ADVERTISEMENT

ഭൂമിയുടെ വടക്കേ അറ്റത്തുള്ള രാജ്യങ്ങളിലൊന്നായ ഫിന്‍ലൻഡിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജനവാസ മേഖലയാണ് ലാപ്‌ലാന്‍ഡ്. സാന്തായുടെ നാടെന്ന് വിളിയ്ക്കുന്ന ലാപ്‌ലാന്‍ഡ് പക്ഷേ മാറുകയാണ്. മഞ്ഞുമൂടിയ സാന്തയുടെ നാടെന്ന് സങ്കല്‍പത്തില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനം മൂലം ലാപ്‌ലാന്‍ഡ് 33 ഡിഗ്രിയിലധികം ചൂടേറ്റുവാങ്ങുന്ന പ്രദേശമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ശക്തിയേറിയ താപവാതത്തെ തുടര്‍ന്ന് കൊടും വരള്‍ച്ചയില്‍ കൂടി കടന്നു പോകുകയാണ് ലാപ്‌ലാന്‍ഡ് ഇപ്പോള്‍.

സാന്താക്ലോസിന്‍റെ നാടിന് പിന്നിലെ രഹസ്യം

ജൂലൈ 5 നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന ചൂട് ലാപ്‌ലാന്‍ഡില്‍ രേഖപ്പെടുത്തിയത്. ലാപ്‌ലാന്‍ഡ് മേഖലയിലെ കെവോ പ്രദേശത്തെ കാലാവസ്ഥാ കേന്ദ്രത്തിലാണ് 33.5 ഡിഗ്രി സെല്‍ഷ്യസ് താപനില ജൂലൈ 5 ന് രേഖപ്പെടുത്തിയത്.  ഇതിന് മുന്‍പ് 1914 ലാണ് സമാനമായ ഉയര്‍ന്ന അളവിലുള്ള താപനില ലാപ്‌ലാൻഡിൽ രേഖപ്പെടുത്തിയത്. 34.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്ന് രേഖപ്പെടുത്തിയ താപനില. ആര്‍ട്ടിക് സര്‍ക്കളിലേക്ക് കൂടി വ്യാപിച്ച് കിടക്കുന്ന ലാപ്‌ലാന്‌ഡിലെ ഈ കാലാവസ്ഥാ മാറ്റം തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്.

സാന്താക്ലോസിനെയും ഈ ഫിന്‍ലന്‍ഡ് മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കഥകള്‍ക്ക് തുടക്കമാകുന്നത് 1920 കളിലാണ്. ഫിന്‍ലന്‍ഡിലെ റേഡിയോ പ്രോഗ്രാമുകളിലൊന്നില്‍ ലാപ്‌ലാന്‍ഡിൽ നിന്ന് സാന്താക്ലോസിന്‍റെ വര്‍ക്ക് ഷോപ്പ് എന്ന് വിളിക്കുന്ന കെട്ടിടം കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചതോടെയാണ് സാന്തോക്ലോസിന്‍റെ വീട് എന്ന വിളിപ്പേര് ലഭിച്ചത്. ഈ പ്രഖ്യാപനത്തില്‍ കഴമ്പൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായെങ്കിലും ഒരു സുഖമുള്ള വിശ്വാസമായി ഈ കഥ പിന്നീടും തുടര്‍ന്നു.

24 മണിക്കൂറും സൂര്യപ്രകാശം

lapland-bakes-in-33c-heatwave-hottest-temperature-in-a-century1

എന്നാല്‍ കഥയിലും ചിത്രങ്ങളിലും വിശേഷിപ്പിക്കുന്നത് പോലെ എപ്പോഴും മഞ്ഞ് മൂടി കടക്കുന്ന മേഖലയല്ല ലാപ്‌ലാന്‍ഡ്. വേനല്‍ക്കാലത്ത് വലിയൊരു ഭാഗവും മഞ്ഞുരുകിയൊലിച്ച് പുല്‍മേടുകളായും ചെറിയ തടാകങ്ങളായും മാറുന്ന പ്രദേശമാണിത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അല്‍പം കൂടി രൂക്ഷമായിരിക്കുകയാണ്.  ആര്‍ട്ടിക്കിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ തന്നെ വേനല്‍ക്കാലത്ത് ദിവസത്തില്‍ 24 മണിക്കൂറും സൂര്യന്‍ തെളിഞ്ഞു നില്‍ക്കുന്ന മേഖല കൂടിയാണ് ലാപ്‌ലാന്‍ഡ്. താപനില വർധിക്കുന്ന സാഹചര്യത്തില്‍ ഈ മുഴവന്‍ സമയ സൂര്യന്‍റെ സാന്നിധ്യം വരള്‍ച്ചയും മറ്റ് അനുബന്ധ പ്രതിസന്ധികളും രൂക്ഷമാക്കുന്നു.

ജൂണ്‍ മുതല്‍ ഇതുവരെയുള്ള താപനില കണക്കാക്കിയാല്‍ ശരാശരിയിലും 10 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതാപനിലയാണെന്ന് ഗവേഷകര്‍ പറയുന്നു. ഫിന്‍ലന്‍ഡില്‍ മാത്രമല്ല യൂറോപ്പിന്‍റെ വടക്കേ അറ്റത്തുള്ള രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ എന്നിവടങ്ങളിലും സമാനമായ കാലാവസ്ഥാ മാറ്റമാണ് അറിയപ്പെടുന്നത്. ഈ മേഖലകളിലും താപനില വർധമനവിനൊപ്പം വരള്‍ച്ചയും ജലക്ഷാമവും അനുഭവപ്പെടുകയാണ്. സ്കാൻഡിനേവിയന്‍ എന്നു വിളിക്കുന്ന ഈ രാജ്യങ്ങളിലാകെ ഇത്തരം മാറ്റങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പങ്ക്

മാറുന്ന താപനിലയില്‍ വ്യക്തമാകുന്ന ഒരു മാതൃകയും ഗ്രേറ്റ ട്യുൻബർഗ് ഉള്‍പ്പടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുന്‍പ് മേഖലയിലെ ഏറ്റവും ചൂടേറിയ മാസം 2020 ജൂണായിരുന്നു. അതിനും മുന്‍പ് 2019 ജൂണും. ഈ സാഹചര്യത്തില്‍ വര്‍ഷം തോറും താപനില ക്രമാതാതീമായി വർധിക്കുന്നുവെന്ന വാദത്തിന് ശക്തിപകരുന്നതാണ് സ്കാൻഡിനേവിയന്‍ രാജ്യങ്ങളിലെ ഈ മാറ്റം. വടക്കന്‍ യൂറോപ്പിന് പുറമെ ആര്‍ട്ടിക്കുമായി അതിര്‍ത്തി പങ്കിടുന്ന സൈബീരിയ ഉള്‍പ്പടെയുള്ള മേഖലകളിലും സമാനമായ മാറ്റങ്ങള്‍ ദൃശ്യമാണ്. ഈ മേഖലയിലും ഇപ്പോള്‍ ശക്തമായ ചൂട് കാറ്റ് വീശിയതിന് തുടര്‍ന്ന് താപനിലാ വർധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആഗോളതാപനവുമായി ബന്ധപ്പെടുത്തിയുള്ള പ്രവചനങ്ങളില്‍ മുന്നേ ഇടം പിടിച്ചതാണ്. ഈ ശാസ്ത്രീയ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്ന കാര്യങ്ങളിയിരുന്നു ആര്‍ട്ടിക് മേഖലയിലെ താപവാതവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം. മനുഷ്യ നിർമിതമായ ഈ ആഗോളതാപനം മൂലം ആര്‍ട്ടിക്കിലും സമീപപ്രദേശങ്ങളിലും താപനിലാ വർധനവിന്‍റെ തോത് ഭൂമിയിലെ മറ്റിടങ്ങളേക്കാളും ഇരട്ടി വേഗത്തിലാണ്. ലോകകാലാവസ്ഥാ ചരിത്രത്തില്‍ തന്നെ നിര്‍ണായകമെന്ന് കരുതുന്ന 2015 ലെ കൊടും താപനിലാ വർധനവിന് ശേഷമാണ് ആര്‍ട്ടിക്കിലെ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ വന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിക്കില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരം അസാധാരണ മാറ്റങ്ങള്‍ നേരിയ തോതിലെങ്കിലും ദൃശ്യമാണെന്നും ഇവര്‍ പറയുന്നു. 

English Summary: Lapland Bakes In 33°C Heatwave, Hottest Temperature In A Century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com