നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ മയിലുകൾ ധാരാളമായെത്തുന്നത് പതിവാണ്. കാടിറങ്ങിയെത്തുന്ന മയിലുകൾ പാടത്തും പറമ്പിലും എന്നു വേണ്ട കോൺക്രീറ്റ് വീടുകളുടെ ടെറസുകളിൽ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച ഇപ്പോൾ പലയിടത്തും കാണാം. ഇങ്ങനെ പീലി വിടർത്തിയാടുന്ന മയിലിന്റെ ദൃശ്യങ്ങൾ പലപ്പോഴും ആഘോഷങ്ങളാണ്. മയിലുകൾ ഇപ്പോൾ ഗ്രാമങ്ങൾക്ക് അപരിചിതമല്ലാതായി മാറി. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം. ഇണകളെ ആകർഷിക്കാനാണ് മയിലുകൾ പീലി വിടർത്തിയാടുന്നത്.
എന്നാൽ മയിലിന്റെ കാടിറക്കവും അപൂർവങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരൾച്ചയുടെയും മരുഭൂവൽക്കരണത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകനായ ആനന്ദ് പേക്കടം പറഞ്ഞു. കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലുമാണ് മയിലുകളുടെ താമസം. കുറ്റിക്കാടുകൾ ഇല്ലാതായതും പാറക്കെട്ടുകൾ ഖനനത്തിനായി ഇല്ലാതാവുന്നതും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് മയിലുകളുടെ കാടിറക്കത്തിന് കാരണമായി പറയുന്നത്.
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകളുടെ പലായനമെന്ന് ഗവേഷകർ പറയുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂർ ആര്യങ്കാവിലുമാണ് ചുരങ്ങൾ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയിൽ ഉദ്യാനമായ ചൂലന്നൂർ.

കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിൻചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനൽ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ആർദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകൾക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.
കാട്ടിൽ കുറ്റിക്കാടുകൾ കുറയുകയും നാട്ടിൽ ഇത് കൂടുകയും ചെയ്തത് കുറ്റിക്കാടുകളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന മയിലുകളെ നാട്ടിലെത്തിച്ചതിൽ പ്രധാന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. നാട്ടിലെത്തുന്ന മയിലുകൾ വാഹനങ്ങൾ ഇടിച്ചും അപകടങ്ങളിൽ പെട്ടും ഇല്ലാതാകുന്നത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. മയിലുകളെ ഇറച്ചിക്ക് വേണ്ടി വേട്ടയാടുന്നതും മുട്ടകൾ എടുക്കുന്നതുമെല്ലാം വ്യാപകമാണ്. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യം എല്ലാ ഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്.
English Summary: Peacocks are becoming more common in Kerala. And that’s not a good sign