ADVERTISEMENT

കലിഫോര്‍ണിയയിലെ ‘മരണത്താഴ്‌വര’ പേരു പോലെ തന്നെ ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖലകളില്‍ ഒന്നാണ്. ഭൂമിയില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് ഈ മരണത്താഴ്‌വരയിലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും വേനല്‍ക്കാലത്ത് മരണത്താഴ്‌വരയിലെ ഉയര്‍ന്ന താപനിലയെന്നത് ഭൂമിയിലെ തന്നെ വർധിക്കുന്ന താപനിലയുടെ അളവുകോലായിരുന്നു. എന്നാല്‍ ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില അളക്കുന്ന രീതി ഒന്ന് മാറ്റിയാല്‍, പക്ഷേ മരണത്താഴ്‌വരയുടെ ഈ പദവി നഷ്ടപ്പെടും. മരണത്താഴ്‌വരയേക്കാള്‍ ചൂട് അനുഭവപ്പെടുന്ന ഒരു ഭൂഭാഗം കൂടിയുണ്ട്. ഇറാനിലെ ലൂട് മരുഭൂമി ആണിത്. ഇതിന് തൊട്ടു പിന്നിലായും മരണത്താഴ്‌വരയ്ക്ക് മുന്നിലായും അമേരിക്കയിലെ തന്നെ സോനറന്‍ മരുഭൂമിയും ഇടം പിടിക്കും.

താപനിലയും പ്രതല താപവും

കലിഫോര്‍ണിയയിലെ മരണത്താഴ്‌വരയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 56.7 ഡിഗ്രി സെല്‍ഷ്യസാണ്. പൊതുവെ ലോകത്തെ എല്ലായിടത്തും താപനിലയെന്നാല്‍ കണക്കാക്കുന്നത് അന്തരീക്ഷ താപനിലയാണ്. ഇന്ത്യയിലെ ഏറ്റവും ചൂടുള്ള പ്രദേശമായി രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മാറുന്നതും കേരളത്തില്‍ ഏറ്റവുമധികം താപനില പാലക്കാട് ചിറ്റൂരില്‍ രേഖപ്പെടുത്തുന്നതുമെല്ലാം ഈ അന്തരീക്ഷ താപനില മാനദണ്ഡമാക്കിയാണ്. എന്നാല്‍ അന്തരീക്ഷ താപനിലയ്ക്ക് പകരം പ്രതല താപനില അടിസ്ഥാനമാക്കിയാല്‍ സ്ഥിതി വ്യത്യസ്തമാകും എന്നാണ് ലൂട്, സെനോറാന്‍ മരുഭൂമികളിലെ കണക്കുകള്‍ തെളിയിക്കുന്നത്. 

death-valley-is-famous-for-it-s-heat-but-there-are-two-deserts-even-hottest1
Image Credit: Charles T. Peden/Shutterstock

ഒരു പ്രദേശത്തെ ഭൂമിയുടെ മേല്‍ത്തട്ടിലെ താപനില അളക്കുന്നതാണ് പ്രതല താപനില. ഇതനുസരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ശരാശരി താപനില കണക്കാക്കിയാല്‍ ലൂട്, സെറോനാന്‍ എന്നിവിടങ്ങളില്‍ 80.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഭൂമിയുടെ ചൂട്. അതായത് കൊള്ളാവുന്ന ചെരുപ്പിട്ട് ചവിട്ടിയില്ലെങ്കില്‍ കാല്‍ പൊള്ളി പൊളിയുമെന്ന് ചുരുക്കം.സാറ്റ്‌ലെറ്റ് ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിലും ഒന്നാം സ്ഥാനം ലൂട്ട് മരുഭൂമിക്കു തന്നെയാണ്. ഇതിനു കാരണം ആ മേഖലയുടെ ഭൂപ്രകൃതി കൂടിയാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട്, താപവായു കൂടുങ്ങിക്കിടക്കുന്ന മേഖലയാണ് ലൂട് മരുഭൂമി. ഇതിന് പുറമെ ഈ മേഖല സ്ഥിതി ചെയ്യുന്നത് ലാവാപാളികളാല്‍ രൂപപ്പെട്ട കല്ലുകള്‍ക്ക് മുകളിലാണ്. ഈ രണ്ട് ഘടകങ്ങളാണ് ലൂട്ടിലെ പ്രതലതാപനില വളരെയധികം ഉയര്‍ത്തുന്നത്.

ലൂട്ട്

പല കാലഘട്ടങ്ങളിലായി കഴിഞ്ഞ ദശാബ്ദത്തില്‍ നടത്തിയ പഠനം അനുസരിച്ച് 2000ാം ആണ്ടിന് ശേഷം പലപ്പോഴായി ലൂട്ടിലെ താപനില 70.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാർഥത്തില്‍ വളരെ താഴ്ന്ന കണക്കായിരിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണക്കു കൂട്ടുന്നത്. പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ ലൂട്ട് മരുഭൂമിയിലെ പ്രതല താപനില അക്കാലത്ത് രേഖപ്പെടുത്തിയ കണക്കില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസെങ്കിലും ഉയര്‍ന്നതായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു,

സോനറന്‍  മരുഭൂമി

യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള മരുഭൂമിയാണ് സോനറന്‍. ഏറെക്കുറെ ലൂട്ടിലേതിനു സമാനമായ സ്ഥിതിയാണ് സോനറന്‍ മരുഭൂമിയിലുമുള്ളത്. ഈ മേഖലയിലെ ഉയര്‍ന്ന താപനില ലൂട്ടിനോളം സ്ഥിരതയുള്ള ഒന്നല്ല എങ്കിലും താപനില ഉയര്‍ന്നു നില്‍ക്കുന്ന അവസരങ്ങളില്‍ പലപ്പോഴും പ്രതല താപനില ലൂട്ട് മരുഭൂമിയോട് കിടപിടിക്കും. മഴ വളരെ കുറവ് ലഭിക്കുന്ന ഈ പ്രദേശത്തിന്‍റെ ഭൂനിരപ്പും ഏറെ താഴ്ന്നതാണ്. അതുകൊണ്ട് തന്നെ ഭൂമിക്ക് തണുക്കാനാവശ്യമായ കാറ്റ് വേനല്‍ക്കാലത്ത് ലഭിക്കാറില്ല എന്നതാണ് ഇവിടുത്തെ പ്രതല താപനില വർധിക്കുന്നതിന് കാരണം.

കാലാവസ്ഥാ വ്യതിയാനം എത്രത്തോളം ഈ പ്രദേശങ്ങളിലെ പ്രതല താപനിലയെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം 2015 ന് ശേഷം ഭൂമിയില്‍ പലയിടങ്ങളിലും വരള്‍ച്ചയും, പലയിടങ്ങളിലും കൊടുങ്കാറ്റിനും, വെള്ളപ്പൊക്കത്തിനും കാരണമായ ലാ നിനാ പ്രതിഭാസം നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഭൂമിയുടെ പ്രതല താപനിലയുമായാണ്. അതുകൊണ്ട് തന്നെ മറ്റ് പല മേഖലകളിലെയും പ്രതല താപനിലയെ സംബന്ധിച്ച് ആഴത്തിലുള്ള പഠനം ആവശ്യമായി വരികയാണ്. സ്വാഭാവികമായും സമുദ്രതാപനിലയും അന്തരീക്ഷ താപനിലയും സ്വാധീനിക്കപ്പെട്ടതു പോലെ വിവിധ മേഖലകളിലെ പ്രതല താപനിലയും ആഗോളതാപനത്താല്‍ വർധിച്ചിരിക്കാമെന്നു തന്നെയാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍.

English Summary: The Hottest Surface Temperature on Earth Is Not Actually in Death Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com