ADVERTISEMENT

ചെളിമണ്ണും കള്ളിമുൾച്ചെടിയുടെ പൂവുകളും പച്ചിലകളും ചത്തുവീഴുന്ന വെട്ടുക്കിളികളും ഭക്ഷിച്ചാണ് ഒരു ജനത ഇപ്പോൾ തങ്ങളുടെ ജീവൻ നിലനിർത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലാണ് ഭീതിദമായ സ്ഥിതി വിശേഷം ഉടലെടുക്കുന്നത്. ലോകമനസ്സാക്ഷി ഇനിയും ഇങ്ങോട്ടേക്ക് എത്തി നോക്കിയില്ലെങ്കിൽ വലിയ മനുഷ്യദുരന്തമാണ് ഇവിടെ കാത്തിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം താക്കീതു നൽകുന്നു. നാലുലക്ഷം പേർ മുഴുപ്പട്ടിണിയിലും 11 ലക്ഷം പേർ അർധപട്ടിണിയിലും ഈ ദ്വീപരാഷ്ട്രത്തിൽ ചക്രശ്വാസം വലിക്കുകയാണ്.

തെക്കൻ മഡഗാസ്‌കറിൽ കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ച കടുത്ത വരൾച്ചയാണ്, ഈ കോവിഡ് കാലത്തിൽ കടുത്ത പരീക്ഷണത്തിലേക്കു മേഖലയിലെ ജനതയെ തള്ളിവിട്ടിരിക്കുന്നത്. ഒരു കാലത്തു പച്ചപ്പു നിറഞ്ഞു നിന്നപാടശേഖരങ്ങളും കൃഷിയിടങ്ങളും രൂപം മാറി ഇന്നു മണൽക്കാടുകളായി മാറി. മഴ ഇങ്ങോട്ടേക്ക് എത്തിനോക്കിയിട്ടു വർഷങ്ങളായി. ലോകത്തിനു മുഴുവൻ ഉത്തരവാദിത്വമുള്ള കാലാവസ്ഥാവ്യതിയാനമെന്ന പ്രതിസന്ധിയുടെ ഏറ്റവും തീവ്രമായ ശിക്ഷ അനുഭവിക്കുന്നത് ഈ ദ്വീപിലെ ജനങ്ങളാകും. ബെകിലി, അംപാനി, ബെറ്റിയോകി എന്നീ ജില്ലകളിലാണു വരൾച്ച ഏറ്റവും കടുപ്പം.

അപൂർവങ്ങളിൽ അത്യപൂർവങ്ങളായ സസ്യ-ജീവി വർഗങ്ങളും സീലക്കാന്ത് തുടങ്ങിയ ലിവിങ് ഫോസിൽ ഗണത്തിലെ അപൂർവ മത്സ്യങ്ങളും അധിവസിക്കുന്ന മഡഗാസ്‌കർ ലോകപരിസ്ഥിതി ഭൂപടത്തിന്റെ തിലകമാണ്. ജൈവവൈവിധ്യം മൂലം എട്ടാമത്തെ ഭൂഖണ്ഡമെന്നുപോലും പ്രതീകാത്മകമായി ദ്വീപ് വിശേഷിപ്പിക്കപ്പെടാറുണ്ട്.ആഫ്രിക്കയിലെ പലരാജ്യങ്ങളിലുമുള്ളതു പോലെ കലാപങ്ങളും ക്രൈം തോതും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപരാജ്യത്തിന്റെ സമൂഹത്തിൽ കുറവും. എന്നിട്ടും എന്താണു പറ്റിയത്? എന്താണീ ദുരവസ്ഥയുടെ കാരണം? നാലു വർഷമായി തുടരുന്ന വരൾച്ച, അതാണു മഡഗാസ്‌കറിനെ പടുകുഴിയിലേക്കു തള്ളിവിട്ടതെന്നു വിദഗ്ധർ പറയുന്നു. 

കൂടാതെ വെട്ടുക്കിളി ആക്രമണം കൂടി കടുത്തതോടെ ഭക്ഷ്യവിളകൾ പാടെ നശിച്ചു. ഒന്നും കഴിക്കാനില്ലാതെ പ്രതിസന്ധിയിലായി ജനത.മഡഗാസ്‌കറിൽ ദൗത്യത്തിലുള്ള യുഎൻ ഉദ്യോഗസ്ഥരുടെ വിവരണങ്ങൾ ശ്രദ്ധേയമാകുന്നുണ്ട്. ഭക്ഷണം കഴിക്കാനായി മണിക്കൂറുകളാത്രെ തെക്കൻ മഡഗാസ്‌കറിൽ ആളുകൾ സഞ്ചരിക്കുന്നത്. നഗരങ്ങളിൽ കടുത്ത ഭക്ഷണ ദൗർലഭ്യം ഉടലെടുത്തതോടെ ഗ്രാമങ്ങളിലും മറ്റുമെത്തിയാണ് പലരും ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നത്. പ്രിക്ക്‌ലി പിയർ തുടങ്ങിയ അവശേഷിക്കുന്ന പഴവർഗങ്ങൾ പെറുക്കാനായി ആളുകളുടെ കൂട്ടയോട്ടമാണ്. ഗ്രാമങ്ങളിൽ കപ്പക്കൃഷി നടത്തുന്ന കൃഷിക്കാരുടെ കൃഷിയിടങ്ങളും മറ്റും അങ്ങോട്ടേക്കെത്തുന്നവർ കയ്യേറുന്നു. ഇവയിലൊന്നും വിളകൾ അവശേഷിക്കുന്നില്ല. ഭക്ഷണത്തിനു പുറമേ ശുദ്ധജലം കൂടി കിട്ടാതായതോടെ ചെളിക്കുണ്ടിൽ നിന്നു വരെ ജലം ശേഖരിച്ചു ദാഹം മാറ്റുന്നവരുണ്ട്. 

ശരിയായ ഭക്ഷണം കിട്ടാതായതോടെ പലരും വളരെ അനാരോഗ്യമായ ഭക്ഷണരീതികളിലേക്കു തിരിഞ്ഞു. വന്യജീവിമാംസം, ചിതലുകൾ, ചാരത്തിൽ പുളി കലർത്തിയത്, ഫാക്ടറികളിൽ നിന്നു ബാക്കിയാവുന്ന ലെതർക്കഷണങ്ങൾ തുടങ്ങിയവയൊക്കെ തെക്കൻ മഡഗാസ്‌കറിൽ വ്യാപകമായി ഭക്ഷിക്കപ്പെടുന്നുണ്ടെന്നു യുഎൻ നിരീക്ഷകർ പറയുന്നു. പട്ടിണി കിടന്ന് എല്ലും തോലുമായ നിലയിലാണു സ്ത്രീകളും കുട്ടികളുമടങ്ങിയ മേഖലയിലെ ജനത. കുട്ടികളിൽ പോഷകാഹാരക്കുറവ് കടുത്ത തോതായ 16.5 ശതമാനത്തിലെത്തി.ഒരു നേരത്തെ ഭക്ഷണമാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്‌നമെന്നും മഡഗാസ്‌കറിലെ അവസ്ഥ ഏതു കഠിനഹൃദയന്റെയും കരളലിയിപ്പിക്കുന്നതാണെന്നും നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത സീസണിൽ 79 മില്യൺ ഡോളർ തെക്കൻ മഡഗാസ്‌കറിനെ പട്ടിണി മരണത്തിൽ നിന്നു രക്ഷിക്കാനായി തങ്ങൾക്കു വേണ്ടിവരുമെന്നു യുഎൻ കണക്കുകൂട്ടുന്നു. ഇതിനായി സഹായം നൽകാൻ ലോകജനതയോട് വേൾഡ് ഫുഡ് പ്രോഗ്രാം ആഹ്വാനം ചെയ്തിട്ടുണ്ട്.

വരൾച്ചയെ അതിജീവിക്കുന്ന വിളകൾ കൃഷിക്കായി പ്രോത്സാഹിപ്പിക്കാനും മഡഗാസ്‌കർ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഏതു വിളയാകും ഇത്ര കടുത്ത സാഹചര്യങ്ങളിൽ അഭികാമ്യമെന്നതിനെക്കുറിച്ചു ചർച്ചകൾ നടക്കുന്നുണ്ട്. പ്രാചീന കാലം മുതൽ ആഫ്രിക്കയിൽ കൃഷിചെയ്തിരുന്ന സോർഗം എന്ന അരിച്ചോളം കൃഷി ചെയ്യാവുന്നതാണെന്ന് ചില ഗവേഷകർ അഭിപ്രായമുയർത്തുന്നു. പട്ടിണിക്കൊപ്പം രോഗങ്ങളും മേഖലയെ ശക്തമായി ആക്രമിക്കുന്നു ബിൽഹർസിയ എന്ന വിരരോഗം, ഡയേറിയ, മലേറിയ, ശ്വാസകോശ വ്യാധികൾ തുടങ്ങിയവ ജനങ്ങളിൽ വ്യാപകമായി പടരുന്നുണ്ട്. ഒപ്പം കോവിഡ് നിയന്ത്രണങ്ങളും വ്യാവസായിക സ്തംഭനവും കൂടിയായതോടെ തെക്കൻ മഡഗാസ്‌കർ പ്രതിസന്ധിയുടെ പ്രളയത്തിലകപ്പെട്ടിരിക്കുകയാണ്.

English Summary: At least 1m people facing starvation as Madagascar’s drought worsens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com