അന്തരീക്ഷ മര്‍ദമാണ്. 

പക്ഷേ ആശങ്ക ഉണ്ടാക്കുന്ന കാര്യം പതിനാലാം നൂറ്റാണ്ടിലെ കാലാവസ്ഥാ വ്യതിയാനം സ്വാഭാവികവും ഇപ്പോഴത്തേത് മനുഷ്യനിര്‍മിതവും ആണെന്നതാണ്.1310 മുതല്‍ യൂറോപ്പിലെ കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളാണുണ്ടായത്. പതിനാലാം നൂറ്റാണ്ടിലെ ആദ്യ ദശകത്തില്‍ കനത്ത ചൂടും തൊട്ടു പിന്നാലെ അതികഠിനമായ തണുപ്പുമാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ അക്കാലത്ത് വന്‍തോതിലുള്ള കൃഷിനാശത്തിനും അതുവഴി കൊടിയ പട്ടിണി മരണങ്ങളിലേക്കും കാരണമായിരുന്നു. 

കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനാകുമോ ?

നിലവിലെ കാലാവസ്ഥാ മാറ്റവും 7 നൂറ്റാണ്ട് മുന്‍പുള്ള കാലാവസ്ഥാ വ്യതിയാനവുമായി താരതമ്യപ്പെടുത്താനാകില്ല. എന്നാല്‍ ഗവേഷകര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സമാനമായ അവസ്ഥയില്‍ പതിനാലാം നൂറ്റാണ്ടിലുണ്ടായ കാലാവസ്ഥാ മാറ്റം എങ്ങനെ സ്വാഭാവികമായി പരിഹരിക്കപ്പെട്ടു എന്നതാണ്. ഇത്തരത്തില്‍ പ്രകൃതിയില്‍ സ്വാഭാവികമായി സംഭവിച്ച പരിഹാരത്തിനു പിന്നിലെ പ്രവര്‍ത്തനങ്ങളാണ് ഗവേഷകര്‍ മനസ്സിലാക്കാന്‍  ശ്രമിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ പ്രകൃതിയില്‍ നിന്ന് തന്നെ സ്വാഭാവികമായി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

English Summary: Extreme 14th Century Droughts May Provide Insight Into Our Climate Change Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS